

അധികബിൽ നൽകി വാട്ടര്‍ അതോറിറ്റികാരുടെ ക്രൂരത; കോട്ടയം കടുത്തുരുത്തിയിൽ കാഴ്ചയില്ലാത്ത നിര്‍ധന വയോധികനു 60000 രൂപയ്ക്ക് മുകളിൽ അധികബിൽ കൊടുത്ത് അധികൃതർ; തുക ഉടന്‍ അടയ്ക്കാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും
സ്വന്തം ലേഖകൻ
കടുത്തുരുത്തി: പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷന് കരാറിനെടുത്ത് പ്രവര്‍ത്തിപ്പിക്കുന്ന അംഗപരിമിതനായ നിര്‍ധന വയോധികനു വാട്ടര്‍ അഥോറിറ്റി വക ഇരുട്ടടി. കംഫര്‍ട്ട് സ്റ്റേഷനില്‍ ഉപയോഗിച്ച വെള്ളത്തിന്റേതെന്നപേരില് വയോധികനു വാട്ടര്‍ അഥോറിറ്റി നല്‍കിയത് 63,595 രൂപയുടെ അധികബില്‍. ബില്‍ തുക ഉടന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറിനാണ് കടുത്തുരുത്തി ഓഫീസില്‍നിന്നും ഇദ്ദേഹത്തിന് ബില്ല് ലഭിച്ചത്. നവംബര്‍ രണ്ടിനകം പണം അടയ്ക്കണമെന്നാണ് ബില്ലില്‍ അറിയിച്ചിരിക്കുന്നത്. കുന്നപ്പള്ളി മടത്തേട്ട് കോളനിയിലെ താമസക്കാരനായ അപ്പച്ചന് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന് കരാറിനെടുത്ത് പ്രവര്‍ത്തിപ്പിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രണ്ടു മാസത്തെ കുടിശികയായ 2400 രൂപയോളം താന്‍ അടയ്ക്കാനുണ്ടെന്നും ഇത് അടയ്ക്കാന്‍ തയാറാണെന്നും അധികബില്ലില്‍ പറഞ്ഞിരിക്കുന്ന തുക അടയ്ക്കാന്‍ തനിക്കു ശേഷിയില്ലെന്നും നിര്‍ധനനായ അപ്പച്ചന് പറയുന്നു. അംഗപരിമിതനായ അപ്പച്ചന് 80 ശതമാനം കാഴ്ചയില്ലാത്ത വ്യക്തിയുമാണ്.
10,000 രൂപ മുളക്കുളം പഞ്ചായത്തില്‍ സെക്യൂരിറ്റിയായി കെട്ടിവെച്ചാണ് പെരുവയിലെ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തിപ്പിക്കുവാന്‍ ഇദ്ദേഹം പഞ്ചായത്തുമായി കരാര്‍ വച്ചത്. രണ്ടുമാസം കൂടുമ്പോള്‍ വെള്ളക്കരം ഏകദേശം 1,200 രൂപയും വൈദ്യുതി ബില്‍ 450 രൂപയുമാണ് കംഫര്‍ട്ട് സ്റ്റേഷന് അടച്ചുകൊണ്ടിരിക്കുന്നതെന്ന് അപ്പച്ചന് പറയുന്നു.
അക്ഷയ വഴിയാണ് വെള്ളക്കരം അടച്ചിരുന്നത്. വെള്ളത്തിന് അധിക ബില്ലു വന്ന കാര്യം പഞ്ചായത്തില്‍ അറിയിച്ചിട്ടുണ്ടെന്നും അന്വേഷിച്ചു പറയാമെന്നാണ് പഞ്ചായത്തധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നും അപ്പച്ചന് പറഞ്ഞു.
കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷത്തോളം കഴിഞ്ഞാണ് ഇതിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞത്. വൈദ്യുതി, വെള്ളകണക്ഷനുകള് എടുക്കാന്‍ വൈകിയതാണ് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം വൈകാനിടയാക്കിയത്.
വിവാദങ്ങള്‍ക്കൊടുവില്‍ ഇരുകണക്ഷനുകളും എടുത്ത് കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും വാട്ടര്‍ കണക്ഷനു മീറ്റര്‍ സ്ഥാപിച്ചിരുന്നില്ല. ഏറേക്കാലം കഴിഞ്ഞാണ് പഞ്ചായത്ത് വാട്ടര്‍ കണക്ഷനു മീറ്റര്‍ സ്ഥാപിക്കുന്നത്. മുൻകാലത്തെ വെള്ളത്തിന്റെ തുകയാവാം ഇപ്പോള്‍ അധിക ബില്ലായെത്തിയതെന്നു കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]