കോഴിക്കോട്: സിനിമാ നിർമാതാവെന്ന നിലയിലും വ്യക്തിപരമായും പി.വി ഗംഗാധരനുമായി വളരെയേറെ അടുപ്പമുണ്ടായിരുന്നുവെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. അദ്ദേഹം നിർമിച്ച പല പടങ്ങളിലും താൻ ഗാനങ്ങളെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്ത് പ്രധാനപ്പെട്ട കാര്യം തന്റെ ജീവിതത്തിൽ നടന്നാലും വിളിക്കാതെതന്നെ വരുന്നയാളായിരുന്നു പി.വി.ഗംഗാധരനെന്ന് കൈതപ്രം ഓർമിച്ചു. പിവിജി എന്നായിരുന്നില്ല, ഗംഗേട്ടൻ എന്നാണ് വിളിച്ചിരുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു. ഈയിടെ കണ്ടപ്പോഴും വല്ലാത്ത ആരോഗ്യപ്രശ്നമുണ്ടെന്ന് തോന്നിയിരുന്നില്ല. കുറച്ച് മെലിഞ്ഞിരുന്നു. അന്ന് തന്നേക്കാൾ കരുത്തോടെയാണ് നടക്കുകയൊക്കെ ചെയ്തതെന്നും കൈതപ്രം പറഞ്ഞു.
അപ്രതീക്ഷിതമായ വിയോഗം കലാകേരളത്തിനും മാതൃഭൂമിക്കും തന്നെപ്പോലുള്ള കലാ ആരാധകർക്കും വലിയ നഷ്ടമാണ്. ആ നഷ്ടത്തിൽ താനും ദുഃഖിക്കുന്നുവെന്നും കൈതപ്രം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു പി.വി. ഗംഗാധരന്റെ അന്ത്യം. പൊതുദർശനം കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ ഇന്ന് വൈകിട്ട് മൂന്ന് മുതൽ നടക്കും. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.
പി വി ഗംഗാധരന്റെ നിര്യാണത്തിൽ ഗോകുലം ഗോപാലൻ അനുശോചിച്ചു
നഷ്ടമായത് പ്രിയ സഹോദരനെ ആണെന്ന് ഗോകുലം ഗോപാലൻ. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് തോന്നിപ്പോകുന്ന നിമിഷമാണിത്. സഹോദരതുല്യമായ സ്നേഹമായിരുന്നു എന്നും ഉണ്ടായിരുന്നത്. തന്റെ പിറന്നാൾ ആഘോഷത്തിന് പി വി ഗംഗാധരൻ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുക്കാതെ എത്തിയത് ഏറെ വികാരപരമായാണ് ഇപ്പോൾ ഓർക്കുന്നത്. ചലച്ചിത്ര – മാധ്യമ – വ്യവസായ രംഗത്തെ പ്രമുഖനായിട്ടും എല്ലാ തലത്തിൽ പെട്ടവരോടും സൗഹൃദം കാത്തുസൂക്ഷിച്ചു. പി വി ജി എന്ന മൂന്നക്ഷരം സ്നേഹമെന്ന മൂന്നക്ഷരത്തിന്റെ പര്യായപദമാണെന്ന് തനിക്കുറപ്പിച്ചു പറയാൻ കഴിയുമെന്നും ഗോകുലം ഗോപാലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Content Highlights: pv gangadharan, pv gangadharan passed away, kaithapram damodaran namboothiri about pv gangadharan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]