
കൽപ്പറ്റ: മാവോയിസ്റ്റ് ആക്രമണ ഭീതി ശക്തമായതിനെ തുടർന്ന് കേരളത്തിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള വയനാട് ജില്ലയിലെ 5 പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷയാണ് വർധിപ്പിച്ചത്. വയനാട് ജില്ലയിലെ തിരുനെല്ലി, തലപ്പുഴ, തൊണ്ടർനാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷ വർധിപ്പിച്ചത്.
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഭീഷണി ശക്തമായ സാഹചര്യത്തിൽ മേഖലയിലെ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. മലയോരമേഖലയിലും തോട്ടങ്ങളിലും തണ്ടർബോൾട്ടിന്റെ പരിശോധനയാണ് കൂട്ടിയത്.ഡ്രോൺ, ഹെലികോപ്റ്റർ ഉപയോഗിച്ച് മാവോയിസ്റ്റുകൾക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം വയനാട് കമ്പമലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരമായതോടെ നേരത്തെ തന്നെ വൻ നിരീക്ഷണമാണ് പൊലീസ് നടത്തിവന്നത്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചിരുന്നു. തമിഴ്നാട്, കർണാടക എന്നിവരുമായി ജോയിന്റ് ഓപ്പറേഷനും ആലോചനയിലുണ്ട്. ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്റ്റുകളെത്തിയത്. ആദ്യം വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത് മടങ്ങിയ സംഘം രണ്ട് ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകൾ സന്ദർശിച്ച് മടങ്ങുകയും ചെയ്തു. ഏറ്റവുമൊടുവിൽ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു. മാവോയിസ്റ്റുകൾ പതിവായി എത്തി അക്രമം നടത്തുന്നതിന്റെ ആശങ്കയിൽ കമ്പമല നിവാസികൾ. കെ എഫ് ഡി സി തോട്ടത്തിൽ ജോലിക്ക് ഇറങ്ങാൻ പോലും ഇപ്പോൾ ഭയമാണെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പലരും പണിക്ക് പോകാനും മടിക്കുന്ന സ്ഥിതിയുമുണ്ട്. തലപ്പുഴ മേഖലയിൽ തണ്ടർബോൾട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി വനമേഖലയിലടക്കം തെരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുവീണാൽ എവിടെയും എപ്പോഴും സായുധ മാവോയിസ്റ്റുകൾ എത്തുമെന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
Last Updated Oct 15, 2023, 1:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]