കളമശേരി> കിൻഫ്രയിൽ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച പശ്ചിമബംഗാൾ സ്വദേശികളായ നാലുപേരുടെയും മൃതദേഹം ഞായറാഴ്ച വിമാനമാർഗം സ്വദേശത്തേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടം ശനി പകൽ രണ്ടോടെ പൂർത്തിയായി.
എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഞായർ രാവിലെമുതൽ ഇൻഡിഗോയുടെ വിവിധ വിമാനങ്ങളിൽ കൊണ്ടുപോകും. പുലർച്ചെ 5.10ന് ആദ്യവിമാനത്തിൽ ഫൈജുലിന്റെയും 7.50ന് കുദൂസ്, നോർജൂസ് അലി എന്നിവരുടെയും 9.30ന് നൂർ അമീന്റെയും മൃതദേഹങ്ങൾ കൊൽക്കത്തയിലേക്ക് അയക്കും.
നൂർ അമീൻ മണ്ഡലിന്റെ മൃതദേഹത്തിനൊപ്പം അച്ഛൻ ഹബീലും മറ്റൊരു തൊഴിലാളിയും പോകും. മറ്റു മൃതദേഹങ്ങളെ ഓരോ സഹപ്രവർത്തകർ അനുഗമിക്കും.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ചുമതലയുള്ള ജില്ലാ ലേബർ ഓഫീസർ വി കെ നവാസ്, റീജണൽ ജോയിന്റ് ലേബർ കമീഷണർ ഡി സുരേഷ് കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ, ജി കൃഷ്ണപ്രസാദ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എച്ച്ആർ മാനേജർ പി സി രജിത്തിന്റെ നേതൃത്വത്തിൽ നെസ്റ്റ് കമ്പനി ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടം നടപടികൾക്കും മറ്റ് സഹായങ്ങൾക്കുമായി മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
തൊഴിലാളികൾ അടുത്തിടെ എത്തിയവരായതുകൊണ്ട് രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. അതിനാൽ അതിഥിത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തൊഴിൽമന്ത്രി വി ശിവൻകുട്ടിക്കുവേണ്ടി റീജണൽ ജോയിന്റ് ലേബർ കമീഷണർ ഡി സുരേഷ് കുമാർ അന്ത്യോപചാരം അർപ്പിച്ചു. ഇലക്ട്രോണിക് സിറ്റി കെട്ടിടത്തിന്റെ അടിത്തറയ്ക്ക് കുഴിയെടുക്കുന്നതിനിടെ വെള്ളി പകൽ 2.30ന് മണ്ണിടിഞ്ഞ് ആറുപേരാണ് അപകടത്തിൽപ്പെട്ടത്.
മോനി മണ്ഡൽ, ജിയാറുൾ മണ്ഡൽ എന്നിവരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവർ ഉൾപ്പെടെ 25 പേരാണ് 15 ദിവസംമുമ്പ് പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ശ്രീകൃഷ്ണപുരിൽനിന്ന് കളമശേരിയിൽ എത്തിയത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]