
കൊച്ചി> കോവിഡ് കാരണം മുടങ്ങിപ്പോയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുന്നു. 2020 ഡിസംബറിൽ നടത്താനിരുന്ന അഞ്ചാംപതിപ്പ് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഉപേക്ഷിച്ചത്. 2022 ഡിസംബറിലാണ് പശ്ചിമകൊച്ചിയിലും എറണാകുളത്തുമായി ബിനാലെ വേദികൾ തുറക്കുക. കഴിഞ്ഞദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കോവിഡ്കാല പ്രതിസന്ധികൾക്കിടയിലും ബിനാലെയ്ക്ക് ഏഴുകോടി രൂപ അനുവദിച്ചത് വലിയ പ്രോത്സാഹനമായെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
രണ്ടുവർഷംമുമ്പ് അഞ്ചാംപതിപ്പിന് തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോഴാണ് കോവിഡ് രൂക്ഷമായത്. പ്രദർശനം തുടങ്ങാൻ രണ്ടുമാസം ബാക്കിനിൽക്കെയാണ് ഉപേക്ഷിച്ചത്. 2021 നവംബറിൽ നടത്താൻ ആലോചിച്ചെങ്കിലും അതും ഉപേക്ഷിച്ചു. വരുന്ന ഡിസംബറിൽ അഞ്ചാംപതിപ്പ് നടത്താൻ തടസ്സമൊന്നുമില്ലെന്ന് ബോസ് പറഞ്ഞു. തയ്യാറെടുപ്പുകൾ ഏറെക്കുറെ പൂർത്തിയായി. ചിത്രകാരിയും എഴുത്തുകാരിയുമായ ഷുഭഗി റാവുവാണ് ക്യുറേറ്റർ. മുപ്പത്തഞ്ചോളം രാജ്യങ്ങളിൽ ബിനാലെകൾ ഉൾപ്പെടെ കലാപ്രദർശനങ്ങൾ സന്ദർശിച്ച് അവർ കൊച്ചി ബിനാലെ രൂപകൽപ്പന ചെയ്തുകഴിഞ്ഞു. ഗ്യാലറികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ഇക്കാലത്തിനിടെ കലാലോകത്തുണ്ടായ ചലനങ്ങളുടെയെല്ലാം പ്രതിഫലനം കൊച്ചി ബിനാലെയിൽ ഉണ്ടാകുമെന്നും ബോസ് പറഞ്ഞു.
സാമ്പത്തികപ്രതിസന്ധി ഏറ്റവും രൂക്ഷമായ കാലമാണ്. അഞ്ചാംപതിപ്പിന് സംസ്ഥാന സർക്കാർ ഏഴുകോടി രൂപ അനുവദിച്ചത് വലിയ കാര്യമാണ്. 10–-15 കോടി രൂപ ചെലവുവരുമെങ്കിലും പ്രതിസന്ധികളുടെ കാലത്ത് സർക്കാരിന് അനുവദിക്കാവുന്ന വലിയ തുകയാണിത്. ബിനാലെയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനാലാണത്. എല്ലാ ക്ലേശത്തിനിടയിലും ബിനാലെയെ സഹായിക്കാൻ തയ്യാറായ സംസ്ഥാന സർക്കാരിന് എത്ര നന്ദിപറഞ്ഞാലും അധികമാകില്ലെന്നും ബോസ് പറഞ്ഞു.
കോവിഡ്കാലത്ത് ബിനാലെ മുടങ്ങിയെങ്കിലും ആലപ്പുഴയിൽ ‘ലോകമേ തറവാട്’ എന്ന പേരിൽ ഫൗണ്ടേഷൻ കലാപ്രദർശനം സംഘടിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം കലാകാരന്മാർ പങ്കെടുത്ത പ്രദർശനം 2021 നവംബറിലാണ് തുടങ്ങിയത്. ഏഴ് വേദികളിലായി ഈവർഷം ജനുവരിവരെ നീണ്ടു. പന്ത്രണ്ടായിരത്തിലേറെപ്പേർ പ്രദർശനം കാണാനെത്തി. ആറുകോടിയോളം രൂപയുടെ കലാസൃഷ്ടികൾ വിറ്റു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]