
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ- മുട്ടം തുടങ്ങനാട്ട് 20 കോടി ചെലവിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കിൻഫ്ര സ്പൈസസ് പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിശിഷ്ടാതിഥിയായി. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്പൈസസ് പാർക്ക് ഒരുക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 15 ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ടമായി നിർമിച്ചിരിക്കുന്ന സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനമാണ് നടന്നത്. ശേഷിക്കുന്ന 21 ഏക്കർ സ്ഥലത്ത് നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ സംരംഭകർക്ക് അനുവദിച്ചു കഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികൾക്ക് 30 വർഷത്തേക്ക് നൽകുന്നത്.
ഡോക്യുമെന്റേഷൻ സെന്റർ, കോൺഫറൻസ് ഹാൾ, അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, മാർക്കറ്റിംഗ് സൗകര്യം, കാന്റീൻ, ഫസ്റ്റ് എയ്ഡ് സെന്റർ, ക്രഷ് എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങൾ, എ.ടി.എം കൗണ്ടർ എന്നിവ പാർക്കിൽ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകൾ, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകൾ, ചുറ്റുമതിൽ, ശുദ്ധജല വിതരണ ക്രമീകരണങ്ങൾ, വൈദ്യുതി വിതരണ സംവിധാനങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, മാലിന്യ നിർമാർജന പ്ലാന്റ്, മഴവെള്ള സംഭരണികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
എം.എൽ.എമാരായ എം.എം. മണി, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കലക്ടർ ഷീബ ജോർജ്, ഉദ്യോഗസ്ഥ പ്രമുഖർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.