നിർമാതാവ് എന്നതിലുപരി ഗംഗേട്ടൻ എന്ന് താൻ വിളിക്കുന്ന ചേട്ടൻ തന്നെയായിരുന്നു പി.വി. ഗംഗാധരനെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ചിന്തകളിൽപ്പോലും വ്യത്യാസമില്ലാതിരുന്ന രണ്ടാളുകളായിരുന്നു തങ്ങൾ ഇരുവരുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
ഒരു നിർമാതാവ് എന്ന നിലയ്ക്ക് തന്നെ ഏറ്റവുമധികം വിശ്വസിച്ചിരുന്ന, വിശ്വസിച്ചിട്ടുള്ളയാളായിരുന്നു പി.വി. ഗംഗാധരനെന്ന് സത്യൻ അന്തിക്കാട് അനുസ്മരിച്ചു. ഒരാശയം പറഞ്ഞാൽ സിനിമ മാത്രമേ അദ്ദേഹം പിന്നെ മനസിൽ കാണൂ. അതുകൊണ്ടാണ് വീണ്ടും ചില വീട്ടുകാര്യങ്ങളും അച്ചുവിന്റെ അമ്മയും കൊച്ചു കൊച്ചു സന്തോഷങ്ങളും എന്നും നന്മകളുമെല്ലാം അദ്ദേഹത്തിനുവേണ്ടി ചെയ്യാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും സിമ്പിളായ, ലാളിത്യം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു മനുഷ്യന് എത്രത്തോളം വിനയാന്വിതനാവാം, എളിയവനാവാം എന്ന് നമ്മളെ പഠിപ്പിക്കുന്ന ഒരാളാണ് പി.വി. ഗംഗാധരൻ. മനസിൽ അഹങ്കാരത്തിന്റെ ചെറുകണികയെങ്കിലും ഉണ്ടെങ്കിൽ ഗംഗേട്ടനെ കണ്ടാൽ മതി മാഞ്ഞുപോവാൻ. ഇന്നുവരെ ഒരാളെക്കുറിച്ചുപോലും കുറ്റം പറയുകയോ പരദൂഷണം പറയുകയോ ചെയ്തിട്ടില്ല. നിറഞ്ഞ സ്നേഹനിലാവ് എന്ന് പറയാം ഗംഗേട്ടനെ.
ഗംഗേട്ടൻ പോവുന്നു എന്നുപറഞ്ഞാൽ, മലയാളസിനിമയിലെ നമ്മുടെ ആത്മാവിനോടു ചേർന്നുനിൽക്കുന്ന ഒരു വ്യക്തി നഷ്ടപ്പെടുകയാണ്. നമ്മുടെ തന്നെ ഒരു ഭാഗമില്ലാതാവുകയാണ്. നമുക്കെന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ വിളിച്ചുപറയാൻ, എന്തെങ്കിലും പുതിയ തമാശ തോന്നിയാൽ പങ്കുവെയ്ക്കാൻ, ഒരു നല്ല സിനിമ കണ്ടാൽ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ, വ്യക്തിപരമായ കാര്യങ്ങൾ പറയാനുള്ള ഒരാളാണ് ഇല്ലാതാവുന്നത്. അതൊരു വലിയ ശൂന്യതയാണ്. ആ ശൂന്യത അങ്ങനെതന്നെ അവശേഷിപ്പിച്ചിട്ടാണ് ഗംഗേട്ടൻ പോവുന്നത്. സത്യൻ അന്തിക്കാട് അനുസ്മരിച്ചു.
Content Highlights: pv gangadharan passed away, director sathyan anthikadu about pv gangadharan
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]