
തിരുവനന്തപുരം
വർഗീയശക്തികളെ കൂട്ടുപിടിച്ച് കേരളത്തെ കലാപഭൂമിയാക്കി ഇടതുപക്ഷത്തെ ദുർബലമാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രതിപക്ഷനീക്കം ജനം പരാജയപ്പെടുത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇ എം എസ് ദിനത്തിൽ നിയമസഭയ്ക്കു മുന്നിലെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കുശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കോടിയേരി.
ഇ എം എസിന്റെ ജനകീയ വികസന നയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രണ്ടാം പിണറായി സർക്കാർ നവകേരളം കെട്ടിപ്പടുക്കുന്നത്. സാമൂഹ്യസുരക്ഷയിലും അടിസ്ഥാനസൗകര്യ വികസനത്തിലും കേരളം കുതിച്ചുചാട്ടത്തിന് ഒരുങ്ങുമ്പോൾ പ്രതിപക്ഷത്തിന് സഹിക്കുന്നില്ല. വികസന പദ്ധതികളെ എതിർക്കുന്ന ഇങ്ങനെയൊരു പ്രതിപക്ഷം ഒരിക്കൽപോലും ഉണ്ടായിട്ടില്ല. കെ–- റെയിലിന്റെ സർവേയ്ക്ക് കല്ലിടുമ്പോൾ വാരിക്കൊണ്ടുപോയാൽ പദ്ധതി തകർക്കാനാകില്ല. പ്രതിപക്ഷത്തിന് കല്ല് വേണേൽ വേറെ വാങ്ങിത്തരാമെന്നും കോടിയേരി പരിഹസിച്ചു.
പ്രാദേശിക കക്ഷികളുടെ ഐക്യം രൂപപ്പെടുത്തി ബിജെപിക്കു ബദലാകാൻ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനു കഴിയും. ഇതിന് കേരളത്തിലെ എൽഡിഎഫ് സർക്കാർ വഴികാട്ടിയാകും. നവകേരളം സൃഷ്ടിക്കുന്ന എൽഡിഎഫിനെ ജനം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് സെമിനാർ പറ്റില്ല; ബിജെപിക്കൊപ്പം സമരമാകാം
സിപിഐ എം പാർടി കോൺഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന നിർദേശം ഇരട്ടത്താപ്പാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയോടൊപ്പം സമരം നടത്താൻ കോൺഗ്രസിനു തടസ്സമില്ല. അവർ തമ്മിലുള്ള യോജിപ്പിന്റെ ഭാഗമാണത്. സിപിഐ എം വിരുദ്ധമുന്നണി രൂപീകരിക്കലാണ് അവരുടെ ലക്ഷ്യം. കോൺഗ്രസ് വിളിച്ചാൽ ഞങ്ങൾ പോകാറുണ്ടെന്നും കോടിയേരി പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]