
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അതൊരു കാഞ്ഞുനിന്ന മഴയായിരുന്നു
നനഞ്ഞുതുടങ്ങിയാല്
പനിക്കുമെന്ന് ഉറപ്പായിരുന്നു
എന്നിട്ടും
നനയാതിരിക്കാനായില്ല
ഇരുണ്ടുമൂടിയ മാനം
ആത്മാവില്‍ മഴയായിറ്റുന്ന
വേനലിലേക്ക്
ആലിപ്പഴങ്ങളാണാദ്യം
ഇറുന്നു വീണത്
പെറുക്കിക്കൂട്ടിവച്ചവ
ഉരുകിയൊഴുകിയപ്പോള്
മോഹവള്ളത്തില്
സ്വപ്നം തുഴഞ്ഞു തുടങ്ങി
ഒരായുസ്സിന്റെ ദാഹത്തിലേക്ക്
ചാറ്റലായി പൊഴിഞ്ഞപ്പോള്‍
പുതുമഴയില്‍ മണ്ണ് കുളിര്‍ന്ന
മണം പടര്‍ന്നു
കണ്ണുകളടച്ച്
ആകാശത്തിന്
സ്വയം സമര്‍പ്പിച്ചപ്പോള്‍
ഒഴുകിയിറങ്ങിയത് ജീവനിലാണ്
നനഞ്ഞൊട്ടിയ
ഉടയാടകളില്‍
മോഹം ജ്വലിച്ചു
അലിഞ്ഞുചേര്‍ന്ന്
മതിയാവാതെ വന്നപ്പോള്‍
ഓരോന്നായി അഴിച്ചുമാറ്റി
താളവും ലയവും ശ്രുതിയും
ഒന്നിനൊന്നു ചേര്‍ന്ന്
നഗ്നതയിലാറാടി
അലിഞ്ഞൊന്നായപ്പോള്
എന്നും മഴയായിരുന്നെങ്കില്‍
എന്ന് കൊതിച്ചു
വറുതിയെന്ന്
ഓര്‍ക്കാന്‍ പോലും ഭയന്നു .
അപ്പോഴേക്കും
ഉയിരിലാകെ പനി പടര്‍ന്നിരുന്നു.
മരണത്തിന് മാത്രം
സുഖപ്പെടുത്താന്‍ കഴിയുന്ന
ഒരു കുളിരില്‍
പ്രാണന് പിടഞ്ഞുതുടങ്ങിയിരുന്നു.
വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]