ഖല്ബില് തേനൊഴുക്കുന്ന കോഴിക്കോടന്‍ പാട്ടുമായി അലുവാ മനസ്സുള്ള ‘കോയിക്കോടി’നെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരണ്മയി. വേറിട്ടൊരു ശബ്ദവുമായി വന്ന് മലയാള പിന്നണിഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അഭയ സംഗീതലോകത്ത് ഹിരണ്മയം എന്ന ബാന്‍ഡുമായി സംഗീതത്തിന്റെ പുതുവഴികളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞു.
മോഡലിങ്ങും ഹിരണ്മയ എന്ന സാരി ബ്രാന്‍ഡും അഭിനയവും പട്ടിക്കുട്ടികളുമായി ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ തിരക്കിലാണ് അഭയ. സ്വന്തം നിലപാടുകളിലൂടെയും സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ സംഗീതത്തിന് പുറമേയുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
അഭയയെ കാണുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് മനസ്സു തുറന്നുള്ള, ആത്മാര്‍ഥമായ ചിരിയാണ്. എന്താണ് ഈ ചിരിയുടെ പിന്നിലെ രഹസ്യം? മനസ്സ് നന്നായിരിക്കുക എന്നുള്ളതാണ് എന്ന് തോന്നുന്നു.
കാരണം ഫേക്കായി പെരുമാറാന്‍ ശ്രമിക്കാറില്ല. പറ്റാറില്ല അതാണ്.
ഇന്‍ഡസ്ട്രിയില്‍ ആവശ്യം അതാണെന്ന് തോന്നാറുണ്ട്. പക്ഷേ, എന്നെക്കൊണ്ട് പറ്റാറില്ല.
ആരോടാണെങ്കിലും എപ്പോഴാണെങ്കിലും മനസ്സ് നിറഞ്ഞ് ചിരിക്കാനേ ശ്രമിക്കാറുള്ളൂ. മനസ്സില്‍ നിന്ന് വരുന്ന ചിരിയാണ്.
സംഗീതപാരമ്പര്യമുള്ള ഒരു കുടുംബമാണല്ലോ അഭയയുടേത്. അമ്മ സംഗീതകാരിയാണ്.
അച്ഛന്റെ കുടുംബവും സംഗീതകാരന്മാരുടേതാണ്. പക്ഷേ അഭയ സംഗീതലോകത്തേക്കെത്താന് വൈകിയതായി തോന്നുന്നുണ്ടോ? എനിക്ക് ടൈംപിരീഡില് വലിയ വിശ്വാസമൊന്നുമില്ല.
കാരണം എപ്പോഴാണ് നമ്മുടെ കാളിങ് എന്നുള്ളത് നമുക്കറിയില്ല. ഓരോ വ്യക്തിക്കും കോളിങ് അവരുടേതായ സമയത്തായിരക്കും.
അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം കുടുംബവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ എന്റേത് അല്പം വൈകിയിട്ടുണ്ട്. ഞാന്‍ താമസിച്ചിട്ടാണ് പാട്ടുതുടങ്ങുന്നത്.
പാട്ടുപാടാന്‍ തുടങ്ങുന്നതല്ല. അതൊക്കെ വളരെ കുഞ്ഞിലെ ഞാന്‍ ചെയ്യുന്നുണ്ട്.
പാട്ടുപാടുന്നതും ആസ്വദിക്കുന്നതുമെല്ലാം കേള്‍ക്കുന്നതുമെല്ലാം വളരെ ചെറുപ്പത്തിലേ ചെയ്യുന്നുണ്ട്. പക്ഷേ അത് ആളുകള്‍ അറിയുന്നത് കുറച്ച് വൈകിയാണ്.
മുത്തശ്ശിയായിരുന്നു സ്വരങ്ങളൊക്കെ പാടി പഠിപ്പിച്ചുതുടങ്ങിയത്? അമ്മയുടെ അമ്മ കമല ശിവരാമ ശാസ്ത്രികള്‍ അവര്‍ പഴയ ഹരികഥാ പാട്ടുകാരിയായിരുന്നു. അമ്മൂമ്മയാണ് അമ്മയെ പഠിപ്പിക്കുന്നത്, എന്നെക്കൊണ്ട് സംഗീതം തുടങ്ങിവെക്കുന്നത്.
അമ്മൂമ്മയ്ക്ക് ഭയങ്കര ആഗ്രഹമായിരുന്നു ഞാന്‍ പാടണം എന്നുള്ളത്. പക്ഷേ, അന്നൊന്നും ഇതൊരു ഉപജീവനമാര്‍ഗം ആക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.
അത് രക്ഷിതാക്കള്‍ക്ക് താല്പര്യം ഉണ്ടായിരുന്നുമില്ല. പിന്നെ ജീവിത സാഹചര്യം കൊണ്ട് ഞാന്‍ പാട്ടെടുക്കുകയാണ് ചെയ്തത്.
കുട്ടിക്കാലത്ത് സ്കൂളിലും മറ്റും മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ലേ? ഉവ്വ്, പങ്കെടുത്തിട്ടുണ്ട്. കവിതാപാരായണത്തിന് സ്കൂളില്‍നിന്ന് പോയിട്ടുണ്ട്, ലളിതഗാനത്തിന്.
സ്കൂളില്‍ പ്രാര്‍ഥന ഞാനും കൂട്ടുകാരുമാണ് പാടിയിരുന്നത്. പാട്ട് മാറ്റിനിര്‍ത്തിയിട്ടൊന്നുമില്ല.
കാരണം ജീനിലുള്ള കാര്യമല്ലേ. അന്നും വ്യത്യസ്തമായ ഒരു ശബ്ദമാണല്ലോ.
അപ്പോള്‍ അത് അമ്മ പറയും ഈ ശബ്ദം വെച്ചിട്ട് എങ്ങനെ പാടും എന്ന്. കാരണം ചിത്രാമ്മയുടെ ശബ്ദം കേട്ട് ശീലിച്ചവരല്ലേ..വ്യത്യസ്തമായ ശബ്ദം അംഗീകരിക്കുന്ന ഒരു സമൂഹമായിരുന്നില്ല അത്.
പിന്നെ കാലഘട്ടം മാറി. വ്യത്യസ്തമായ ശബ്ദങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങി.
കാലഘട്ടവും എനിക്ക് കൂടെ നിന്നു എന്നുള്ളതാണ്. ആത്മവിശ്വാസത്തോടെ പാടാന്‍ കഴിയുമെന്ന രീതിയില്‍ അഭയ അഭയയെ തിരിച്ചറിയുന്നത് എന്നാണ്? പണ്ടുതൊട്ടേ പാടാന്‍ എനിക്കിഷ്ടമാണ്.
ഒരു മെയിന്‍സ്ട്രീമിലേക്ക് പാടിത്തുടങ്ങുന്നത് ഗോപിയില്നിന്നുള്ള ഇന്‍ഫ്ളുവന്‍സ് കാരണമമാണ്. നിനക്ക് പാടാന്‍ പറ്റും ശ്രമിച്ചുനോക്ക് എന്നുപറഞ്ഞത് അദ്ദേഹമാണ്.
അങ്ങനെയാണ് പാടിത്തുടങ്ങുന്നത്. ഒന്നാമത്തെ കാര്യം വീട്ടുകാര്‍ നല്ല പാട്ടുകാരാണ്.
അമ്മ അസാമാന്യമായി പാടും. ഞാനെപ്പോഴും അവരുമായി എന്നെ താരതമ്യം ചെയ്യും.
അമ്മയുടെ അത്ര നന്നായി ഞാന്‍ പാടുന്നില്ല. അല്ലെങ്കില്‍ വല്യച്ഛന്റെ അത്ര ജ്ഞാനം എനിക്കില്ല.
കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. പിന്നെ ഗോപി നീയൊന്ന് പാടി നോക്ക് എന്നുപറയുമ്പോഴാണ് പിന്നെ കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യുന്നത്.
ഇപ്പോഴും കോണ്‍ഫിഡന്‍സ് വളരെ താഴ്ന്ന ഒരു കുട്ടിയാണ് ഞാന്‍. അത് ശക്തമായി ഒരു സ്ഥലത്തേക്ക് മാറ്റിവെച്ച് ‘ഇല്ല ചെയ്യാന്‍ പറ്റും’ എന്നുപറയുമ്പോഴാണ് ഒറിജിനല്‍സും ബാന്‍ഡും ആയി ഇറങ്ങിത്തിരിക്കുന്നത്.
ഒരു ഗായിക എന്ന നിലയില്‍ അഭയയെ പരുവപ്പെടുത്തിയെടുത്തത് അപ്പോള്‍ ഗോപിസുന്ദര്‍ എന്ന സംഗീത സംവിധായകനാണ്? തീര്‍ച്ചയായിട്ടും. അദ്ദേഹത്തിന് വളരെ വലിയ സ്വാധീനമുണ്ട് എന്റെ ജീവിതത്തില്‍.
പാട്ടെങ്ങനെ പാടണം, പഠിക്കണം, കേള്‍ക്കണം
എന്നു പറഞ്ഞുതന്നത് അദ്ദേഹമാണ്. അദ്ദേഹം കംമ്പോസ് ചെയ്യുന്ന ഓരോ പാട്ടുകളുടെയുമൊപ്പം അത് ജനിക്കുന്ന സമയം മുതല്‍ ഞാനുണ്ട്.
ആ പാട്ട് ജനിക്കുന്ന സമയത്ത്, അതിന്റെ എഴുത്തിന്റെ സമയത്ത്, ആ സിനിമ സ്കോര്‍ ചെയ്യുന്ന സമയത്ത് എല്ലാം കൂടെയുണ്ട്.എന്റെ ചുറ്റും സംഗീതമാണ്. അതെന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു.
പക്ഷേ ആ സമയത്ത് കുടുംബജീവിതത്തിനായിരുന്നില്ലേ മുന്‍ഗണന നല്‍കിയിരുന്നത്? കുടുംബജീവിതത്തിന് ഫോക്കസ് നല്കിയിരുന്നെങ്കില് പോലും നമ്മുടെ അടിസ്ഥാനപരമായിട്ടുള്ള ഗുണമാണല്ലോ പാടുക എന്നുള്ളതും പാട്ട് കേള്‍ക്കുക എന്നുള്ളതും. അതൊരിക്കലും നമ്മുടെ കൈയില്‍നിന്ന് പോകില്ല.
അതെല്ലാം കൂടെ ചേര്‍ന്നതാണ് എന്റെ അനുഭവജ്ഞാനം. ഞാനിപ്പോഴും എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ആ അനുഭവത്തിന്റെ പുറത്താണ്.
ഗോപിയിലേക്ക് വരുന്ന സമയത്താണെങ്കിലും അതിന് ശേഷമാണെങ്കിലും സ്കൂള്‍ കാലഘട്ടത്തിലാണെങ്കിലും പാട്ടുകേള്‍ക്കുകയും അതിനെ നിരീക്ഷിക്കുകയും ചെയ്യുമായിരുന്നു. സ്കൂളിലായിരിക്കുമ്പോള്‍ എങ്ങനെയുള്ള ഒരു വിദ്യാര്‍ഥിനിയായിരുന്നു? ഞാനൊരു ശരാശരി വിദ്യാര്‍ഥിനി ആയിരുന്നു.
പഠിക്കാനൊക്കെ കഴിവുണ്ട്. നൃത്തം ചെയ്യും പാട്ടുപാടും പഠിക്കും.
പക്ഷേ, എല്ലാത്തിലും ഒരു ശരാശരിയായിട്ടേ നീങ്ങിയിട്ടുള്ളൂ. പഠനത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടി സ്കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ ഞാനെല്ലാം നിര്‍ത്തിയിരുന്നു.
അച്ഛനും അമ്മയ്ക്കും വേണ്ടത് ആര്‍ട്ടിസ്റ്റായിട്ടുള്ള ഒരു കുട്ടിയായിരുന്നില്ല. അവര്‍ക്ക് സര്‍ക്കാര്‍ ജോലി ചെയ്യണം.
അപ്പോള്‍ അതിനുവേണ്ടി പ്രയത്നിക്കാന്‍ തുടങ്ങി. അതല്ല എന്റെ കോളിങ് എന്ന് പിന്നീട് എനിക്ക് മനസ്സിലായി.
അങ്ങനെയാണോ അപ്പോള്‍ എന്‍ജിനീയറിങ് പഠിക്കാനായി പോകുന്നത്? അച്ഛന് പറഞ്ഞത് നഴ്സാകണമെന്നാണ്. അമേരിക്കയില്‍ അച്ഛന്റെ പെങ്ങളുണ്ട്.
നഴ്സിങ് പഠിച്ചാല്‍ അവിടെ പോകാം. എന്നെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു കാര്യമാണ് നഴ്സിങ്.
അതിന് എന്തെങ്കിലും ഒരു ടാലന്റ് വേണമല്ലോ, എന്റെ ടാലന്റ് മുഴുവന്‍ ഇപ്പുറത്താണ് കിടന്നിരുന്നത്. പുള്ളി ആലോചിക്കുന്നത് സുരക്ഷിതമായ ഒരു ജോലിയെക്കുറിച്ചാണ്.
അതില്‍ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. മകള്‍ സുരക്ഷിതയായിരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.
നഴ്സിങ്ങില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടിയാണ് എന്‍ജിനീയറിങ് തിരഞ്ഞെടുക്കുന്നത്. അവിടെയും വന്തോല്വിയായിരുന്നുവെന്നത് വേറെക്കാര്യം.
പക്ഷേ, നല്ല സുഹൃത്തുക്കളെ കിട്ടി. പഠിച്ചിറങ്ങിയ എന്റെ ഏറ്റവും വലിയ ധനം എന്നുപറയുന്നത് സുഹൃത്തുക്കളാണ്.
അതുപോലെ ആ സമയത്താണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവതാരകയായി ഞാന്‍ പോകുന്നത്. അവിടെനിന്നാണ് മാറ്റം ഉണ്ടാകുന്നത്.
അവിടെ വെച്ചാണ് മലയാളത്തിലെ പ്രധാനപ്പെട്ട ന്യൂസ് ചാനലിന് വേണ്ടിയിട്ട് ഒരു ഇന്റര്‍വ്യൂവറായി പോകുന്നത്.
അങ്ങനെയാണ് ഗോപിസുന്ദറിനെ പരിചയപ്പെടുന്നത്. പിന്നീട് ഗോപിയായിട്ടുള്ള ഒരു ജീവിതമാണ്.
ഗോപിയെ കണ്ടുമുട്ടുന്നതാണ് ജീവിതത്തിലെ വഴിത്തിരിവ് എന്നുപറയാം. അച്ഛന് നഴ്സ് ആക്കാനായിരുന്നു താല്പര്യമെന്ന് പറഞ്ഞല്ലോ, അഭയയ്ക്ക് മറ്റൊന്നും.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സംഘര്‍ഷം നമ്മുടെ സമൂഹത്തില്‍ പതിവാണ്. പക്ഷേ, ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതില്ലെന്ന് തോന്നുന്നു.
അവര്‍ കുറച്ചുകൂടി ബോള്‍ഡാണ്. തുറന്നു സംസാരിക്കുന്നുണ്ട്.. ഇപ്പോള്‍ അസൂയയോടെ ഞാന്‍ കാണുന്ന കാര്യം എന്താണെന്നുവെച്ചാല്‍ കുട്ടികള്‍ക്ക് കൃത്യമായ ദിശാബോധമുണ്ട്.
മാത്രമല്ല, അച്ഛനമ്മമാര്‍ അവരോട് കുറേക്കൂടി ഫ്രീയായിട്ട് ഇടപെടുന്നുണ്ട്. നിനക്ക് ഇതാണോ താല്പര്യം ശരി എടുത്തോളൂ എന്നാണ്.
നമുക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇല്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നുപറയുന്നത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു ഉപജീവന മാര്‍ഗം അല്ലാതിരുന്നിട്ട് കൂടി അവര്‍ എന്തോ ചെയ്യുന്നുണ്ട് എന്നരീതിയില്‍ പരിഗണിക്കുന്നുണ്ട്.
കുറച്ചുകൂടി ആത്മവിശ്വാസം അവര്‍ മക്കള്‍ക്ക് നല്‍കുന്നുണ്ട്. പണ്ടാണെങ്കില്‍ അവരുടെ ജനറേഷന് വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ഒരു സര്‍ക്കാര്‍ ജോലി കിട്ടിയത്.
കാലഘട്ടത്തിന്റെ വ്യത്യാസമാണ് അത്. എന്റെ മക്കള്‍ നന്നായി ഇരിക്കണമല്ലോ എന്നുകരുതി അവര്‍ ഈ പ്രൊസസ് തന്നെ തുടരും.
അതിന്റെ ഒരു ഭാഗമാണ് ഞാനെല്ലാം. അതില്‍നിന്ന് വഴിമാറി നടന്നപ്പോള്‍ എത്രത്തോളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു..? ഗോപിക്കൊപ്പമുള്ള എന്റെ ലിവിങ് ഇന്‍ റിലേഷന്‍ തന്നെ ഒരു സ്ട്രഗിള്‍ ആയിരുന്നു.
അത് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കുറേ വര്‍ഷം വേണ്ടിവന്നിട്ടുണ്ട്. പാട്ടു പാടാന്‍ വേണ്ടിയിട്ടല്ല ഞാന്‍ ഗോപിയുടെ അടുത്തേക്ക് പോകുന്നത്.
ലിവിങ് റിലേഷനുമായിട്ടാണ് പോകുന്നത്. അന്നത്തെ കാലത്ത് അത്ര പരിചയമില്ലാത്ത ഒന്നാണല്ലോ ലിവിങ് ടുഗെദര്‍? വീട്ടുകാരെ ബോധ്യപ്പെടുത്തല്‍ എളുപ്പമായിരിക്കില്ലല്ലോ.
വളരെ വിപ്ലവകരമായിട്ടുള്ള കാര്യമാണ് ഞാനന്ന് ചെയ്തത്. വീട്ടുകാരെ ബോധ്യപ്പെടുത്തല്‍ ഒട്ടും എളുപ്പമായിരുന്നില്ല.
അവരെ ബോധ്യപ്പെടുത്താന്‍ തന്നെ ഒരുപാട് സമയം എടുത്തു. അതു കഴിഞ്ഞാല്‍ ഇവര്‍ക്ക് ഒരുപാടുപേരെ ബോധ്യപ്പെടുത്തേണ്ടതുണ്ടല്ലോ.
അവര്‍ക്ക് പിന്നെയും സ്ട്രഗിളാണ്. അവര്‍ക്ക് ബന്ധുക്കളെയും അയല്‍ക്കാരേയും നാട്ടുകാരേയും ഒക്കെ ബോധ്യപ്പെടുത്തണം.
മോളെന്താ ചെയ്യണേ, അവള് ആരുടെ കൂടെയാ ജീവിക്കുന്നത് എന്ന ചോദ്യം? ഓ ഇങ്ങനെയാണല്ലേ അവസ്ഥ കഷ്ടമായിപ്പോയി… ചുറ്റുമുള്ളവരുടെ ഈ പുച്ഛവും ജഡ്ജ്മെന്റും ഈ അച്ഛനും അമ്മയുമാണ് കാണേണ്ടത്. ഞാന്‍ കുട്ടിക്കാലം മുതല്‍ ഇങ്ങനെയാണ്.
അടിസ്ഥാനപരമായി എന്നെ മനസ്സിലാക്കാന്‍ ഒരു പരിധിവരെ മാത്രമേ എന്റെ അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടുള്ളൂ. അവര്‍ ചിന്തിക്കുന്ന രീതിയില്‍ അല്ല എന്റെ ചിന്ത പോകുന്നത്.
ഒരു കുടുംബത്തില്‍ തിരിഞ്ഞിരിക്കുന്ന ഒരെണ്ണം കാണുമെന്ന് പറയാറില്ലേ. തിരിഞ്ഞിരിക്കുന്നു എന്നുളളത് അവരുടെ കാഴ്ചപ്പാടാണ്.
പക്ഷേ, നമ്മുടെ കാഴ്ചപ്പാടില്‍ ആ തിരിഞ്ഞിരിക്കുന്ന കുട്ടി അടുത്ത ജനറേഷന്റെ ഭാഗമാണ്. അമ്മയൊക്കെ പറയുന്ന പല കാര്യങ്ങളും ഞാന്‍ ചോദ്യം ചെയ്യാറുണ്ട്.
അനിയത്തി ഒരു സമാധാനപ്രിയയാണ്. അവള് വഴക്കുകൂടാന്‍ നിക്കാറില്ല.
പക്ഷേ ഞാന്‍ തിരിച്ചുചോദിക്കും. കാരണം ഞാന്‍ റിബലാണല്ലോ.
എന്റെ സ്വഭാവം എനിക്ക് മാറ്റാന്‍ പറ്റുന്നില്ല. ചോദ്യം ചെയ്യല്‍ എന്റെ സ്വഭാവത്തിന്റെ ഭാഗമായതുകൊണ്ട് ഞാന്‍ ചെയ്യുന്നു.
എങ്ങനെയാണ് റിബലാകുന്നത് ? വായനയുടെ സ്വാധീനമാണോ? വായന മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ എന്റെ അമ്മ നന്നായിട്ട് വായിക്കും.
എന്റെ കുടുംബത്തിലെ പലരും നന്നായിട്ട് വായിക്കും. വായന മാത്രമല്ല, കാണുന്നതും കേള്‍ക്കുന്നതും എല്ലാം സ്വാധീനിച്ചിരുന്നിരിക്കണം.
എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. ചോദ്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.
ഇഷ്ടമല്ലാത്തത് കണ്ടാല്‍ ഞാന്‍ തിരിച്ച് ചോദിക്കും. അത് സ്വഭാവത്തിന്റെ ഭാഗമായിരിക്കാം.
ഗോപീസുന്ദറിന്റെ പങ്കാളി ആയിരുന്ന കാലത്ത് അദ്ദേഹം സംഗീതം ചെയ്ത പാട്ടുകളാണ് കൂടുതലും പാടിയിട്ടുള്ളത്. അത് അഭയ എന്ന പിന്നണിഗായികയെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ? ഗോപീസുന്ദറിന് വേണ്ടി മാത്രം പാടുന്ന ഗായിക എന്ന ലേബല്‍ വന്നിരുന്നോ? ഞാന്‍ ഗോപിയുടെ പങ്കാളി ആയിരിക്കുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ മാത്രം പാട്ടുകള്‍ മാത്രമേ പാടൂ എന്ന ചിന്ത മറ്റുള്ളവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ ആണല്ലോ അവരെ വിളിച്ച് പാട്ടുപാടിക്കുന്നത് ശരിയാണോ എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടായിരുന്നിരിക്കണം.
എനിക്ക് എന്താണ് മറ്റുള്ളവര്‍ ചിന്തിക്കുന്നത് എന്നറിയില്ല. പക്ഷേ, എന്നെ ആരും വിളിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ കൂടെയുള്ള പ്രകാശ് അലക്സ് മാത്രമാണ് ഒരുപാട്ട് പാടാന്‍ വിളിച്ചിട്ടുള്ളത്. സംഗീത സംവിധായകരായിട്ടുള്ള സുഹൃത്തുക്കളോടൊക്കെ ഞാന്‍ പറയുമായിരുന്നു പാടാന്‍ വിളിക്കണേ എനിക്കിഷ്ടമുള്ളതാണ് എന്നൊക്കെ.
പക്ഷേ, അവരുടെ ചിന്ത എന്താണ് എന്നറിയില്ല. ആ സ്പേസില്‍നിന്ന് ഇറങ്ങിയ സമയത്ത് പലരും എന്നെ പാടാന്‍ വിളിച്ചിരുന്നു.
ആ പ്രൊജക്ട്സ് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അതിനുശേഷം ബാന്‍ഡ് തുടങ്ങുന്നു..
അല്ലേ അതിനുശേഷമല്ലേ.. എന്താണ് ബാന്‍ഡുമായി ബന്ധപ്പെട്ട
വിശേഷങ്ങള്‍? ഞാന്‍ ഒന്നുമല്ലാതിരിക്കുന്ന സമയത്ത് തുടങ്ങിയ ഒന്നാണ് ബാന്‍ഡ്. എന്റെ ഒരു പ്രസ്ഥാനമെന്ന് പറയാം.
വലിയ സംഗീത സംവിധായകര്‍ക്ക് മാത്രമേ കംമ്പോസ് ചെയ്യാനാകൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരു ദിവസം ഹൈദരാബാദിലെ വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്താണ് സംഗീതവും വരികളും ഒരുമിച്ച് മനസ്സില്‍ വരുന്നത്.
അതെക്കുറിച്ച് ഗുരുതുല്യനായ ആളുടെ നല്ല അഭിപ്രായം കിട്ടിയതോടെ ആത്മവിശ്വാസം വന്നു. പിന്നെ ഞാന്‍ കമ്പോസിങ് ആരംഭിച്ചു.
ആ രണ്ടു പാട്ടും എനിക്ക് ഇറക്കാനുണ്ട്. രണ്ടു ഗാനങ്ങള്‍ക്ക് കൂടി സംഗീതം നല്‍കിയിട്ടുണ്ട്.
കമ്പോസിങ് ചെയ്യാനാകും എന്ന ഒരു ആത്മവിശ്വാസത്തിലേക്ക് ഞാന്‍ എത്തിയിട്ടുണ്ട്. ബാന്‍ഡ് എസ്റ്റാബ്ലിഷ്ഡ് ആയി വരുന്നതേയുള്ളൂ.
യുട്യൂബ് ചാനലും അതേ തുടര്‍ന്നായിരുന്നോ സംഭവിക്കുന്നത് ? സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മോഡലിങ് നേരത്തേ ചെയ്യുമായിരുന്നു.
ഇഫക്ടീവ്ലി ചെയ്തു തുടങ്ങുന്നത് ഇപ്പോഴാണ്. എനിക്ക് നന്നായി ഡ്രസ് ചെയ്യാന്‍ ഇഷ്ടമാണ്.
നന്നായി ഒരുങ്ങാന്‍ ഇഷ്ടമാണ്. അങ്ങനെ നടക്കുന്ന ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും അവരെ കാണാനും സംസാരിക്കാനും എനിക്ക് ഇഷ്ടമാണ്.
അതിന്റെ ഭാഗമായി മോഡലിങ് കൂടി ചെയ്യാമെന്നതേയുള്ളൂ. ഫാഷനോട് താലപര്യം എങ്ങനെയാണ് വരുന്നത്? സ്വഭാവത്തിലുളള റിബല്‍ എന്റെ വസ്ത്രധാരണത്തിലുമുണ്ടായിരുന്നു.
അമ്മയ്ക്കെന്നും ടെന്‍ഷനാണ് ഞാന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍. ഇന്നും ഇന്റര്‍വ്യൂവിന് ഈ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോള്‍ നോക്കുന്നുണ്ടായിരുന്നു.
പിന്നെ അടികൂടി മതിയായതു കാരണം പുള്ളിക്കാരി ഒന്നും പറയാത്തതാണ് എന്നുതോന്നുന്നു. വളരെ കുഞ്ഞിലേ മുതല്‍ കൈയില്ലാത്ത ടോപ്പിടുമായിരുന്നു.
കാര്‍മല്‍ സ്കൂളിലാണ് ഞാന്‍ പഠിച്ചത്. അതൊരു കോണ്‍വെന്റ് സ്കൂളായിരുന്നു.
അവിടെ എന്തെങ്കിലും ഒരു പരിപാടിയുണ്ടെങ്കില്‍ കൈയില്ലാത്ത ടോപ്പ് ഇട്ടാണ് പോകാറുള്ളത്. സിസ്റ്റര്മാര് ആരെങ്കിലും വഴക്കുപറയും.
തിരിച്ചുവരും..പിന്നെയും ഇതുതന്നെയാണ് പ്രോസസ്. ഞാന്‍ ഒരുകാലത്തും ഒരു സ്ഥലത്തും തളര്‍ന്നിരുന്നിട്ടില്ല.
ഗോപിയുണ്ടായിരുന്ന സമയത്ത് കുറേ ഡ്രസ് അദ്ദേഹത്തിന് വേണ്ടിയിട്ട് ഞാന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഗോപി നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്ന സമയത്ത് ഞാനാണ് ആ ഡ്രസ് തുന്നിച്ചുകൊടുക്കുന്നത്.
അതും എനിക്കിഷ്ടമാണ്. ചിന്തയില്‍ അന്നുമുതല്‍ നന്നായി വസ്ത്രം ധരിക്കണമെന്നും ആരെയെങ്കിലും നന്നായി വസ്ത്രം ധരിപ്പിക്കണമെന്നും ഒരു ചിന്ത ഇപ്പോഴുമുണ്ട്.
ഇപ്പോള്‍ മോഡലിങ് വളരെ ഗൗരവത്തോടെയാണ് എടുക്കുന്നത്. അതില്‍നിന്ന് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ തുടങ്ങി.
സംഗീതം, കുക്കിങ്, മോഡലിങ്, അഭിനയം… അങ്ങനെ ഒരുപാട് മേഖലകളില്‍ താല്പര്യമുള്ള ആളാണ് അഭയ. ഇതില്‍ ഏറ്റവും താല്പര്യം എന്താണ്? ടിവി ഓണ്‍ ചെയ്ത് അവിടെ ഇരുത്തിക്കഴിഞ്ഞാല്‍ അവിടെ വെറുതെ ഇരിക്കാന്‍ ഇഷ്ടമാണ്.
കുക്കിങ് എനിക്ക് ഇഷ്ടമാണ്, പാട്ട് പ്രാക്ടീസ് ചെയ്യാന്‍ ഇഷ്ടമാണ്. എനിക്കിഷ്ടമാണ് എല്ലാ കാര്യവും ചെയ്യാനായി.
ജീവിതം മനോഹരമായി ആസ്വദിച്ച് ജീവിക്കാന്‍ ഇഷ്ടമാണ്. പട്ടിക്കുട്ടികളുടെ കാര്യം പറഞ്ഞില്ല.
നമ്മള് ഒരു പ്രതിസന്ധി ഘട്ടത്തിലായിരിക്കുമ്പോള്‍ അവരുടെ സാമീപ്യം എത്രത്തോളം സഹായകമാകുന്നുണ്ട്? പട്ടിക്കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അവരെ എനിക്ക് ഒരു കാലത്തും മാറ്റി നിര്‍ത്താന്‍ പറ്റില്ല. കമീല, അഡോപ്റ്റ് ചെയ്തിട്ടുള്ള ഗോള്‍ഡന്‍ റിട്രീവര്‍ ഉണ്ട് കുക്കി, ഒരു ഷിറ്റ്സു ഉണ്ട് ലൂസി.
എനിക്ക് ഹിയാഗോ എന്നൊരു പട്ടി ഉണ്ടായിരുന്നു. നമ്മള് വീട്ടില്‍ ബഹളം വെച്ചുകഴിഞ്ഞാല്‍ അവള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടാണ്.
അവര്‍ക്കത് പെട്ടെന്ന് മനസ്സിലാകും. അവരത് ഇടയ്ക്ക് കയറി സമാധാനിപ്പിക്കാന്‍ നോക്കും.
അവരെ നോക്കി, നമ്മളെ നോക്കി കുരയ്ക്കും. കുക്കിയാണെങ്കില് നമ്മള് കരയുകയോ ബഹളം വെക്കുകയോ ചെയ്താല്‍ നമ്മുടെ അടുത്ത് വന്നിട്ട് ഇരിക്കും.
ബാക്കിയുള്ള സമയത്തൊന്നും അവളെ കാണില്ല. പക്ഷേ, ഇങ്ങനെ ബുദ്ധിമുട്ടുള്ള സമയത്ത് അവളെന്തായാലും അടുത്തുണ്ടാകും.
ഇമോഷന്‍സ് വളരെ പെട്ടെന്ന് പട്ടികള്‍ക്ക് മനസ്സിലാകും. പ്രണയത്തോടൊപ്പം പരസ്പര ബഹുമാനവും വിശ്വാസവുമെല്ലാം വേണ്ടതാണല്ലോ റിലേഷന്‍ഷിപ്പ്.
റിലേഷന്‍ഷിപ്പിന് നല്കുന്ന നിര്‍വചനം എന്താണ്? ഓരോ റിലേഷന്‍ഷിപ്പും വ്യത്യസ്തമാണ്. ഓരോ ആളുകളും വ്യത്യസ്തമാണ് എന്ന് പറയുന്നതുപോലെ ഓരോ റിലേഷന്‍ഷിപ്പും വ്യത്യസ്തമാണ്.
ഒരു റിലേഷന്‍ഷിപ്പ് തകരാനുള്ള കാരണവും അത് നല്ലരീതിക്ക് പോകുന്നതും അവരവരുടേതായ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഒരുകാലത്തും എനിക്ക് റിലേഷന്‍ഷിപ്പ് നിര്‍വചിക്കാന്‍ സാധിക്കില്ല.
എന്റെ കാരണങ്ങളായിരിക്കില്ല നിങ്ങളുടെ കാരണങ്ങള്‍, നിങ്ങളുടെ കാരണങ്ങളായിരിക്കില്ല മറ്റൊരാളുടെ കാരണങ്ങള്‍. എങ്ങനെയാണ് റിലേഷന്‍ഷിപ്പ് വര്‍ക്കൗട്ട് ആകുന്നത് എന്നറിയില്ല.
അടിസ്ഥാനപരമായി കുറച്ചുകാര്യങ്ങള്‍ ഉണ്ട്. പരസ്പരമുള്ള ബഹുമാനം.
സേപ്സ്, ബൗണ്ടറീസ്, അതൊക്കെ വളരെ ബേസിക്കായിട്ടുള്ള കാര്യങ്ങളാണ്. അതിന് അപ്പുറവും ഇപ്പുറവും വളരെധികം കാര്യങ്ങളുണ്ട്.
വിവാഹം എന്ന ബന്ധത്തിനകത്ത് പലപ്പോഴും നഷ്ടപ്പെടുന്നത് ഒരു ബ്രീത്തിങ് സ്പേസാണ്. പങ്കാളികള്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കങ്ങളുടെ അടിസ്ഥാന കാരണം ഒരുപക്ഷേ അതായിരിക്കും. വിവാഹിതയല്ലെങ്കില്‍ പോലും അതിനോട് അടുത്ത് നില്ക്കുന്ന ഒരു ലിവിങ് റിലേഷന്‍ഷിപ്പില്‍ ഞാന്‍ ജീവിച്ചുകൊണ്ടിരുന്നത്.
അവിടെ ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പൂര്‍ണമായും ഒരു വീട്ടമ്മയായിരുന്നു.
എനിക്ക് സ്പേസ് വേണമല്ലോ, അതെനിക്ക് അറിയാവുന്നതുകൊണ്ട് തീര്‍ച്ചയായിട്ടും എനിക്ക് എതിരേ നില്‍ക്കുന്നവര്‍ക്ക് ഞാന്‍ സ്പേസ് കൊടുത്തിരിക്കും. അങ്ങനെ സ്പേസ് കൊടുത്തിട്ടുളള വ്യക്തി തന്നെയാണ്.
പക്ഷേ, എന്നിട്ടും ആ റിലേഷന്‍ഷിപ്പ് എന്തുകൊണ്ട് ബ്രേക്കായി എന്നുചോദിച്ചാല്‍ അതിന് പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ ചെറിയ സ്പാര്‍ക്ക് മതിയായിരിക്കും.
ചിലപ്പോള്‍ ചില വാക്കുകള്‍ തെറ്റിപ്പോയതിന്റെ കാര്യത്തില്‍ പിരിഞ്ഞുപോയിട്ടുള്ളവരാകാം. അല്ലെങ്കില്‍ കുറേക്കാലത്തെ ഫ്രസ്ട്രേഷന്റെ ഭാഗമായിട്ട് പിരിഞ്ഞുപോയിട്ടുള്ളവരാകാം.
കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ആദ്യം ബൗണ്ടറീസിനെ കുറിച്ച് ചര്‍ച്ച ചെയ്യുക. കുടുംബത്തെ കുറിച്ച് ചര്‍ച്ച ചെയ്യുക.
ഇതൊക്കെ ചര്‍ച്ച ചെയ്താലും രണ്ടു പേര് താമസിക്കുന്ന സ്ഥലത്ത് അവിടെ എന്തായാലും സ്നേഹമുണ്ട് അവിടെ എന്തായാലും വെറുപ്പുമുണ്ട്. ചിലത് വര്‍ക്കൗട്ടാകില്ല.
ചിലരത് നിര്‍ത്തിപ്പോകും, ചിലരത് എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് പോകും. അതില്‍ സന്തോഷം കണ്ടെത്തി ആ രീതിക്ക് പോകും.
ഇത് എന്റെ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്. തെറ്റാകാം ശരിയാകാം.
പ്രണയം അഭയയ്ക്ക് എന്താണ്? പ്രണയം വളരെ മനോഹരമായ വികാരമായിട്ടല്ലേ വര്‍ണിക്കപ്പെടാറുള്ളത്. പ്രണയമുള്ളതുകൊണ്ടുതന്നെ നമ്മളോട് എത്ര മുഷിഞ്ഞ് പെരുമാറിയാലും ആ സ്പേസില്‍നിന്ന് മാറിനില്‍ക്കും എന്നതല്ലാതെ നമുക്ക് ആ വ്യക്തിയോട് ഒരു ദേഷ്യം തോന്നില്ല. ആ വ്യക്തി ഒരു മോശപ്പെട്ട
വ്യക്തിയാണെന്ന് തോന്നില്ല. ചാവുന്നതുവരെ അങ്ങനെ തോന്നില്ല.
ഞാന്‍ മരിക്കുന്നിടത്തോളം പ്രണയിച്ച ഒരു വ്യക്തിയോട് എനിക്ക് ദേഷ്യമുണ്ടാകില്ല. അയാള്‍ക്ക് നന്മയുണ്ടാകണമെന്നേ ആഗ്രഹിക്കുകയുള്ളൂ.
നല്ല രീതിയില്‍ ജീവിക്കണം എന്നേ ആഗ്രഹിക്കുകയുള്ളൂ. അതായിരിക്കണം പ്രണയം.
എന്നെ സംബന്ധിച്ചിടത്തോളം.. റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്ന അത്ര എളുപ്പമല്ല അതില്‍നിന്ന് വിട്ടുപോരുക എന്നുപറയുന്നത്.
പലരും കുടുംബാംഗങ്ങളെ ഭയക്കും, ചുറ്റുമുള്ളവരെ ഭയക്കും, സമൂഹത്തെ ഭയക്കും.. മനസ്സ് പറയുന്നതാകില്ല പലപ്പോഴും കേള്‍ക്കേണ്ടി വരുന്നത്.
അഭയയെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ടോ? ഇല്ല, ഞാനായി എടുത്ത തീരുമാനമാണ് ഈ റിലേഷന്‍ഷിപ്പ്. അതില്‍നിന്ന് ഇറങ്ങിവരുന്ന സമയത്ത് ഒരുകാലത്തും ഞാന്‍ നാട്ടുകാരെ ഭയന്നിട്ടില്ല.
ഞാന്‍ അങ്ങനെ ചെയ്യാറില്ല കാരണം എന്റെ പോയിന്റ്സും എന്റെ വാല്യൂസും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിനി പാരന്റ്സിന്റെ ആണെങ്കില്‍ക്കൂടി.
അങ്ങനെ ഒരു ചിന്ത എനിക്കുണ്ടായിരുന്നെങ്കില്‍ ലിവിങ് ടുഗെദര്‍ റിലേഷനിലേക്ക് ഞാന്‍ പോവില്ലായിരുന്നു. അതില്‍നിന്ന് ഇറങ്ങിവരുന്ന സമയത്തും എന്റെ ജീവിതത്തില്‍ എനിക്ക് വലിയ കോണ്‍ഫിഡന്‍സാണ്.
ചില കാര്യങ്ങളില്‍ കോണ്‍ഫിഡന്‍സ് വളരെ ലോ ആണെന്നതൊഴിച്ചാല്‍ ഞാന്‍ സക്സസ്ഫുള്ളാകും ഞാന്‍ മിടുക്കിയാണ്, എനിക്കിത്രമാത്രം കഴിവുകളൊക്കെയുണ്ട് എന്ന് വളരെ കോണ്‍ഫിഡന്റായ വ്യക്തിയാണ്. അതു ഞാന്‍ ഇനി എവിടെനിന്ന് ഇറങ്ങി വന്നു കഴിഞ്ഞാലും; അതിനി എന്റെ രക്ഷിതാക്കള്‍ എന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു കഴിഞ്ഞാലും എന്റെ പാര്‍ട്ണര്‍ എന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു കഴിഞ്ഞാലും എനിക്കറിയാം ഞാന്‍ നന്നായി ജീവിക്കും.
അതുകൊണ്ട് എന്റഎ ചുറ്റുപാടുമുള്ളവര്‍ എന്ത് ചിന്തിക്കും എന്നുള്ളത് എന്നെ ബാധിച്ചിട്ടില്ല. ‘ഞാന്‍ റാണിയായിട്ടാണ് ജീവിച്ചത് ഇനിയും റാണിയായിട്ട് തന്നെ ജീവിക്കും’ എന്ന് അഭയ പറഞ്ഞുകേട്ടിട്ടുണ്ട്.
അങ്ങനെ പറയാനുള്ള ഒരു ആത്മവിശ്വാസം എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകണമെന്നില്ല. അങ്ങനെ പറയാനുള്ള ഒരു ധൈര്യം, അതിനുള്ള ഊര്‍ജം എവിടെ നിന്നാണ് കിട്ടുന്നത് ? അറിയില്ല, പണ്ടുതൊട്ടേ എന്തു കൊണ്ടാണ് ഈ ഡ്രസ് ഇങ്ങനെ ഇടുന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് ഇഷ്ടമാണ് ഡ്രസ് ഇങ്ങനെ ഇടുന്നത് എന്നുമാത്രമേ എനിക്ക് ഉത്തരമുള്ളൂ.
അതുപോലെ എന്റെ ഏറ്റവും വലിയ ആഗ്രഹം ഞാന്‍ നന്നായിട്ട് ജീവിക്കണം എന്നുള്ളതാണ്. ഞാന്‍ നന്നായി ജീവിച്ചാലെ എന്റെ ചുറ്റുമുള്ളവര്‍ക്ക് നന്നായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ എനിക്ക് സാധിക്കൂ.
I always want to dress nicley. നല്ല ഭക്ഷണം കഴിക്കണം.
എന്റെ പട്ടികളുടെ കൂടെ സമയം ചെലവഴിക്കണം. നല്ല കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്.
അതിനുവേണ്ടി ഞാന്‍ റാണിയായി തന്നെ ജീവിക്കും എന്നുള്ളതാണ്. പണ്ടും ഞാന്‍ റാണിയായിട്ടാണ് ജീവിച്ചത്.
ഇപ്പോഴും റാണിയായിട്ട് തന്നെയാണ് ജീവിക്കുന്നത്. അതിനുള്ള കോണ്‍ഫിഡന്‍സ് എവിടെനിന്നാണ് എന്നുചോദിച്ചാല്‍ അത് വളരെ സ്വാഭാവികമായി ഉള്ള ഒരു സംഗതിയാണ്.
അതിനുവേണ്ടി പ്രത്യേകിച്ച് ഒരു പ്രയത്നവും ഞാന്‍ നടത്തിയിട്ടില്ല. അച്ഛന് ചിലപ്പോള്‍ സ്വാധീനിച്ചിരിക്കാം.
അച്ഛന് എല്ലായ്പ്പോഴും പറയുമായിരുന്നു അച്ഛന്റെ മക്കള്‍ വളരെ നല്ല കുട്ടികളാണ് രണ്ടു പേരും റാണിമാരാണ് എന്ന്. ഡ്രസിന്റെ കാര്യത്തില്‍ അമ്മയ്ക്ക് പ്രശ്നമുണ്ടെങ്കിലും അച്ഛന് അതില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല.
രാത്രി ഒമ്പതു മണിയായാലും പത്തു മണിയായാലും വീട്ടില്‍ തിരിച്ചു കയറിക്കഴിഞ്ഞാല്‍ അച്ഛന് പ്രശ്നമുണ്ടാക്കില്ലായിരുന്നു. അച്ഛന് തന്നിട്ടുള്ള ആ കോണ്ഫിഡന്സില് നിന്നായിരിക്കണം ഒരു പക്ഷേ ജീവിക്കാനുള്ള ത്വരയുമുണ്ടായത്.
വായനയിലേക്ക് എങ്ങനെയാണ് എത്തുന്നത്? അച്ഛന്റെ പെങ്ങള് റീജണല്‍ കാന്‍സര്‍ സെന്ററിലാണ് ജോലി ചെയ്യുന്നത്. ആന്റി കുറേ പുസ്തകങ്ങള്‍ കൊണ്ടുതരുമായിരുന്നു.
അച്ഛന് ദൂരദര്‍ശനില്‍നിന്ന് കുറേ പുസ്തകങ്ങള്‍… ഐതിഹ്യമാല നാലാം ക്ലാസിലാണ് ഞാന്‍ വായിക്കുന്നത്. ഒരുവകയും മനസ്സിലാകില്ല.
പക്ഷേ, അതിന്റെ ഒരു കൗതുകമുണ്ടല്ലോ. എനിക്ക് കിട്ടിയ പുസ്തകങ്ങള്‍ ആയിരിക്കണം എനിക്ക് ഊര്ജമുണ്ടാക്കി തന്നത്.
വളരുന്തോറും പുസ്തകങ്ങളുടെ സ്വഭാവം മാറി. വായന ഗൗരവമായി.
പഠിക്കാനുള്ള മടിക്ക് പുസ്തകം വായിക്കാന്‍ തുടങ്ങി. മലയാളം വായിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ഭയങ്കര സ്വപ്നജീവി ആയിരുന്നു ഞാന്‍. പുസ്തകത്തിലെ കഥാപാത്രങ്ങളായി ആലോചിച്ച് മരിക്കുന്നത് കണ്ട് അമ്മയൊക്കെ കളിയാക്കി ചിരിച്ചിട്ടുണ്ട്.
പിന്നീട് പഠിക്കുന്ന സമയത്ത് മൈന്‍ഡ്ഫുള്‍നെസ്സ് ഇല്ലാതെ പഠിത്തത്തില്‍ അത് ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അത് മാറ്റിവെച്ചു. ആരൊക്കെയാണ് പ്രിയപ്പെട്ട
എഴുത്തുകാര്‍. മനസ്സില്‍ ഇന്നും കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളുണ്ടോ? ടി.ഡി.
രാമകൃഷ്ണനെ എനിക്ക് ഇഷ്ടമാണ്. അനീസ് സലിമിനെ ഇഷ്ടമാണ്.
പിന്നെ കുറേപേരുണ്ട്. ‘അഗ്നിസാക്ഷി’യൊക്കെ വളരെയധികം സ്വാധീനിച്ച പുസ്തകമാണ്.
സിനിമ കാണുന്നതിന് മുമ്പ് ഞാന്‍ പുസ്തകം വായിച്ചിരുന്നു. സിനിമയും എനിക്കിഷ്ടമാണ്.
പുസ്തകവും എനിക്ക് ഇഷ്ടമാണ്. പുസ്തകമാണ് കൂടുതല്‍ ഇഷ്ടം.
വായന പാട്ടെഴുത്തിനെ സഹായിച്ചിട്ടുണ്ടോ? എനിക്ക് തോന്നുന്നു അതിന് വായന ഒന്നും ആവശ്യമില്ല. ഗോപി ഒന്നും അധികം വായിക്കില്ല.
അദ്ദേഹം എന്നേക്കാള്‍ നല്ല വരികള്‍ എഴുതാറുള്ള വ്യക്തിയാണ്. കേള്‍വിജ്ഞാനം മാത്രമേയുള്ളൂ.
ഞാന്‍ പാട്ടെഴുതിയ സമയത്ത് അതിന്റെ സൗണ്ടിങ് അനുസരിച്ചാണ് ഞാന്‍ വരികളെഴുതിയത്. ലിറിക്സുമായിട്ട് എന്നെ സംബന്ധിച്ചിടത്തോളം വായനയ്ക്ക് സാധ്യതയില്ല.
എന്റെ അടുത്ത സുഹൃത്താണ് ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് എല്ലാം.
അദ്ദേഹം വളരെ നന്നായി വായിക്കുന്ന ആളാണ്. പുസ്തകങ്ങള്‍ എഴുതുന്ന ആളാണ്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ലേ.
സോളോ യാത്രകള്‍ നടത്തിയിട്ടുണ്ടോ? എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ഇത്. ഞാന്‍ ഇന്നേവരെ സോളോ യാത്ര ചെയ്തിട്ടില്ല.
എന്റെ ഫാമിലിയുടെ കൂടെ സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്. എനിക്ക് ഒറ്റയ്ക്ക് ഒരിടത്ത് ചെന്നിരുന്ന് മേലോട്ട് നോക്കിയിരിക്കാന്‍ എനിക്ക് ഇഷ്ടമല്ല.
ആളും ബഹളവുമാണ് ഇഷ്ടം. ഞാന്‍ ഗോപിയുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് എന്റെ വീട്ടിലേക്ക് എന്നും ആളുകള്‍ വരുമായിരുന്നു.
അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്ക് വരുന്ന ആളുകള്‍ ഉണ്ടായിരിക്കും. അവരെ ഞാന്‍ താഴേക്ക് വിളിച്ചുവരുത്തി ചായയും കാപ്പിയും കൊടുക്കാറുണ്ട്.
അദ്ദേഹത്തിന് ആളുകള്‍ ഉള്ളത് ഇഷ്ടമാണ്. അതുപോലെ തന്നെയാണ് എന്റെ അച്ഛന്.
എന്റെ വീട്ടിലും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. എപ്പോഴും ആളുകള്‍ വരും.
അതുകൊണ്ട് ആളുകളും ബഹളവും ഉള്ള അത്തരമൊരു മൂഡില്‍ ഇരിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് യാത്ര പോവാണെങ്കിലും സുഹൃത്തുക്കളോ കുടുംബമോ എപ്പോഴും കൂടെ ഉണ്ടാകും.അല്ലാതെ ഞാന്‍ പോകാറില്ല.
പോകണം എപ്പോഴെങ്കിലും ഒരു സോളോ യാത്ര. നമ്മള് നമ്മളായിരിക്കുക ഈ സുഹൃത്തുക്കളുടെ ഇടയിലാണ്.
സുഹൃത്തുക്കള്‍ നമ്മുടെ പുറകിലെ കരുത്തേറിയ തൂണുകളായിരിക്കും. അഭയയുടെ ജീവിതത്തില്‍ സൗഹൃദത്തിനുള്ള സ്ഥാനമെന്താണ്? സുഹൃത്തുക്കളെയൊന്നും തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കില്ല.
അങ്ങനെ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒരു കാലഘട്ടത്തിലെ എന്റെ സുഹൃത്തുക്കളെ ഞാന്‍ തിരഞ്ഞെടുത്ത് നിര്‍ത്തുമായിരുന്നു. സുഹൃത്തുക്കള്‍ വന്നുചേരുന്നതാണ്.
നമ്മളുടെ പാര്‍ട്ണറുടെ പീക്ക് ടൈമില്‍, നമ്മുടെ കൂടെ നിന്നുകഴിഞ്ഞാല്‍ അവസരങ്ങള്‍ ലഭിക്കും, ആ ബന്ധം പ്രയോജനകരമാകും എന്നതുകൊണ്ട് കൂടിച്ചേര്‍ന്ന് കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക്. ഞാന്‍ കരുതിയിരുന്നത് അവര്‍ എന്റെ സുഹൃത്തുക്കളാണെന്നാണ്.
അവരൊന്നും സുഹൃത്തുക്കളല്ലെന്ന് ആ സപേസില്നിന്ന് മാറിയപ്പോഴാണ് എനിക്ക് മനസ്സിലായത്. വാക്കുകള്‍ കൊണ്ട് ആരേയും ഉപദ്രവിക്കാന്‍ പാടില്ലെന്ന് പറയും.
അതുശരിയാണ് അതുപോലെ പ്രവൃത്തികൊണ്ടും ആരേയും ഉപദ്രവിക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ സുഹൃത്ത് എന്ന് പറയുന്നത് ഭാഗ്യമാണ്.
ഇപ്പോള്‍ ഉള്ള സുഹൃത്തുക്കള്‍ ഭാഗ്യവശാല്‍ നല്ല സുഹൃത്തുക്കളാണ്. നല്ല സുഹൃദ്ബന്ധങ്ങളില്‍ ഇരിക്കാനുള്ള അവസരമുണ്ട്.
അത് ദൈവാധീനമാണ് എന്നേ പറയാന്‍ സാധിക്കൂ.. എന്താണ് അഭയയ്ക്ക് സൗഹൃദം? അതിന് നിര്വചനമുണ്ടോ എനിക്കറിയില്ല.
ഞാന്‍ എല്ലാ ദിവസം സംസാരിക്കുന്ന സുഹൃത്തുക്കളൊന്നും എനിക്കില്ല. പക്ഷേ, ഞാന്‍ വിളിച്ചുകഴിഞ്ഞാല്‍ എന്റെ മുന്നില്‍ വന്ന് നില്ക്കുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്.
നമ്മളെക്കൊണ്ട് ഒരു പ്രയോജനവും അവര്‍ക്കില്ല എന്നിട്ടും നമ്മുടെ കൂടെ നില്ക്കുന്നുണ്ടെങ്കില് അവര്‍ തന്നെയായിരിക്കും നമ്മുടെ സുഹൃത്തുക്കള്‍. ഇവളെക്കൂടെ നിന്നാല്‍ പാര്ട്ണറുണ്ടല്ലോ പാടാന്‍ ഒരു അവസരം കിട്ടിയാലോ, ഇവരുമായി കമ്പനികൂടുന്നത്, ഇവരുടെ വീട്ടിലേക്ക് പോകുന്നത് നല്ലതാണ് എന്ന് ഉദ്ദേശിച്ച് വരുന്ന കുറേ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.
സുഹൃത്ത് എന്ന് പറയാന്‍ പറ്റില്ല. നമ്മളെ ഉപയോഗിച്ചവര്‍ എന്നുപറയാം.
അതിനുവേണ്ടി നിന്നുകൊടുത്തു എന്നുള്ളത് വേറെ വശം. എന്തു തെണ്ടിത്തരം ചെയ്തുകഴിഞ്ഞാലും കൂടെ നില്ക്കുന്നവനാണ് സുഹൃത്ത് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
അങ്ങനെയല്ല സുഹൃത്തുക്കള്‍. എന്ത് തെണ്ടിത്തരം ചെയ്താലും മാറ്റിനിര്‍ത്തിയിട്ട് നീ കാണിച്ചത് തെണ്ടിത്തരമാട്ടോ നീ കാണിച്ചത് വെറും ചെറ്റത്തരമാണ്.
ഇപ്രാവശ്യം ചെയ്തത് പോട്ടെ, ഇനി ആവര്‍ത്തിക്കരുത് എന്ന് പറയുന്നവരാണ് സുഹൃത്ത്. പറഞ്ഞല്ലോ ആളുകള്‍ നേട്ടങ്ങള്‍ക്കായി സൗഹൃദത്തിന്റെ മറവില്‍ ഉപയോഗിച്ചതായി തോന്നിയിരുന്നുവെന്ന്.
അത്തരം തിരിച്ചറിയലുകള്‍ മനസ്സിലേല്പ്പിക്കുന്ന മുറിവുകള്‍ ഉണ്ടല്ലോ. അതിനെ എങ്ങനെയാണ് മറികടന്നത്? പറഞ്ഞല്ലോ ആളുകള്‍ നേട്ടങ്ങള്‍ക്കായി സൗഹൃദത്തിന്റെ മറവില്‍ ഉപയോഗിച്ചതായി തോന്നിയിരുന്നുവെന്ന്.
അത്തരം തിരിച്ചറിയലുകള്‍ മനസ്സിലേല്പ്പിക്കുന്ന മുറിവുകള്‍ ഉണ്ടല്ലോ. അതിനെ എങ്ങനെയാണ് മറികടന്നത്? ആ സാഹചര്യം അംഗീകരിച്ചു എന്നുള്ളതാണ്.
അവര്‍ നമ്മളെ ഉപയോഗിച്ചുവല്ലേ. ആ കുഴപ്പമില്ല നമ്മളെ കൊണ്ട് അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതായിക്കൊണ്ട് പോകട്ടേ എന്ന് വിചാരിക്കുന്നു.
അതല്ലാതെ ആ സാഹചര്യത്തില്‍ നമുക്ക് വേറെ ഒന്നും ചെയ്യാനില്ല. അവര്‍ അതിനുവേണ്ടി മാത്രമാണ് നിന്നത് എന്നൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
അവരൊന്നും സുഹൃത്തുക്കളല്ല, അവര്‍ പാമ്പുകളായിരുന്നു. അവര്‍ നമ്മളെ ചുറ്റിയിട്ട് പോയി.
അതുകൊണ്ട് അവര്‍ക്കെന്തെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടെങ്കില്‍ ആയിക്കോട്ടെ.. കരഞ്ഞുപോയിട്ടുണ്ടോ? ഇല്ല അവരുടെ കാര്യം ആലോചിച്ച് കരഞ്ഞിട്ടൊന്നുമില്ല.
എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്. ഇത്ര ഗതികെട്ട് ഇരിക്കേണ്ടതില്ല എന്നു തോന്നിയിട്ടുണ്ട്.
പക്ഷേ, അത് സാരമില്ല. അങ്ങനെയാണ് അവരുടെ ജീവിതം പടുത്തുയര്‍ന്നത്.
പിന്നീട് ഇവരെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നോ? അത്തരം സാഹചര്യത്തില്‍നിന്ന് ഞാന്‍ ഒഴിവാകാറാണ് പതിവ്. എന്നെ അഭിമുഖീകരിക്കാന്‍ അവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകും.
അതുകൊണ്ട് ഞാനാ സാഹചര്യത്തില്‍ നില്‍ക്കാറില്ല. പഴയ ആ സ്പേസില്‍നിന്ന് മാറിയപ്പോള്‍ ഇവര്‍ എല്ലാവരും മാറി.
ആ സ്പേസിലുണ്ടായിരുന്ന ഒരു നാലോ അഞ്ചോ പേര് മാത്രമേ സുഹത്തുക്കള്‍ എന്ന രീതിയില്‍ എന്റെ കൂടെയുള്ളൂ. അന്നും ഒരു പ്രയോജനം നോക്കിയിട്ടില്ല ഇന്നും ഒരു പ്രയോജനം നോക്കിയിട്ടില്ല കൂടെ നില്‍ക്കുന്നത്.
അവരൊക്കെ ഇപ്പോഴുമുണ്ട്. അല്ലാത്തവരൊക്കെ പോയി.
അഭയയെ രൂപപ്പെടുത്തിയത് എന്താണ് ? വായനയാണോ അനുഭവങ്ങളാണോ ഏതെങ്കിലും വ്യക്തികളാണോ? എന്നെ പലരും ചേര്‍ന്നാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് അവിടെ വേണ്ട
അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചകളുമൊക്കെ ഞാന്‍ പഠിക്കുന്നത് അമ്മയില്‍നിന്നാണ് പഠിക്കുന്നത്. അനിയത്തിയില്നിന്നാണ് മറ്റുള്ളവരെ കരുതലോടെ നോക്കണം എന്നുപഠിച്ചത്.
ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍ ഞാന്‍ അവിടെ ഉണ്ടാകില്ല. അവരെ കരുതലോടെ പരിചരിക്കുന്നത് അവളായിരിക്കും.
ഞാന്‍ എന്ന വ്യക്തി അവിടെ ഉണ്ടായിരിക്കില്ല. പക്ഷേ, വേണ്ട
സാമ്പത്തികമെല്ലാം ചെയ്യുന്നതും കാര്യങ്ങള്‍ നോക്കുന്നതും ഞാനായിരിക്കും. അവളില്‍ നിന്നാണ് ഞാന്‍ ആളുകളെ കുറച്ച് കെയര്‍ ചെയ്യണം, അടുത്തിരിക്കണം, അവരുടെ ഇമോഷണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കണം.
എല്ലാവരില്‍നിന്നും ഞാന്‍ പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്. എന്റെ ചുറ്റുപാടുമുള്ളവരാണ് എന്നെ രൂപപ്പെടുത്തിയത്.
എന്റെ അമ്മൂമ്മ, അച്ഛന്റെ പെങ്ങള്, സുഹൃത്തുക്കള്‍… എല്ലാവരുടെയും ആകെത്തുകയാണ് ഞാന്‍. അഭയയെ അഭയ എങ്ങനെയാണ് ഒറ്റവാക്കില്‍ വിശേഷിപ്പിക്കുക? വളരെ ലളിതമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
അതേ സിംപിള്‍ എന്നുപറയാം. വളരെ ലളിതമായി, ചിരിച്ച് പട്ടികളുടെ കൂടെ ജീവിച്ച് മരിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം.
I am a simple human being. എന്നുകരുതി എനിക്ക് ആഡംബരം ഇഷ്ടമല്ലെന്നല്ല.
ആഡംബരം എനിക്കിഷ്ടമാണ്. അതില്‍പോലും കരുണയോടെയും സഹാനുഭൂതിയോടെയും ഇരിക്കുക എന്നുള്ളതാണ്.
ഒരു മനുഷ്യന്റെ യഥാര്‍ഥ വികാരങ്ങള്‍ പ്രകടിപ്പിക്കുക, ഫേക്കായി പെരുമാറാതിരിക്കുക എന്നുള്ളതാണ്. ഫേക്കായി പെരുമാറിക്കഴിഞ്ഞാല്‍ ആ ഒരു നിമിഷത്തില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമായിരിക്കും.
പക്ഷേ, കുറേക്കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളോട് ഒരു പുച്ഛം തോന്നും. ആ ഒരു പുച്ഛമില്ലായ്മ അനുഭവിക്കാതിരിക്കുക.
പക്ഷേ, ഒരു കപടലോകമല്ലേ നമുക്ക് ചുറ്റുമുള്ളത്? എല്ലാവരും അല്ല. അല്ലാത്തവരേയും ഞാന്‍ കണ്ടിട്ടുണ്ട്.
ആ സ്പേസില്‍നിന്ന് മാറിയപ്പോള്‍ ഞാനത് കണ്ടിട്ടുണ്ട്. ഇപ്പോഴുള്ള സുഹൃത്തുക്കള്‍ വളരെ ജെനുവിന് ആയിട്ടുള്ളവരാണ്.
അവര്‍ വളരെ സന്തോഷമായി ജീവിക്കുന്നുണ്ട്. Not all beings are fake.
ബിസിനസ്സിലേക്ക് കൂടി ഇറങ്ങിയിരിക്കുകയാണ്. ഹിരണ്മയ എന്ന സാരി ബ്രാന്‍ഡ് അല്ലേ? ഞാന്‍ മാത്രം നന്നായിട്ട് ഡ്രസ് ചെയ്യണം എന്നല്ല മറ്റുള്ളവരും നന്നായിട്ട് ഡ്രസ് ചെയ്തുകാണാന്‍ എനിക്ക് ഇഷ്ടമാണ്.
അതിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ ബ്രാന്‍ഡ് സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിരണ്മയ എന്നാണ് ബ്രാന്‍ഡിന്റെ പേര്.
ഓണ്‍ലൈന്‍ ആയിട്ട് ഒരു ബൊട്ടീക് ആണ് ഉദ്ദേശിക്കുന്നത്. അത് വിജയിക്കുമ്പോള്‍ ഒരു സ്റ്റോറും മറ്റും തുടങ്ങണം എന്നുകരുതുന്നു.
അതിന്റെ നടപടികള്‍ തുടരുകയാണ്. അതിന് ബുദ്ധി കുറച്ച് മാറ്റിവെച്ച് ആലോചിക്കേണ്ടതുണ്ട്.
അത് വരുന്നു അത്രയേ പറയാന്‍ ആയിട്ടുള്ളൂ. സഹായമില്ലാതെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.
നമ്മുടെ ചുറ്റും നില്ക്കുന്നവരുടെ സഹായം ആവശ്യമുണ്ട്. കോ ഡിപെന്‍ഡഡ് ആയിട്ടേ ജീവിക്കാന്‍ സാധിക്കൂ.
അമ്മയുമായുള്ള പുതിയ സംഗീത വീഡിയോകള്‍ പ്രതീക്ഷിക്കാമോ? ഒന്നിച്ചുളള കച്ചേരികള്‍? തീര്‍ച്ചയായിട്ടും. പിന്നെ എന്നേക്കാള്‍ വലിയ മടിച്ചിയാണ് അമ്മ.
വളരെ നന്നായി പാടുന്ന ഒരു ഗായികയാണ്. മടി ഞങ്ങൾക്കു രണ്ടുപേര്‍ക്കും അല്പം കൂടുതലായതു കാരണമാണ്.
ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അടുത്ത് ഉണ്ടാകും.
അമ്മ കച്ചേരി ചെയ്യാറുള്ളതാണ്. അതിനുവേണ്ടി ഇനി ഞാനാണ് ശ്രമിക്കേണ്ടത്.
തീര്‍ച്ചയായും വൈകാതെ ഉണ്ടാകും. ആറാം മാസം മുതല്‍ അഭിനയിക്കാന്‍ തുടങ്ങിയതല്ലേ.
ബാലതാരങ്ങള്‍ക്ക് വന്ഡിമാന്ഡുള്ള കാലവുമായിരുന്നു അത്. പിന്നെന്തുകൊണ്ട് തുടര്‍ന്നില്ല? ഭരതന് സാറിന്റെ മുന്നില്‍ ഞാന്‍ അഭിനയിച്ചു തകര്ക്കുവായിരുന്നല്ലോ.
മാളൂട്ടി എന്ന സിനിമയില്‍ ശ്യാമിലിയുടെ ചെറുപ്പകാലമായിട്ട്. വളരുന്ന കാലഘട്ടത്തില്‍ ഇദ്ദേഹം ആരാണ് എന്നൊന്നും എനിക്കറിയില്ല.
കുഞ്ഞിലെ ആറാം മാസത്തില്‍ ഭരതന് ക്യാമറവെച്ച കുട്ടി. പിന്നീടാണ് മനസ്സിലായത് വലിയൊരു മഹാനായിരുന്നു അദ്ദേഹമെന്ന്.
ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് എന്റെ മുന്നില്‍ ആരാണ് ക്യാമറ വെച്ചത് ഭരതന് സാര്‍ എന്ന അത്ഭുതത്തില്‍ നില്‍ക്കുന്നത്. ഞാന്‍ ഭരതന് സാറിന്റെ ആര്‍ട്ടിസ്റ്റാണെന്ന് പറയും.
വളരെ അഭിമാനമുണ്ട്. പിന്നീട് വേറെ സിനിമകള്‍ വിളിച്ചിരുന്നുവെങ്കിലും അച്ഛന് ദൂരദര്‍ശനില്‍ ജോലിയായിരുന്നല്ലോ.
കൊണ്ടുപോകാനും മറ്റും പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ ഇപ്പോഴാണ് അവസരങ്ങള്‍ വരുന്നത്.
ഒരു സിനിമ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, അതൊന്നും പുറത്തുപറയാന്‍ ആയിട്ടില്ല.
അഭിനയിക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. എന്റെ പാട്ടിന്റെ കരിയറിനെ ബാധിക്കാത്ത തരത്തില്‍ ബാലന്‍സ് ചെയ്തേ ഞാന്‍ പോകൂ.
സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിനെ കുറിച്ച് എന്താണ് പറയാനുള്ളത്. എപ്പോഴെങ്കിലും അത് മാനസികമായി തളര്ത്തിയിട്ടുണ്ടോ? ഇത്തിരി മാറി ചിന്തിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ള പ്രശ്നമാണല്ലോ സോഷ്യല്‍ മീഡിയ ബുള്ളിയിങ്.
എനിക്കുള്ളതിനേക്കാള്‍ കൂടുതലാണ് മറ്റു പെണ്‍കുട്ടികള്‍ക്കെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നെ അതൊന്നും മാനസികമായി ബാധിച്ചിട്ടേ ഇല്ല.
കാരണം വളരെ ചെറുപ്പം മുതല്‍ തന്നെ ഞാന്‍ ഈ റവല്യൂഷണറി പരിപാടി തുടങ്ങിയത് കാരണം വീട്ടില്‍നിന്നു നാട്ടുകാരുടെ ഇടയില്‍ നിന്നും ഇതുതന്നെയാണല്ലോ കേള്‍ക്കുന്നത്. അത് സോഷ്യല്‍ മീഡിയയിലേക്കും വന്നു എന്നേയുള്ളൂ.
തിരിച്ച് പ്രതികരിച്ചിട്ടില്ലേ? കുറേയൊക്കെ തിരിച്ചുപറഞ്ഞിട്ടുണ്ട്. പ്രതികരിക്കുന്നു എന്ന് പറഞ്ഞാല്‍ ആ മൊമന്റില്‍ ചെയ്യുന്നതാണ്.
അതുകഴിഞ്ഞ് ഞാനങ്ങ് പോകും അതല്ലാതെ അതിനു വേണ്ടി എന്റെ സമയമോ എനര്‍ജിയോ ഞാന്‍ കൊടുക്കാറില്ല. എനിക്ക് എന്റെ കരിയറില്‍ ഫോക്കസ് ചെയ്യേണ്ടതുണ്ട്, നല്ല വര്‍ക്കുകള്‍ ചെയ്യാനുണ്ട്.
നമ്മുടെ എനര്‍ജി നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കേണ്ടതുണ്ട്. അതുകൊണ്ട് അത് മോശം കാര്യങ്ങള്‍ക്ക് വേണ്ടി പാഴാക്കണ്ടല്ലോ എന്ന ചിന്ത എനിക്കുണ്ട്.
Bullying is so sick. മഹാനായ ഒരു നടന് സ്റ്റേജില്‍ കയറി ഏറ്റവും ‘വിയേഡാ’യിട്ടുള്ള ഒരു പ്രസ്താവന നടത്താനുള്ള ധൈര്യം എങ്ങനെയുണ്ടായി.
അയാള്‍ വന്ന വഴിയില്‍ അയാളെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല എന്നുള്ളതല്ലേ? അയാള്‍ അഭിനയിച്ച സിനിമയിലെ സ്ത്രീകള്‍ക്കെതിരേയും അയാള്‍ പ്രശ്നങ്ങളുണ്ടാക്കിയ സമയത്ത് അവിടെ ഉണ്ടായിരുന്ന മറ്റുള്ള ആണുങ്ങള് എന്തുകൊണ്ട് അത് ചോദ്യം ചെയ്തില്ല. അയാളെ ആരും തിരുത്താന്‍ ശ്രമിച്ചില്ല.
അയാള്‍ വലിയൊരു സമൂഹത്തിന്റെ പ്രതിനിധിയാണ്. ഇതുപോലെ ചിന്തിക്കുന്ന കുറേയേറെ ആള്‍ക്കാരുടെ പ്രതിനിധിയാണ്.
അയാളേക്കാള്‍ ‘വിയേഡാ’യി സംസാരിക്കുന്ന നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. അയാള്‍ വളരെ പ്രശസ്തനായതുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ഒരു പരിപാടിയിലാണ് അയാള്‍ അങ്ങനെ സംസാരിക്കുന്നത്.
അതിനുള്ള ധൈര്യം അയാള്‍ക്ക് കിട്ടിയത് വന്ന വഴിയില്‍ അയാളെ തിരുത്താന്‍ ആരും ഇല്ലാത്തതുകൊണ്ടാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ നിറഞ്ഞതാണ് സോഷ്യല്‍ മീഡിയ.
ഇപ്പോഴത്തെ 16-17 വയസ്സായ കുട്ടികളിലാണ് എനിക്ക് പ്രതീക്ഷ. എന്തു രസമാണ് അവര്‍ ഒരുമിച്ച് ഇരിക്കുന്നത് കാണാന്‍, ഒരുമിച്ച് സംസാരിക്കുന്നത് കാണാന്‍.
ലിംഗവ്യത്യാസം ഇല്ലാതെ പെരുമാറുന്നത് കാണാന്‍. അത് ഭയങ്കര രസമാണ്.
അവരെ നോക്കിയാല്‍ മനസ്സിലാകും രസകരമായി ജീവിക്കാന്‍ പറ്റുമെന്ന്. അവര്‍ പ്രതീക്ഷ തരുന്നുണ്ട്.
ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാറുള്ള കൂട്ടത്തിലാണോ. രാഷ്ട്രീയം വളരെ താല്പര്യമുള്ള ആളാണ്. കുട്ടിക്കാലം മുതല്‍ പത്രം വായിക്കാറുണ്ട്.
ഇതെല്ലാം പഠിക്കാനുള്ള മടികൊണ്ട് ചെയ്യുന്നതാണ്. അല്ലാതെ മിടുക്കി ആയതുകൊണ്ടല്ല.
രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ ആയിട്ടില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ കൃത്യമായ നിലപാടുകള്‍ പങ്കുവെക്കാറുണ്ട്.
അതേ, പറയാറുണ്ട്. ഫെയ്സ്ബുക്കില്‍ ചില പ്രസ്താവനകളോട് ആക്ഷേപഹാസ്യരൂപത്തില് പ്രതികരിക്കാറുണ്ട്.
ഒരുപാട് പ്രൊജക്ടുകള്‍, ബാന്‍ഡ്, ബ്രാന്‍ഡ്. തിരക്കിലാവുകയാണ്.
മുന്നോട്ടുളള ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ എന്തെല്ലാമാണ്? ജീവിതത്തില്‍ എല്ലായ്പ്പോഴും തിരക്കിലായിരിക്കണം എന്നാഗ്രഹിക്കുന്ന ആളാണ്. ദിവസത്തില്‍ കുറച്ചു മണിക്കൂറുകള്‍ നല്ല തിരക്കായിരിക്കുകയും ആ മണിക്കൂറുകള്‍ തല കൊണ്ടാണെങ്കിലും ശരീരം കൊണ്ടാണെങ്കിലും പണിയെടുത്തിട്ടുണ്ടെങ്കില്‍ എണീറ്റുവന്ന് കിടക്കുന്ന സമയത്തുണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ..ആ സുഖം അതിനുവേണ്ടി പട്ടിയെ പിടിച്ച് അടുത്ത് കിടത്തി കിടക്കുമ്പോഴുണ്ടാകുന്ന സുഖം.
അതൊക്കെ തന്നെയാണ് ജീവിതം. അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
ബിസിയായിരിക്കുക എന്നുള്ളതാണ് ആഗ്രഹം, വിജയം അതിന്റെ കൂടെ വരും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമ്മള് നന്നായി ജോലിയെടുത്തു കഴിഞ്ഞാല്‍ വിജയം കൂടെ വരും, സന്തോഷവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]