
തിരുവനന്തപുരം: തമിഴ്നാട് കേരള അതിർത്തി മേഖലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ. പാറശ്ശാല കരുമാനൂർ ബി .ഡി നിവാസിൽ ബർണാഡ് (50) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അതിർത്തി മേഖലകളിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിലാണ് ഇയാളെ പിടികൂടിയത് .
കഴിഞ്ഞദിവസം വൈകുന്നേരം കാരക്കോണത്തിന് സമീപം പുല്ലന്തേരിയിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ രണ്ടു വളകളുമായി എത്തിയ പ്രതി വ്യാജ പേരും, മേൽവിലാസവും നൽകി 68,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തി. പണം മൊത്തമായി കൊടുക്കാൻ ആസമയത്ത് സാധിച്ചില്ല. അതിനാൽ സ്ഥാപനത്തിലെ ജീവനക്കാരി 49,000 രൂപ നൽകിയിട്ട് ബാക്കി തുക ഒരു മണിക്കൂറിനു ശേഷം തരാമെന്നു പറഞ്ഞു മടക്കി അയക്കുകയായിരുന്നു.
തുടർന്ന് സ്ഥാപന ഉടമയെത്തി സ്വർണ്ണം പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടർന്ന് ആറര മണിയോടെ ബാക്കി തുക വാങ്ങാനെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വെള്ളറട പൊലീസിൽ ഏൽപ്പിച്ചു. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി രാവിലെ കാരക്കോണത്ത് മറ്റൊരു സ്ഥാപനത്തിൽ രണ്ടു വളകൾ പണയപ്പെടുത്തി 70,000 രൂപ കൈപ്പറ്റിയതായി കണ്ടെത്തി.
ഒരു ആഴ്ചക്കുള്ളിൽ പളുകൽ പ്രദേശത്ത് നിന്നും 72,000 രൂപയും, പാറശ്ശാലയിൽ നിന്നും 33,000, രൂപയും, പുത്തൻക്കടയിൽ നിന്നും 48000 രൂപയും ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. വ്യത്യസ്തങ്ങളായ പേരും മേൽവിലാസവും നൽകിയാണ് ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത് എന്ന് സമ്മതിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും പ്രതി സമാന തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പാറശ്ശാല, പളുകൽ പൊലീസ് സ്റ്റേഷനുകളിലും ഇയാള് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസുകളിലെ പ്രതിയാണ്. വെള്ളറട എസ്.ഐ റസൂൽ രാജിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]