

First Published Oct 12, 2023, 4:53 PM IST
കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്.
മുൻവർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 92 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി. ശിവ് നാടാർ 29.3 ബില്യൺ ഡോളർ, സാവിത്രി ജിൻഡാൽ 24 ബില്യൺ ഡോളർ, രാധാകൃഷ്ണൻ ദമാനി 23 ബില്യൺ ഡോളർ എന്നിവർ ആദ്യ അഞ്ചിൽ ഇടം പിടിച്ചു.
പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫ് അലി 7.1 ബില്യൺ ഡോളർ ആസ്തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്. 5.4 ബില്യൺ ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വർഷം ഇന്ത്യയിലെ സമ്പന്നരിൽ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ലുലു ഗ്രൂപ്പ് ശൃംഖല വ്യാപിപ്പിക്കുന്നതിനിടെയാണ് 27-ാം സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ മുന്നേറ്റം.
Read also:
ഏറ്റവും ധനികരായ മലയാളികളിൽ യൂസഫ് അലിക്ക് പിന്നിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ്. 4.4 ബില്യൺ ഡോളറിന്റെ ആസ്തിയോടെ റാങ്കിൽ 50-ാം സ്ഥാനം. കഴിഞ്ഞ വർഷം 3.1 ബില്യൺ ഡോളർ ആസ്തിയോടെ 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.
യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 3.7 ബില്യൺ ഡോളർ ആസ്തിയോടെ പട്ടികയിലെ മലയാളികളിൽ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടർ കൂടിയാണ് ഡോ. ഷംഷീർ.
വ്യക്തിഗത സമ്പന്നർക്കൊപ്പം 4.9 ബില്യൺ ഡോളർ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുൻനിരയിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 3.25 ബില്യൺ ഡോളർ (റാങ്ക് 67), ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, 3.2 ബില്യൺ ഡോളർ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി, 2.93 ബില്യൺ ഡോളർ (റാങ്ക് 78) എന്നിവരാണ് ഫോബ്സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുൽ നാഥും ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.
ഫോർബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യൻ സമ്പന്നരുടെ മൊത്തം ആസ്തിയിയായ 799 ബില്യണിൽ വൻ കുതിപ്പുണ്ടായിട്ടില്ല. ഓഹരി വിപണിയിൽ 14% വർദ്ധനവ് ഉണ്ടായെങ്കിലും രൂപയുടെ മൂല്യ തകർച്ച കാരണം സമ്പത്തിൽ ഇത് പ്രതിഫലിച്ചില്ലെന്നും ഫോബ്സ് വിലയിരുത്തുന്നു. 8 ശതകോടീശ്വരന്മാർ പട്ടികയിൽ നിന്ന് പുറത്തായപ്പോൾ 7 പേർ പട്ടികയിൽ തിരിച്ചെത്തി.
Last Updated Oct 12, 2023, 4:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]