
ഇസ്രയേല്‍-ഹമാസ് യുദ്ധം; അഞ്ചാം ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 3,600 ആയി ഉയര്‍ന്നു; ഇസ്രയേലില്‍ ഒറ്റപ്പെട്ട് പോയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാൻ ശ്രമം തുടരുന്നു; ഹമാസ് ആക്രമണത്തിന് മൂന്നുനാള്‍ മുൻപ് ഇസ്രയേലിന് ഈജിപ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് റിപ്പോർട്ട്; മുന്നറിയിപ്പ് കിട്ടിയിട്ടും, ഇസ്രയേല്‍ എന്തുകൊണ്ടു തയ്യാറെടുത്തില്ല എന്ന ചോദ്യം ബാക്കി…
സ്വന്തം ലേഖകൻ
ജെറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ അഞ്ചാം ദിവസം മരണസംഖ്യ 3,600 ആയി ഉയര്‍ന്നപ്പോഴും, ശമനത്തിന്റേതായ ലക്ഷണങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, കൂടുതല്‍ തീവ്രമാവുകയാണ് പോരാട്ടം. ലബനനില്‍ നിന്നുള്ള വ്യോമാക്രമണം സംശയിക്കുന്നതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതാണ് ഒടുവിലത്തെ വാര്‍ത്ത. ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്കൻ മേഖലയില്‍ റോക്കറ്റ് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
അതിനിടെ, ഹമാസ് ഇന്ന് വൈകുന്നേരം നടത്തിയ ഒടുവിലത്തെ റോക്കറ്റാക്രമണത്തില്‍, ഒരു കുട്ടികളുടെ ആശുപത്രിയും, സൂപ്പര്‍ മാര്‍ക്കറ്റും തകര്‍ന്നു. തെക്കൻ നഗരമായ ആഷ്കലോണിലാണ് സംഭവം. ബര്‍സിലായി മെഡിക്കല്‍ സെന്ററാണ് തകര്‍ന്നുവീണത്. അവിടെ കുട്ടികളുടെ വിഭാഗം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്. റോക്കറ്റാക്രമണത്തില്‍ തകര്‍ന്ന ഒരുസൂപ്പര്‍ മാര്‍ക്കറ്റിന്റെ ചിത്രങ്ങളും പുറത്തുവന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്നീട് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരുകുട്ടിയുടെ ചിത്രം പുറത്തുവിട്ടിട്ട്, ഹമാസ് ഐസിസിനേക്കാള്‍ വഷളാണെന്ന് കുറിച്ചു. സൈറണ്‍ കേട്ട് രക്ഷയ്ക്കായി ഓടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി
ഇസ്രയേലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ എത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിക്കും ഉണ്ടായി പേടിപ്പിക്കുന്ന അനുഭവം. ഗസ്സയില്‍ നിന്ന് 20 മൈല്‍ അകലെയുള്ള ഒഫാകിമിലായിരുന്നു അപ്പോള്‍ ക്ലവേര്‍ലി. വ്യോമാക്രമണ സൈറണ്‍ മുഴങ്ങിയപ്പോളാണ് അദ്ദേഹത്തിന് മറ്റുള്ളവര്‍ക്കൊപ്പം രക്ഷയ്ക്കായി ഓടേണ്ടി വന്നത്. അതിന്റെ വീഡിയോയും പുറത്തു വന്നു.
17 ഓളം ബ്രിട്ടീഷ്-ഇസ്രയേലി പൗരന്മാര് സംഘര്‍ഷത്തില്‍ പെട്ട് കൊല്ലപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടന്റെ അചഞ്ചലമായ പിന്തുണ ഇസ്രയേലിനുണ്ടെന്നും ജെയിംസ് ക്ലവര്‍ലി സന്ദര്‍ശനത്തിനിടെ പറഞ്ഞു. ഇസ്രയേലിലേക്കും, തിരിച്ചുമുള്ള വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്സ് റദ്ദാക്കിയിട്ടുണ്ട്.
ഈജിപ്റ്റ് നേരത്തെ മുന്നറിയിപ്പ് നല്കി. ഹമാസിന്റെ ആക്രമണ സാധ്യതയെ കുറിച്ച് ഇസ്രയേലിന് ഈജിപ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിവരം, ഹമാസിന്റെ കടന്നുകയറ്റത്തിന് മൂന്നുനാള്‍ മുമ്ബാണ് ഈജിപ്റ്റ് മുന്നറിയിപ്പ് നല്‍കിയതെന്ന് യുഎസിലെ വിദേശകാര്യ കമ്മിറ്റി ചെയര്‍മാനും, റിപ്പബ്ലിക്കൻ നേതാവുമായ മൈക്കിള്‍ മാക് കോള്‍ പറഞ്ഞു.
ഇതോടെ മുന്നറിയിപ്പ് കിട്ടിയിട്ടും, ഇസ്രയേല്‍ ഇന്റലിജൻസ് വിഭാഗം എന്തുകൊണ്ടു തയ്യാറെടുത്തില്ല എന്ന ചോദ്യം ഉയരുന്നു. മുന്നറിയിപ്പിനെ ലാഘവത്തോടെ കണ്ടതാണെങ്കില്‍ അത് വിവാദത്തിന് ഇടയാക്കിയേക്കും.
അസേസമയം, ഇസ്രയേല്‍ പ്രതിരോധ സേന ഗസ്സയിലെ ബീക് ഹാനോണില് 80 ലേറെ സ്ഥലങ്ങളില്‍ ആക്രമണം നടത്തി.വ്യോമാക്രമണത്തിലൂടെ ഗസ്സയെ തകര്‍ത്തുതരിപ്പണമാക്കിയ ഇസ്രയേല്‍, കരയുദ്ധത്തിലേക്ക് നീങ്ങുകയാണ്. ആയിരം പേരടങ്ങുന്ന നൂറോളം സൈനിക ട്രൂപ്പുകളെ ഗസ്സ അതിര്‍ത്തിയിലും ലെബനൻ അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചു കഴിഞ്ഞു.
ഗസ്സ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവും വ്യക്തമാക്കി. ‘ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാര്‍ക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രയേല്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഗസ്സയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചര്‍ച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി.
ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രയേലില്‍ 1200 പേരും ഗസ്സയില്‍ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ കേന്ദ്രങ്ങള്‍ എല്ലാം തകര്‍ത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ല്‍ ഗസ്സയില്‍ നിന്ന് സൈന്യത്തെ പിൻവലിച്ച ഇസ്രയേല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗസ്സ പിടിക്കാൻ ഇറങ്ങുകയാണ്. ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കലാണ് ഇസ്രയേലിന്റെ ലക്ഷ്യം.
ഇന്ത്യാക്കാര്‍ സുരക്ഷിതര്‍
20,000 ത്തിലേറെ ഇന്ത്യാക്കാര്‍ ഇസ്രയേലില്‍ ജീവിക്കുന്നുണ്ട്. ഇതുവരെ ആര്‍ക്കെങ്കിലും, പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിവരമില്ല, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ കോബി ഷോഷാനി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇസ്രയേലില്‍ ഒറ്റപ്പെട്ട് പോയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം ശ്രമം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]