

ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർത്ത് നശിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഭീകരർ യുവതികളെ ബലാത്സംഗം ചെയ്യുകയും ആൺകുട്ടികളേയും പെൺകുട്ടികളേയും വെടിവെച്ച് കൊല്ലുകയാണെന്നും നെതന്യാഹു ആരോപിച്ചു. ‘ ഹമാസ് ഭീകരർ യുവതികളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയാണ്. തലയിൽ വെടിയേറ്റു കിടക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും ഞങ്ങൾ കണ്ടു. സ്ത്രീകളേയും പുരുഷന്മാരയേും അവർ ജീവനോടെ കത്തിക്കുകയാണ്. ശിരച്ഛേദം ചെയ്യപ്പെട്ട സൈനികരും ഹമാസിന്റെ ക്രൂരതകളെയാണ് ലോകത്തിന് മുന്നിൽ കാണിക്കുന്നത്. അതുകൊണ്ട് ഓരോ ഭീകരനേയും അടിവേരോടെ തന്നെ പിഴുതു കളയുമെന്നും” നെതന്യാഹു പറഞ്ഞു.
യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇരുഭാഗത്തുമായി 2300ലധികം പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ക്രൂരതകളിൽ നിശബ്ദനാകാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ രക്ഷപെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. അതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്നും ബൈഡൻ പറയുന്നു.
ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതിനാൽ ഈ നീക്കം തകർക്കാനും ഇസ്രായേൽ സൈന്യത്തിന് സാധിച്ചു. ലെബനനിൽ നിന്ന് ഭീകരർ നുഴഞ്ഞു കയറിയതായി സംശയം ഉയർന്നെങ്കിലും, ഇസ്രായേൽ സൈന്യം തന്നെ ഇക്കാര്യം പിന്നീട് നിഷേധിക്കുകയുണ്ടായി.