
ലിവ്യൂ
ലിവ്യൂവിലും കീവിലും റഷ്യയുടെ മിസൈൽ ആക്രമണം. ലിവ്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സമീപമുള്ള വിമാന അറ്റകുറ്റപ്പണി നടത്തുന്ന പ്ലാന്റ് തകർന്നു. പോളണ്ട് അതിർത്തിയോട് ചേർന്നാണ് ലിവ്യൂ. നിരവധി പേരാണ് ഇതുവഴി പോളണ്ടിലേക്ക് കടക്കുന്നത്. ഖർകിവിൽ ഷെൽ ആക്രമണത്തിൽ സർവകലാശാല കെട്ടിടവും പാർപ്പിട സമുച്ചയവും തകർന്നു. ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്രാമൻസ്കിലുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കീവിലും മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മരിയൂപോളിൽ ബോംബ് ആക്രമണത്തിൽ തകർന്ന തിയറ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തി. ഇവിടെയുള്ള ബങ്കറിൽ ഇനിയും ആയിരത്തിമുന്നൂറോളം പേരുണ്ടെന്ന് ഉക്രയ്ൻ അധികൃതർ പറഞ്ഞു.
ഉക്രയ്ന്റെ ആക്രമണത്തോട്
പാശ്ചാത്യരാജ്യങ്ങള്‍ക്ക് മൗനം: റഷ്യ
കിഴക്കൻ ഉക്രയ്നിലെ റഷ്യൻ അനുകൂല പ്രദേശങ്ങളായ ഡോണെട്സ്കിലും ലുഹാൻസ്കിലും ഉക്രയ്ൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങൾ മുഖംതിരിക്കുകയാണെന്ന് റഷ്യ. ഡോണെട്സികിൽ ഉക്രയ്ൻ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. എന്നാൽ ഇക്കാര്യം പാശ്ചാത്യ രാജ്യങ്ങൾ അവഗണിക്കുകയാണെന്നും ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വ്ലാദിമിർ പുടിൻ പറഞ്ഞു.ഏകാധിപതി, യുദ്ധക്കുറ്റവാളി എന്നെല്ലാമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുടിനെ അധിക്ഷേപിക്കുന്നത്. ബോംബാക്രമണത്തിൽ പതിനായിരങ്ങളെ കൊന്നൊടുക്കിയ രാജ്യത്തിന്റെ പ്രസിഡന്റ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
റഷ്യയിൽ കൂറ്റൻറാലി
ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിയതിന്റെ എട്ടാംവാര്ഷികദിനത്തില് മോസ്കോയില്‍ സൈന്യത്തെ അഭിനന്ദിക്കുന്ന റാലിയില്‍ രണ്ടുലക്ഷത്തോളം പേര് പങ്കെടുത്തു. റാലിയെ പുടിന് അഭിവാദ്യംചെയ്തു
ആർടി വിലക്കി
ബ്രിട്ടൻ
റഷ്യൻ വാർത്താ ഏജൻസിയായ ആർടിയെ വിലക്കി ബ്രിട്ടൻ. ആർടിയുടെ ലൈസൻസ് റദ്ദാക്കിയതായി ബ്രിട്ടനിലെ മാധ്യമ നിയന്ത്രണ സംവിധാനമായ ഓഫ്കോം അറിയിച്ചു. 2009ൽ ആണ് ആർടി ബ്രിട്ടനിൽ സംപ്രേഷണം ആരംഭിച്ചത്. ബ്രിട്ടനിലെ ജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള മാർഗമാണ് നിഷേധിച്ചതെന്ന് ആർടി ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അന്ന ബൽകിന പറഞ്ഞു. അമേരിക്കയുടെയും യൂറോപ്പിന്റെയും റഷ്യൻവിരുദ്ധ വികാരം ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നതിലേക്കെത്തിയെന്ന് ക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]