ടെൽ അവീവ്: രാജ്യത്തിന്റെ അതിർത്തി മേഖലകൾ ഹമാസ് തീവ്രവാദികളിൽ നിന്ന് തിരിച്ചു പിടിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ നാലാം ദിനമായ ഇന്നലെ അതിർത്തി മേഖലകൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രായേൽ സൈനിക വക്താവും അറിയിച്ചിരുന്നു. നിലവിലുള്ള പോരാട്ടം ഹമാസിനെ നശിപ്പിക്കാനും രാജ്യത്തിന്റെ സ്ഥിരതയ്ക്കും വേണ്ടിയുള്ളതാണെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസയ്ക്ക് സമീപവും ലെബനന്റെ വടക്കൻ അതിർത്തികളിലുമായി വലിയ യുദ്ധസന്നാഹമാണ് ഇസ്രായേൽ ഒരുക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇരുഭാഗത്തുമായി മരിച്ചവരുടെ എണ്ണം 3000 കടന്നെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ അതിർത്തി മേഖലകളിൽ നിന്നായി 1,87,500ലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 1500ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് അറിയിച്ചിരുന്നു.
അതേസമയം യുദ്ധത്തിൽ ഇതുവരെ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിന് അധികസഹായം നൽകാൻ അമേരിക്ക തയ്യാറായിട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരുടെ പരസ്യ വധശിക്ഷ നടപ്പാക്കുമെന്ന ഹമാസിന്റെ ഭീഷണി അങ്ങേയറ്റം ഗൗരവത്തോടെയാണ്
കാണുന്നതെന്നും ജോ ബൈഡൻ പറഞ്ഞു. പ്രായമായവരും കുട്ടികളും ഉൾപ്പെടെ 150ഓളം പേർ ഹമാസിന്റെ തടവിലുണ്ട്. ബ്രസീൽ, കംബോഡിയ, കാനഡ, അയർലൻഡ്, മെക്സിക്കോ, നേപ്പാൾ, പനാമ, പരാഗ്വേ, റഷ്യ, ശ്രീലങ്ക, തായ്ലൻഡ്, യുക്രെയ്ൻ എന്നീ രാജ്യങ്ങളുടെ പൗരന്മാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ബന്ദികളാക്കപ്പെട്ട ഓരോരുത്തരേയും കൊല്ലുമെന്നാണ് ഹമാസ് മുന്നറിയിപ്പ് നൽകിയത്.