
കൽപ്പറ്റ: വയനാട് ജില്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയെ ചെല്ലി ഉയര്‍ന്ന പരാതികള്‍ക്ക് പിന്നാലെ പട്ടിക മരവിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. ജില്ലയിലെ 36 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡണ്ടുമാരെ നിയമിച്ച് കൊണ്ട് ഡിസിസി നൽകിയ പട്ടിക, കെപിസിസി അംഗീകരിച്ചിരുന്നു. ഈ പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്റ് മരവിപ്പിച്ചത്. പട്ടിക പുറത്ത് വന്നതിന് പിന്നാലെ, പക്ഷപാതപരവും സാമുദായിക സന്തുലനം പാലിക്കാത്തതും അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. പട്ടിക പ്രസിദ്ധീകരിച്ച ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ തന്നെയാണ് പട്ടിക മരവിപ്പിച്ച കാര്യം പുറത്ത് വിട്ടതും. പട്ടിക ഹൈക്കമാന്റ് മരവിപ്പിച്ചതിന് പിന്നാലെ പട്ടിക പുനഃപരിശോധിക്കുമെന്ന് ഡിസിസി അറിയിച്ചു.
ഒരു തരത്തിലുള്ള മത-സാമുദായിക പ്രാതിനിധ്യവും സംവരണ തത്വങ്ങളും പിട്ടിക പാലിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. എസ്സി-എസ്ടി, വനിതാ പ്രാതിനിധ്യം എന്നിവ പരിഗണിക്കാത്ത പട്ടികയില്‍ വനിത അധ്യക്ഷയായി ഒരാളും ഒരു ദളിത് പ്രതിനിയുമാണ് ഇടം കണ്ടത്. പട്ടിക മരവിപ്പിച്ചതിന് പിന്നാലെ പട്ടിക പുനപരിശോധിക്കാന്‍ എഐസിസി നിര്‍ദേശിച്ചതായാണ് പുറത്ത് വരുന്ന വിവരം. പട്ടിക സംബന്ധിച്ച് പരാതികളുണ്ടെന്ന് ഡിസിസി നേതൃത്വവും സ്ഥിരീകരിച്ചു.
കൽപ്പറ്റ മണ്ഡലം പ്രസിഡണ്ടിന്റെ നിയമനത്തെ ചെല്ലിയായിരുന്നു ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന് പുറത്ത് വരുന്ന വിവരം. രാഹുൽ ഗാന്ധി എംപിയുടെ മണ്ഡലമായ വയനാടിന്റെ ആസ്ഥാനമായ കൽപ്പറ്റയിൽ ഒരു ദളിത് നേതാവിനെ മണ്ഡലം പ്രസിഡന്റ് ആക്കാനുള്ള നീക്കത്തെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിച്ചെന്നായിരുന്നു പ്രധാന ആരോപണം. റദ്ദാക്കിയ ലിസ്റ്റിലെ പ്രസിഡന്റായി നിര്ദ്ദേശിക്കപ്പെട്ടിരുന്നയാള്ക്ക് ത്രിതല തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്നും ഇയാള്‍ക്ക് ജനസമ്മതിയില്ലെന്നും ആരോപണം ഉയര്‍ന്നു. നേരത്തെ മണ്ഡലം പ്രസിഡണ്ട് ആയിരിക്കെ അനാശാസ്യ പ്രവർത്തനത്തിന് പിടികൂടിയതിനെ തുടര്‍ന്ന് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടയാളാണ് ഇയാളെന്നും എതിര് ഗ്രൂപ്പ് ആരോപണം ഉന്നയിച്ചു. ഒപ്പം രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ കെപിസിസി അന്വേഷണ കമ്മീഷൻ ഇയാൾ കുറ്റക്കാരനാണെന്ന് വിലയിരുത്തി നടപടിക്ക് ശുപാർശ ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം
കൽപ്പറ്റ നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന 11 മണ്ഡലം പ്രസിഡന്റുമാരിൽ എസ്സി, എസ്ടി വിഭാഗത്തില്‍ നിന്ന് ഒരാളെ പോലും പരിഗണിച്ചിരുന്നില്ലായിരുന്നു മറ്റൊരു ആരോപണം. ലിസ്റ്റിൽ 20 ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 11 ൽ എട്ട് പേരെയും നിയമിച്ചുവെന്നതും ആരോപണത്തിന് കാരണമായി. മുസ്ലിം ഹിന്ദു, ദളിത് പ്രതിനിധികളെ ബോധപൂര്‍വ്വം തഴഞ്ഞെന്നും ആരോപണം ഉയര്‍ന്നു. ഈയിടെ നടന്ന ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനത്തിലും മുസ്ലിം, ദളിത്, ആദിവാസി വിഭാഗത്തിൽ നിന്നും ഒരാളെപ്പോലും നിയമിയ്ക്കാതിരുന്നത് അന്ന് തന്നെ വിവാദമായിരുന്നു. നേരത്തെ ബ്ലോക്ക് പ്രസിഡണ്ടുമാരായി ആറുപേരെ നിയമിച്ചപ്പോൾ അതിൽ നാല് പേർ ക്രിസ്ത്യൻ, രണ്ട് പേർ ഹിന്ദു എന്നിങ്ങനെയായിരുന്നു സമവാക്യം. ഈ പട്ടികയിലും സമുദായ സന്തുലിതാവസ്ഥ പാലിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ മണ്ഡലം പ്രസിഡണ്ടുമാരെ നിയമിക്കുമ്പോൾ ഈ കുറവ് പരിഹരിക്കുമെന്നായിരുന്നു ഡിസിസി പ്രസിഡണ്ടിന്റെ ഉറപ്പ്. ഈ വാക്ക് പാലിക്കാന്‍ ഡിസിസി പ്രസിഡന്റ് തയ്യാറായില്ലെന്ന് എതിര്‍ചേരി ആരോപിക്കുന്നു.
സുൽത്താൻബത്തേരി അർബൻ ബാങ്ക് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്കും ഡിസിസി പ്രസിഡന്റ് സ്വന്തക്കാരെ തിരുകി കയറ്റിയെന്നും ഡിസിസി പ്രസിഡന്റിന്റെ തെറ്റായ തീരുമാനമാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമെന്നും ആരോപണം ഉയര്‍ന്നു. അനഭിമതനായ ആളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കോൺഗ്രസിന്റെ നിലവിലുള്ള ആറ് മുനിസിപ്പൽ കൗൺസിൽമാരിൽ മൂന്നുപേരും രാജിവെക്കുമെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരം. അങ്ങനെ സംഭവിച്ചാല്‍ നിലവിൽ യുഡിഎഫ് ഭരിക്കുന്ന കൽപ്പറ്റ നഗരസഭാ ഭരണവും മുന്നണിക്ക് നഷ്ടമാകും. ഡിസിസി പ്രസിഡന്റിന്റെ പിടിവാശിയില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനും കടുത്ത അതൃപ്തി ഉള്ളതായാണ് പുറത്ത് വരുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Oct 10, 2023, 5:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]