നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള കോടിമത രണ്ടാംപാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ പുതിയ പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ, പഴയ പാലത്തിന്റെ സമീപനപാത നവീകരണ പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി ആരംഭിക്കും. പുതിയ പാലത്തിന് സമീപത്തുനിന്ന് മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കും.
ഇതിന്റെ ചുമതല കെൽട്രോണിനെ പൊതുമരാമത്ത് വകുപ്പ് ഏൽപ്പിച്ചിട്ടുണ്ട്. സിഗ്നൽ സംവിധാനം പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണത്തിനായി പോലീസിന്റെ സേവനം ലഭ്യമാക്കും.
എം.സി. റോഡിൽ കോടിമതയിലുള്ള യാത്രാക്ലേശത്തിന് ഈ പദ്ധതിയിലൂടെ ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ജില്ലകളിൽ നിന്നും കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയിലെ ഏറ്റവും വലിയ തടസ്സമായിരുന്നു കോടിമതയിലെ ഇടുങ്ങിയ പഴയപാലം.
കോട്ടയം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, മറ്റ് പ്രമുഖ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കും ഇനി ഗതാഗതക്കുരുക്കിൽ പെടാതെ നഗരം പിന്നിടാം. രണ്ട് പാലങ്ങളും പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രയും വൺവേ സംവിധാനത്തിലേക്ക് മാറ്റുന്നത് അധികൃതർ പരിഗണിക്കുന്നുണ്ട്.
പഴയ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമാകും വൺവേ സംവിധാനം നടപ്പിലാക്കുക. ജലപാതയ്ക്കും ടൂറിസത്തിനും പുതിയ ഉണർവ് കൊടൂരാറ്റിലൂടെയുള്ള ഉൾനാടൻ ജലഗതാഗതത്തിന് പുതിയ പാലം വലിയ കരുത്താകും.
ആവശ്യത്തിന് ഉയരത്തിലാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. ഇത് കോടിമത ബോട്ട് ജെട്ടി കേന്ദ്രീകരിച്ചുള്ള ബോട്ട് സർവീസുകളുടെയും ടൂറിസം മേഖലയുടെയും വികസനത്തിന് മുതൽക്കൂട്ടാകും.
കുമരകം, ആലപ്പുഴ കായൽ ടൂറിസം ശൃംഖലയെ കൊടൂരാർ വഴി കോട്ടയം നഗരവുമായി ബന്ധിപ്പിക്കുന്ന ഹൗസ് ബോട്ട് സർവീസുകൾക്കും ഇതുവഴി പുതിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്. പഴയ പാലത്തിന് പുനർജൻമം പുതിയ പാലത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നതോടെ പഴയ പാലത്തിന്റെ നവീകരണ ജോലികൾക്ക് തുടക്കമാകും.
സമീപനപാത താഴ്ന്നുകിടക്കുന്നതുമൂലം ഇവിടെ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മണ്ണുനീക്കം ചെയ്തുള്ള വിശദമായ പരിശോധനകൾക്ക് ശേഷമാകും പാലം ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടപ്പിലാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

