ദീപാവലി വേളയിൽ ജീവനക്കാർക്ക് വ്യത്യസ്തമായ സമ്മാനങ്ങൾ നൽകി ശ്രദ്ധേയമായിരിക്കുകയാണ് ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലൂയിഷ് (Influish) എന്ന സ്റ്റാർട്ടപ്പ് കമ്പനി. പതിവ് മധുരപലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി, ദീർഘനേരം ജോലി ചെയ്യുന്ന ജീവനക്കാരുടെ ശാരീരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങളാണ് കമ്പനി സമ്മാനമായി നൽകിയിരിക്കുന്നത്.
ബാക്ക് മസാജർ, ബേക്ക് ചെയ്ത പലഹാരങ്ങൾ, സുഖപ്രദമായ ബെഡ് കംഫർട്ടർ എന്നിവയടങ്ങുന്നതാണ് ഈ ദീപാവലി ഗിഫ്റ്റ് ഹാംപർ. സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനായ സങ്കൽപ്പ് നാഗ് ‘ദി വൈറൽ സ്റ്റാർട്ടപ്പ് ഓഫീസ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദീപാവലി സമ്മാനങ്ങളുടെ വീഡിയോ പുറത്തുവിട്ടത്.
ഓഫീസിലെ ഓരോ ജീവനക്കാരന്റെയും ഡെസ്കിൽ സമ്മാനങ്ങൾ വെച്ചിരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. “മുൻനിര കമ്പനികൾ ജീവനക്കാർക്ക് വലിയ സമ്മാനങ്ങൾ നൽകുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്.
എന്നാൽ, ഞങ്ങൾ അത് പ്രാവർത്തികമാക്കിയിരിക്കുകയാണ്” എന്ന് സങ്കൽപ്പ് നാഗ് വീഡിയോയിലൂടെ വ്യക്തമാക്കി. ഏകദേശം 13,000 രൂപ വിലമതിക്കുന്ന കൾട്ട് (Cult) ബ്രാൻഡിന്റെ ബാക്ക് മസാജറാണ് ഇതിലെ പ്രധാന ആകർഷണം.
“ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്ത് ആളുകൾ തളരുന്നു, അതിനാൽ ഈ ബാക്ക് മസാജർ അവർക്ക് തീർച്ചയായും ഉപകാരപ്പെടും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദീപാവലി ആഘോഷത്തിന് ശേഷവും ജീവനക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഇത്തരം സമ്മാനങ്ങൾ നൽകിയ മാനേജ്മെന്റിന്റെ തീരുമാനത്തെ നിരവധിപ്പേർ പ്രശംസിച്ചു. “ജീവനക്കാരുടെ പ്രൊഡക്ടിവിറ്റിയും കാര്യക്ഷമതയും കൂട്ടുന്ന സമ്മാനം”, “നിങ്ങളുടെ കഠിനാധ്വാനത്തെ ഞങ്ങൾ മാനിക്കുന്നു എന്ന് വ്യക്തമാക്കുന്ന സമ്മാനം” എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മൾട്ടിനാഷണൽ കമ്പനികൾ നൽകുന്ന സമ്മാനങ്ങളേക്കാൾ മികച്ചതാണിതെന്നും, കമ്പനിയിൽ പുതിയ ഒഴിവുകൾ ഉണ്ടോയെന്ന് അന്വേഷിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

