നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടൻ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചലച്ചിത്രം ഓം തിയറ്ററുകളിലേക്ക് എത്തുന്നു.
നവംബർ 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബർമ കാർത്തികേയൻ എന്ന നിർണ്ണായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് അടുത്തിടെ സംഘടിപ്പിച്ച പ്രീ-റിലീസ് ചടങ്ങിൽ മമ്മൂട്ടിയും ധനുഷും പങ്കുവെച്ച വിശേഷങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. പതിവുപോലെ തന്റെ തനതായ ശൈലിയിലുള്ള മമ്മൂട്ടിയുടെ തമാശ കലർന്ന പ്രസംഗം ഏറെ ശ്രദ്ധ ആകർഷിച്ചു.
രജനികാന്തിനും ധനുഷിനുമൊപ്പം ഇതിനകം അഭിനയിച്ചുകഴിഞ്ഞ താരം, ധനുഷിന്റെ മകനൊപ്പം ഭാവിയിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും തമാശരൂപേണ വേദിയിൽ പങ്കുവെച്ചു. ചടങ്ങിൽ സംസാരിക്കവെ മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ: “ഏഴ് വർഷത്തിനു ശേഷം ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമയാണ് ഓം.
പേരൻപിന് ശേഷം ഒരു തമിഴ് പടം ചെയ്യണമെന്ന് കരുതിയിരുന്നു. നിറയേ പേരോട് ചോദിച്ചു.
അവരാരും എനിക്ക് അവസരം തന്നില്ല. ഓം ഒരു അവിസ്മരണീയമായ സിനിമയാണ്.
ഞാൻ രജി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകൻ അടുത്തിരിക്കുന്നുണ്ട്.
അവൻ എപ്പോൾ അഭിനയിക്കാൻ പോകുന്നെന്ന് അറിയില്ല(അവൻ എപ്പോ നടിക്ക പോറേന്ന് തെരിയില).ഇതിലൊരുപാട്(ഓം) കഥകളുണ്ട്. സാധാരണക്കാരുടെ ഒരു മലയോര പശ്ചാത്തലത്തിലുള്ള കഥ, സായി പല്ലവിയുടെ കഥ, ധനുഷ് സാറിന്റെ കഥ, അങ്ങനെയങ്ങനെ… ഞാൻ കഥയൊന്നും പറയാൻ പോകുന്നില്ല.
എനിക്ക് 45 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നാണ് അവർ പറഞ്ഞത്, പക്ഷേ ഇപ്പോൾ 6 മാസമായി. രാത്രിയോട് രാത്രിയാണ് ഷൂട്ടിംഗ്.
കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാൻ പറ്റൂ എന്നാണ് അവൻ പറയുന്നത്. ഒന്നും ചെയ്യാൻ പറ്റില്ല.
പടത്തിലെ അഭിനേതാക്കളിൽ നിന്ന് എനിക്ക് ചില കാര്യങ്ങൾ പഠിക്കാനാകുമെന്ന് കരുതുന്നു. സായ് പല്ലവിയുടെ ഭാവപ്രകടനങ്ങൾ അതിശയകരമാണ്.
ധനുഷിന്റെ കഥാപാത്രമാകട്ടെ അസാധാരണവും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഓമിലേത്.
സായ് പല്ലവിയെ ഞാൻ ‘ഹീറോ’ എന്ന് വിളിക്കും. കാരണം, സാധാരണയായി സിനിമകളിൽ നായകന്മാരാണ് ഫൈറ്റ് ചെയ്യാറുള്ളത്.
എന്നാൽ സായ് പല്ലവി ഫൈറ്റ് ചെയ്യുമ്പോൾ, നായകന്മാർ പോലും തോറ്റുപോകും. ബ്രൂസ് ലീയെപ്പോലെയാണ് അവർ ഫൈറ്റ് ചെയ്യുന്നത്.
എന്റെ സംസാരം ചിലപ്പോൾ തമാശ നിറഞ്ഞതായിരിക്കും, പക്ഷേ സിനിമ വളരെ സീരിയസ് ആണ്. അത് നിങ്ങളുടെ ഉള്ളുതൊടും” മമ്മൂട്ടി വളരെ ഗൗരവക്കാരനായ ഒരാളെന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്നും എന്നാൽ ‘ഓം’ എന്ന സിനിമ ആ ധാരണകളെ പൂർണ്ണമായി മാറ്റിയെഴുതിയെന്നും ചടങ്ങിൽ സംസാരിച്ചുകൊണ്ട് ധനുഷ് വ്യക്തമാക്കി.
ധനുഷിന്റെ വാക്കുകൾ ഇങ്ങനെ: “മമ്മൂട്ടി സർ യഥാർത്ഥ ജീവിതത്തിൽ ഒരു മരണമാസ്സ് (തഗ്) ആളാണ്! അദ്ദേഹം ചോദ്യങ്ങൾക്കൊന്നും സാധാരണ മട്ടിലല്ല മറുപടി പറയാറുള്ളത്.
ഞാൻ ഒരു മലയാളം സിനിമയിൽ ചെറിയൊരു കാമിയോ റോൾ ചെയ്തിരുന്ന സമയത്ത് അദ്ദേഹം ഭയങ്കര സൈലന്റ് ആണെന്നാണ് എനിക്ക് തോന്നിയത്. പുള്ളി ഇത്തിരി ഗൗരവക്കാരനാണെന്ന് ഞാൻ വിചാരിച്ചു.
എന്നാൽ പിന്നീട് ‘ഓം’-ൽ വെച്ച് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോഴാണ് എത്രമാത്രം മധുരമായി പെരുമാറുന്ന, സ്നേഹമുള്ള, തമാശക്കാരനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായത്. പുള്ളി ഭയങ്കര രസമുള്ളൊരു മനുഷ്യനാണ്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

