ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാത്രക്കാർക്കും ജീവനക്കാർക്കും നേരെ തെരുവുനായയുടെ ആക്രമണം.
വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം നടന്നത്. ട്രെയിൻ യാത്രയ്ക്കായി എത്തിയ യാത്രക്കാരനും റെയിൽവേ ജീവനക്കാരനായ സത്യനുമാണ് നായയുടെ കടിയേറ്റത്.
സ്റ്റേഷനിൽ ഏറെ തിരക്കു അനുഭവപ്പെടുന്ന സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കടിയേറ്റ ഉടൻ തന്നെ ഇരുവരെയും ചികിത്സയ്ക്കായി ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, നാട്ടുകാർ ഒത്തുകൂടി നായയെ തല്ലിക്കൊന്നതിനെ തുടർന്നാണ് കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുന്നത് ഒഴിവായത്.
ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ സ്റ്റേഷനിൽ തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് പരാതി ഉയരുന്നുണ്ട്. പ്ലാറ്റ്ഫോമുകളിലും റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലും നായ്ക്കളുടെ നിരന്തരമായ സാന്നിധ്യം യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തിൽ, തെരുവുനായ ശല്യം ശാശ്വതമായി നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

