സിനിമയുടെയും താരങ്ങളുടെയും നാടായ ലൊസാഞ്ചലസിൽ ഭരണസാരഥ്യം പിടിക്കാൻ ഒരുങ്ങുകയാണ് മലയാളി വംശജയായ നിത്യ രാമൻ. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ടും ഭരണസംവിധാനങ്ങളുടെ വീഴ്ചകൾ തുറന്നുകാട്ടിയും ശ്രദ്ധേയയായ ഈ യുവനേതാവ് അമേരിക്കൻ രാഷ്ട്രീയത്തിലെ വിസ്മയമായി മാറുകയാണ്.
തിരുവനന്തപുരത്ത് കെൽട്രോൺ ഉദ്യോഗസ്ഥനായിരുന്ന ആർ.വെങ്കട്ടരാമന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ഉദ്യോഗസ്ഥ സുധയുടെയും മകളാണ് നിത്യ. ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം യുഎസിലെ മാസച്യുസിറ്റ്സിലുള്ള ബേളിങ്ടനിലെത്തിയത്.
ഹാർവഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദം നേടിയ കാലത്താണ് സഹപാഠിയായ വാലി ചന്ദ്രശേഖരനുമായി പ്രണയത്തിലാകുന്നത്. പിന്നീട് ഇവർ വിവാഹിതരായി.
കർണ, കാവേരി എന്നീ 10 വയസ്സുള്ള ഇരട്ടക്കുട്ടികളാണ് ഇവർക്കുള്ളത്. നിത്യയുടെ മാതാപിതാക്കൾ ഈ മാസം 27ന് തിരുവനന്തപുരത്തെത്തുമെന്നു ബന്ധുക്കൾ അറിയിച്ചു.
ഹാർവഡിലെ പഠനശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ നിത്യ കുറച്ചുകാലം ഡൽഹിയിലെ ചേരികളിലാണ് കഴിഞ്ഞത്. അവിടെ പാവപ്പെട്ടവരുടെ ദുരിതജീവിതം നേരിട്ടുകണ്ടറിഞ്ഞു.
തുടർന്ന് ചെന്നൈയിലും സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായി. ചേരിജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക സന്നദ്ധസംഘടനയ്ക്കും രൂപം നൽകി.
തിരുവനന്തപുരം നഗരത്തിലെ ഭവനപ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലും നിത്യ പഠനങ്ങൾ നടത്തിയിട്ടുണ്ട്. 2013-ൽ യുഎസിൽ മടങ്ങിയെത്തിയ ശേഷം മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് നഗരാസൂത്രണത്തിൽ വൈദഗ്ധ്യം നേടി.
തുടർന്ന് ലൊസാഞ്ചലസ് സിറ്റി ഭരണകേന്ദ്രത്തിൽ മാനേജ്മെന്റ് ട്രെയിനിയായി സേവനം അനുഷ്ഠിച്ചു. വീടില്ലാത്തവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സംഘടന തുടങ്ങിയതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
2020-ൽ സിറ്റി കൗൺസിൽ അംഗമായ നിത്യ, 2024-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെയും (ഡിഎസ്എ) ലേബർ യൂണിയനുകളുടെയും ശക്തമായ പിന്തുണയോടെയാണ് നിത്യ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
പാർട്ടിയുടെ നേതൃത്വവുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കെയാണ് ഈ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്. നിലവിലെ മേയർ കാരൻ ബാസിന് മുതിർന്ന പൗരരടക്കമുള്ള പരമ്പരാഗത വോട്ടുബാങ്കുകളുടെ പിന്തുണയുണ്ടെങ്കിൽ, ജെൻ സീ (Gen Z) ശക്തിയുടെ പിന്തുണയാണ് നിത്യയുടെ പ്രധാന കരുത്ത്.
ബാറുകൾ, നിശാക്ലബ്ബുകൾ, കോളജ് ക്യാംപസുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണ് നിത്യ വോട്ടർമാരെ കണ്ടത്. ഹോളിവുഡിനെ പിടിച്ചുകുലുക്കിയ 2025 ലെ പാലിസേഡ്സ് തീപിടിത്ത സമയത്ത് മേയർ കാരൻ ബാസിന്റെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന ആക്ഷേപം ഉയർന്നപ്പോൾ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിത്യ സജീവമായി ഉണ്ടായിരുന്നു.
സിനിമ ലോകവുമായി അടുത്ത കുടുംബബന്ധമാണ് നിത്യയ്ക്കുള്ളത്. തമിഴ് വംശജനായ ഭർത്താവ് വാലി ചന്ദ്രശേഖരൻ അമേരിക്കൻ ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന തിരക്കഥാകൃത്തും നിർമാതാവുമാണ്.
30 റോക്ക്, മോഡേൺ ഫാമിലി, മൈ നെയിം ഇസ് ഏൾ, ദ് ഫോർ സീസൺസ് തുടങ്ങിയ പ്രശസ്തമായ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. മേയർ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയപ്പോൾ ടിന ഫേ ഉൾപ്പെടെയുള്ള പ്രമുഖ ടിവി താരങ്ങൾ നിത്യയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

