സി കെ നായിഡു ട്രോഫി അണ്ടർ 23 ക്രിക്കറ്റ് ടൂർണമെന്റിൽ തമിഴ്നാടിനെതിരെ കേരളത്തിന് ഇന്നിങ്സിനും 135 റൺസിനും പരാജയം. മത്സരത്തിന്റെ മൂന്നാം ദിവസം ഏഴ് വിക്കറ്റിന് 99 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്, ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി 35 റൺസിനിടെ നഷ്ടമായി.
രണ്ടാം ഇന്നിങ്സിൽ 134 റൺസിന് കേരളം ഓൾഔട്ടായതോടെയാണ് തമിഴ്നാട് വമ്പൻ വിജയം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ തമിഴ്നാട് 315 റൺസ് നേടിയിരുന്നു.
കിരൺ കാർത്തികേയൻ (96), മുഹമ്മദ് അലി (75) എന്നിവരാണ് തമിഴ്നാടിന്റെ സ്കോർ ഉയർത്തിയത്. കേരളത്തിന് വേണ്ടി ആദിത്യ ബൈജു, അഭിജിത് പ്രവീൺ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തമിഴ്നാടിന്റെ ബൗളിങ് നിരയെ മറികടക്കാനായില്ല. ആദ്യ ഇന്നിങ്സിൽ 15.3 ഓവറിൽ വെറും 46 റൺസിന് കേരളം തകർന്നു.
എസ് എസ് അക്ഷയ് (19) മാത്രമാണ് രണ്ടക്കം കടന്നത്. തമിഴ്നാടിനായി ദീപേഷ് ദേവേന്ദ്രൻ ആറ് വിക്കറ്റും സച്ചിൻ രാതി മൂന്ന് വിക്കറ്റും സ്വന്തമാക്കി.
തുടർന്ന് ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിലും തകർച്ച നേരിട്ടു. ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ (22), മാധവ് കൃഷ്ണ (26), പുറത്താവാതെ നിന്ന അഭിജിത് പ്രവീൺ (24) എന്നിവർ മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.
കൃഷ്ണ നാരായൺ (13), മാനവ് കൃഷ്ണ (12), അർജുൻ നായർ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. തമിഴ്നാടിന് വേണ്ടി ആർ എസ്.
അംബ്രീഷ് മൂന്നും, മുഹമ്മദ് അലി, സച്ചിൻ രാതി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

