കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം കവർച്ചാ കേസിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം സ്വന്തമാക്കാൻ ലക്ഷ്യമിട്ട് വൻ ഗൂഢാലോചന നടത്തിയത് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി പ്രിയങ്ക (34) ആണെന്ന് പൊലീസ് വ്യക്തമാക്കി.
സ്വർണം പൊട്ടിക്കൽ സംഘത്തെ ഏകോപിപ്പിച്ചതും ഇവർ നേരിട്ടാണെന്നാണ് പുതിയ വിവരം. ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്നതിനിടെ അധികൃതരുടെയോ ബന്ധപ്പെട്ടവരുടെയോ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സ്വന്തം ഭർത്താവിനെയും മക്കളെയും പ്രിയങ്ക മറയാക്കുകയായിരുന്നു.
വിമാനത്താവളത്തിന് പുറത്തെത്തിച്ച് കൂട്ടാളികൾക്കൊപ്പം ചേർന്ന് സ്വർണം അപഹരിക്കുകയായിരുന്നു ഇവരുടെ മുഖ്യപദ്ധതി. ഇതിനായി മറ്റ് പ്രതികളുമായി ചേർന്ന് കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കുടുംബത്തോടൊപ്പം യാത്ര ചെയ്താൽ പരിശോധനകൾ ഒഴിവാക്കാൻ എളുപ്പമാണെന്ന കണക്കുകൂട്ടലിലായിരുന്നു നീക്കം. അതേസമയം, വിമാനത്താവളം വഴി വ്യാപകമായി സ്വർണം പുറത്തേക്ക് കടത്തുന്നതിൽ കസ്റ്റംസ് വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നുവെന്ന പരാതികളും ഇതോടെ വീണ്ടും ശക്തമാവുകയാണ്.
കേസിൽ അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

