പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷനിൽ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികൾ നിയമനടപടികളിലേക്ക്.
അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാൻ അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നു. അതേസമയം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും.
പ്രമുഖ നേതാവ് പി ജയരാജൻ സമരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്.
യൂട്യൂബർ രാജൻ ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച സമയത്തായിരുന്നു നാടകീയ സംഭവങ്ങൾ ഉണ്ടായത്. അന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിരുന്നില്ല.
എഫ്ഐആറിൽ പ്രതികളുടെ പേരിന് പകരം ‘കണ്ടാൽ അറിയാവുന്നവർ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് സിപിഎം ഇടപെടുകയും വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവരികയും ചെയ്തതോടെയാണ് വിഷയം വലിയ വിവാദമായി മാറിയത്.
എന്നാൽ പൊലീസ് സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. ഒരു പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് താൻ അവിടെയെത്തിയതെന്ന് അവർ വ്യക്തമാക്കി.
സ്റ്റേഷന്റെ അകത്തോ പുറത്തോ യാതൊരു അക്രമ സംഭവങ്ങളും നടന്നിട്ടില്ലെന്നും, പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. സ്റ്റേഷനിൽ സെല്ലിനകത്ത് പ്രവേശിക്കുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സെല്ലിന് പുറത്തുനിന്ന് “സുഖമാണോ ചേട്ടാ” എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കുകയുണ്ടായി.
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം അതീവ ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും സംഭവത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നുമാണ് ഇതിനോട് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്.
നിലവിലുള്ള കേസുകളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ നേരിടും. പത്തനംതിട്ട
ഡിസിസിക്ക് ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അതൃപ്തി ഉള്ളതായി അറിവില്ലെന്നും, അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ശ്രീനാദേവി കുഞ്ഞമ്മ, ഫെനി നൈനാൻ എന്നിവർക്ക് പുറമേ നെസ്മൽ, അബിൻ ശിവദാസ് തുടങ്ങിയവരും ഈ കേസിലെ പ്രതികളാണ്.
പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്ന യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡന്റിന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

