തിരുവനന്തപുരം
പഠിച്ചാലും തീരാത്ത രാഷ്ട്രീയ ജീവിതം. വിശേഷണങ്ങളുടെ എത്ര വലിയ കാൻവാസിലും ഒതുങ്ങാത്ത വ്യക്തിത്വം. കാലമെത്ര കഴിഞ്ഞാലും വിപ്ലവ വിഹായസ്സിൽ ജ്വലിക്കുന്ന നക്ഷത്രം. രാജ്യമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാർക്ക് ഇന്നും ആവേശപ്പെരുമ. അതാണ് ഇ എം എസ്. വീണ്ടുമൊരു പാർടി കോൺഗ്രസിന് കേരളം ആതിഥ്യമരുളുമ്പോൾ അസാന്നിധ്യത്തിലും നിറസാന്നിധ്യമായി ജനഹൃദയങ്ങളിൽ തുളുമ്പിനിറയുകയാണ് ഇ എം എസ്.
കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയായി 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തപ്പോൾ പ്രായം 48. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ ജീവിതം ചരിത്രമായത് കാലത്തിന്റെ സാക്ഷ്യം.
ഐക്യകേരള കാഴ്ചപ്പാട് പ്രയോഗതലത്തിലെത്തിച്ചത് ഇ എം എസ് ആണ്. കേരളവികസനത്തിന് അടിത്തറ പാകിയ ഭൂപരിഷ്കരണം മുതൽ അധികാര വികേന്ദ്രീകരണംവരെ വൈവിധ്യമാർന്ന എത്രയോ ചുവട്വയ്പുകൾ.
യജ്ഞവേദിയിൽനിന്നാണ് ഇ എം എസ് രാഷ്ട്രീയ വേദിയിലെത്തിയതെന്ന് ഡോ. സുകുമാർ അഴീക്കോട് പറഞ്ഞിട്ടുണ്ട്. ഏലംകുളം മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജനത്തിന്റെയും മകനായി 1909 ജൂൺ 13നാണ് ജനിച്ചത്. കുഞ്ചു എന്നായിരുന്നു വിളിപ്പേര്. പതിനാറാം വയസ്സിലാണ് സ്കൂൾ പഠനം തുടങ്ങിയത്. ബാല്യംതൊട്ടേ ദുരാചാരങ്ങൾക്കും ജാതീയതയ്ക്കും സ്വസമുദായത്തിലെ ജീർണതയ്ക്കുമെതിരെ പോരാടി. അന്ത്യനിമിഷംവരെയും ആ ജീവിതമൂല്യം ഉയർത്തിപ്പിടിച്ചു. 1931ൽ ബിരുദ വിദ്യാർഥിയായിരിക്കെ പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലേക്ക് എടുത്തുചാടി. കോൺഗ്രസ് പ്രവർത്തകനും പിന്നീട് കെപിസിസി സെക്രട്ടറിയുമായി.
ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും പര്യായമായിരുന്നു. തികച്ചും ഫ്യൂഡൽ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന് തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രനായി മാറിയ അത്യുജ്വലനായ മാർക്സിസ്റ്റ് താത്വികാചാര്യൻ ഇന്ത്യൻ സമൂഹത്തിൽ മാർക്സിസം ലെനിനിസം പ്രയോഗിക്കുന്നതിൽ നിസ്തുല സംഭാവനകൾ നൽകി. ലോകത്തെയും ഇന്ത്യയിലെയും പ്രമുഖരായ കമ്യൂണിസ്റ്റ് ബുദ്ധിജീവികളിൽ പ്രധാനിയായിരുന്നു. ലളിതവും സൃഷ്ടിപരവും തനത് വ്യക്തിമുദ്ര പതിഞ്ഞതുമായ അനവധി രചനകൾ. സ്വത്തുവകകൾക്കൊപ്പം ഇവയുടെ റോയൽറ്റി തുകയും പാർടിക്ക് സംഭാവന ചെയ്ത് പാർടി നൽകിയ അലവൻസിലാണ് ജീവിച്ചത്.
കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും കമ്യൂണിസ്റ്റ് പാർടിയുടെയും സ്ഥാപക നേതാക്കളിലൊരാൾ. സിപിഐ എം ജനറൽ സെക്രട്ടറി പദവിയിൽവരെ എത്തി. 1977 മുതൽ പതിനാലാം പാർടി കോൺഗ്രസ് നടന്ന 1992 വരെയാണ് പാർടി ജനറൽ സെക്രട്ടറിയായത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി വളർന്നു. ചരിത്രം, ധനതത്വശാസ്ത്രം, സാഹിത്യം, രാഷ്ട്രമീമാംസ തുടങ്ങിയ മേഖലകളിലെല്ലാം അഗാധ പാണ്ഡിത്യം. ഇ എം എസിനെപ്പോലെ ലോകം മുഴുവൻ അറിയുന്ന മറ്റൊരു മലയാളിയില്ല. നിരവധി തവണ ജയിലിലായി. 1939ലും 1948ലും ഒളിവിൽ കഴിഞ്ഞു.
ഒളിവുകാല ജീവിതാനുഭവങ്ങളെ ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. തന്റെ കുടുംബവുമായി വേർപെട്ട് കഴിച്ചുകൂട്ടേണ്ടിവന്ന ഓരോദിനവും അവരുമായി തനിക്കുള്ള ഹൃദയപൂർവമായ അടുപ്പം വർധിപ്പിച്ചെന്ന് അദ്ദേഹം വിലയിരുത്തി. ഇ എം എസിന്റെ ഒളിവ് ജീവിതത്തെപ്പറ്റി പി സുന്ദരയ്യ ‘വിപ്ലവപാതയിൽ എന്റെ യാത്ര’യിൽ ഇങ്ങനെ എഴുതി: ‘ആചാരങ്ങളിൽ വളരെയേറെ നിഷ്ഠ പാലിച്ചുപോന്നവരുടെ ഇടയിൽ വളർന്ന ഒരാൾ സാധാരണ ജീവിതം നയിക്കുന്ന പാവപ്പെട്ടവന്റെ വീട്ടിൽ, ഹരിജനങ്ങളുടെ മാടത്തിൽ, മുക്കുവന്റെ കുടിലിൽ അവരോട് ഇടകലർന്ന്, അവർ കൊടുത്ത ഭക്ഷണം കഴിച്ച് യാതൊരു പരാതിയുമില്ലാതെ പാർടി പ്രവർത്തനം നടത്തിയത് പ്രത്യേകം ആദരവോടെ എടുത്തുപറഞ്ഞേ മതിയാകൂ.’
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]