തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസുകാരൻ അഭിരാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6നും 8നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിന്റെ അന്വേഷണ പുരോഗതിക്കായി ശ്രീകാര്യം സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. കഴക്കൂട്ടം എസിപിയുടെ മേൽനോട്ടത്തിലായിരിക്കും തുടർ അന്വേഷണം നടക്കുക.
അഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പങ്കുവെച്ചത്. കേസിൽ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം നീണ്ട
ഗൂഢാലോചനയാണ് ഇതിനായി നടത്തിയത്. പൊലീസിന്റെ പിടിയിലായാൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയാണ് കൊലപാതകം നടത്തിയതെന്ന് കുറ്റമേൽക്കണമെന്ന മുൻധാരണയോടെയാണ് ഇവർ പദ്ധതി തയ്യാറാക്കിയതെന്ന് കമ്മീഷണർ വ്യക്തമാക്കി.
നിലവിൽ മൂന്ന് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിക്ക് പുറമെ, രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതിയായ 17കാരന്റെ പെൺസുഹൃത്ത് ആനന്ദ എന്നിവരാണ് പിടിയിലായത്.
ആനന്ദയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പ്രതികൾ അഭിരാമിനെ വിളിച്ചുവരുത്തിയത്. ഒന്നാം പ്രതിയുടെ മുൻ കാമുകിയുമായി ബന്ധപ്പെട്ട
തർക്കങ്ങളെ തുടർന്ന്, അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിളിച്ചുവരുത്തിയത്. എന്നാൽ ഇവിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അഭിരാം കൊല്ലപ്പെടുകയായിരുന്നു.
ഒന്നും രണ്ടും പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു. പ്രതികളിൽ ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് തന്നെ പെൺകുട്ടിയുടെ സാന്നിധ്യത്തിലാണ് പ്രതികൾ അഭിരാമിന് സന്ദേശങ്ങൾ അയച്ചത്. തുടർ ദിവസങ്ങളിലും പെൺകുട്ടിയെന്ന വ്യാജേനയാണ് ഇവർ ചാറ്റ് തുടർന്നത്.
മൂന്നാം പ്രതിയായ ആനന്ദിയുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടാം പ്രതിയായ ഉമർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കാപ്പാ നിയമപ്രകാരം തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് ഉമർ എന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കേസിൽ മറ്റൊരു പങ്കാളിത്തം കൂടി ഉണ്ടോയെന്ന് പൊലീസ് സമഗ്രമായി അന്വേഷിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

