ആലപ്പുഴ ജില്ലയിൽ സിനിമാ പ്രേമികളെ ലക്ഷ്യമിട്ട് ടെലിഗ്രാം ആപ്പിൽ വ്യാജ പതിപ്പുകളുടെ മറവിൽ അശ്ലീലദൃശ്യങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. കുട്ടികളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ഇത്തരം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നമാണ് ഉയർത്തുന്നത്.
സിനിമ ആവശ്യപ്പെട്ട് ടെലിഗ്രാം ഗ്രൂപ്പുകളിൽ സന്ദേശം അയക്കുന്നവരെയാണ് സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരം വ്യക്തികളോട് മറ്റൊരു പ്രത്യേക ഗ്രൂപ്പിൽ അംഗമാകാൻ ആവശ്യപ്പെടുന്നതോടെയാണ് കെണികൾ ആരംഭിക്കുന്നത്.
ഗ്രൂപ്പിൽ അംഗമായ ശേഷം മാത്രമാണ് ഇത് ഓൺലൈൻ ട്രേഡിങ് ഗ്രൂപ്പുകളോ അശ്ലീലദൃശ്യങ്ങൾ പങ്കുവെക്കുന്ന പ്ലാറ്റ്ഫോമുകളോ ആണെന്ന് ഇരകൾ തിരിച്ചറിയുന്നത്. ഇവിടെ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ അശ്ലീലദൃശ്യങ്ങളാണ് ഉപയോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.
ലിങ്ക് തുറക്കുന്ന നിമിഷം തന്നെ ഉപയോക്താവിന്റെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവരിലേക്കും ഈ ദൃശ്യങ്ങൾ യാന്ത്രികമായി ഷെയർ ചെയ്യപ്പെടുന്നു എന്നതാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ ഭീകരത. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ടെലിഗ്രാം അക്കൗണ്ട് മറ്റൊരു ഡിവൈസുമായി കണക്ട് ചെയ്യപ്പെടുന്നതിലൂടെയാണ് കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ അയക്കപ്പെടുന്നത്.
ഈ തട്ടിപ്പുകൾ ഇവിടെ അവസാനിക്കുന്നില്ല. ഒരു ഗ്രൂപ്പിൽ ചേർന്നുകഴിഞ്ഞാൽ സമാന സ്വഭാവമുള്ള മറ്റ് നിയമവിരുദ്ധ ഗ്രൂപ്പുകളിൽ ചേരാനുള്ള ക്ഷണങ്ങളും തുടരെ എത്തും.
ഗ്രൂപ്പിൽ അംഗമായത് ഒരു സ്ത്രീയാണെന്ന് മനസ്സിലായാൽ പിന്നീട് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്ന പ്രവണതയും നിലവിലുണ്ട്. ചില പ്രത്യേക ഗ്രൂപ്പുകളിൽ അംഗമാകുന്നതിന് ഫീസും ഈടാക്കുന്നുണ്ട്.
മാനഹാനി ഭയന്ന് ഇത്തരം കെണിയിൽ അകപ്പെടുന്നവരിൽ ഭൂരിഭാഗവും പരാതിപ്പെടാൻ തയാറാകാറില്ലെന്ന് സൈബർ സുരക്ഷാ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ പി–ഹണ്ട് പദ്ധതിയുടെ ഭാഗമായി ടെലിഗ്രാം വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ ലഭ്യമായ വീഡിയോ ദൃശ്യങ്ങൾ മാത്രം പരിശോധിച്ച് ഇരകളുടെ കൃത്യമായ പ്രായം തെളിയിക്കാൻ സാധിക്കാത്തതിനാൽ കോടതി നടപടികളിൽ ഇത്തരം കേസുകൾ തള്ളിപ്പോകാൻ സാധ്യതയേറെയാണ്. കൂടാതെ ഈ ദൃശ്യങ്ങളിൽ കൂടുതലും മറ്റ് രാജ്യങ്ങളിലെ കുട്ടികളുടേതായതിനാൽ ഔദ്യോഗികമായി പരാതിയുമായി മുന്നോട്ടുവരാൻ ആരും ഉണ്ടാകാറില്ലെന്നതും അന്വേഷണത്തിന് വലിയ തിരിച്ചടിയാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

