സ്ത്രീകളുടെ സുരക്ഷിതത്വവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടുള്ള മാതൃകാപരമായ വനിതാനയം യാതൊരുവിധ വിട്ടുവീഴ്ചകളുമില്ലാതെ കര്‍ശന ഇച്ഛാശക്തിയോടെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന വിവിധ തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും അവര്‍ക്ക് സമ്പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കുപോലും മാതൃകയാകുന്ന രീതിയില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ഈ പുതിയ വനിതാനയത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മകള്‍ക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ സംഘടിപ്പിച്ച ദ്വിദിന ‘പുതുയുഗ വനിതാനയം ഹെര്‍ സമ്മിറ്റ് 2026’ ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നിരവധി ബൃഹദ് പദ്ധതികളാണ് ഈ വര്‍ഷം തന്നെ ആരംഭിക്കുന്നത്. അതത് പ്രദേശങ്ങളുടെ പ്രത്യേകതകള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി അവയുടെ വിപണനത്തിനായി സര്‍ക്കാരിന്റെ പിന്തുണയും പ്രമുഖ നോളജ് പാര്‍ട്ണറുടെ സഹായവും ഉറപ്പുവരുത്തും.
സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉന്നയിച്ച് ഒരു പദ്ധതിയും മാറ്റിവെക്കില്ലെന്നും സ്വപ്നതുല്യമായ ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സാധാരണക്കാരായ സ്ത്രീകള്‍ക്ക് അപമാനമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍ അനിവാര്യമാണ്. കാലത്തിനനുസരിച്ച് ലോകം മാറിമറിയുമ്പോള്‍ മനുഷ്യരുടെ ചിന്താഗതികളിലും ആരോഗ്യകരമായ മാറ്റങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
വനിതാ സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കുന്നതോടൊപ്പം, ഹരിത സമ്പദ് വ്യവസ്ഥയിലും നവ തൊഴില്‍ മേഖലകളിലും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം പുതിയ വനിതാനയത്തിലൂടെ ഉറപ്പുവരുത്തുമെന്ന് ചടങ്ങില്‍ സംസാരിച്ച വനിതാ ശിശുസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പങ്കാളിത്തത്തിന് പുറമെ നയരൂപീകരണ പ്രക്രിയകളിലും ബജറ്റ് തീരുമാനങ്ങളിലും ഭരണനിര്‍വ്വഹണത്തിലും സ്ത്രീകളുടെ യഥാര്‍ത്ഥ സ്വാധീനവും പങ്കാളിത്തവും ഉറപ്പാക്കും.
ലിംഗസമത്വവും അവകാശബോധവും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കുമെന്നും കൗമാര-ആര്‍ത്തവ ആരോഗ്യവും മാനസികാരോഗ്യവും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും പോലുള്ള വിഷയങ്ങള്‍ ഗൗരവത്തോടെ അഭിസംബോധന ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് യാതൊരു ഭയവുമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും അന്തസ്സോടെ തൊഴിലെടുക്കാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി മുന്നേറിയത് ഏകപക്ഷീയമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ജനാധിപത്യപരമായ കൂട്ടായ ചര്‍ച്ചകളിലൂടെയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ചൂണ്ടിക്കാട്ടി. ആ ഉത്തമ പാരമ്പര്യം തുടര്‍ന്നുകൊണ്ട് വീട്ടമ്മമാര്‍, വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍, സംരംഭകര്‍, ജനപ്രതിനിധികള്‍ തുടങ്ങി സമഗ്ര മേഖലകളില്‍ നിന്നുമുള്ള വനിതകളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് നയരൂപീകരണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍തന്നെ വനിതാനയം രൂപീകരിക്കുന്നതിനായി ഇത്തരമൊരു ഉന്നത സമ്മിറ്റ് സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്ത വനിതാ ശിശുവികസന വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. ഉദ്ഘാടന ചടങ്ങില്‍ വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഷീബ ജോര്‍ജ് സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ എം.എല്‍.എമാരായ ഉമാ തോമസ്, ഉഷാ വിജയന്, ഭരണ പരിഷ്കാര കമ്മിഷന് ചെയര്‍പേഴ്സണ്‍ ഡോ. എം.കെ.
മുനീര്‍, വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി, മുന്‍ മന്ത്രി പി.കെ.
ശ്രീമതി ടീച്ചര്‍, വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

