ആപ്പിളിന്റെ എയർഡ്രോപ്പിന് സമാനമായി ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി എത്തിയ ഫയൽ കൈമാറ്റ സംവിധാനമായ ക്വിക്ക് ഷെയർ കൂടുതൽ ലളിതമാക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിൾ. കഴിഞ്ഞ ആഴ്ച നടന്ന ആൻഡ്രോയിഡ് ഡെവ് സമ്മിറ്റിലാണ് കമ്പനി പുതിയ ക്വിക്ക് ഷെയർ എസ്ഡികെ (SDK) പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
ആൻഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്ഫോമുകളിൽ ഒരുപോലെ ലഭ്യമാകുന്ന ഈ പുതിയ സംവിധാനം ഉപകരണങ്ങൾ തമ്മിലുള്ള ഫയൽ കൈമാറ്റം കൂടുതൽ എളുപ്പമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ അപ്ഡേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട
സവിശേഷത, ആപ്പ് ഡെവലപ്പർമാർക്ക് തങ്ങളുടെ ആപ്ലിക്കേഷനുകളിൽ ക്വിക്ക് ഷെയർ നേരിട്ട് ഉൾപ്പെടുത്താൻ സാധിക്കും എന്നതാണ്. ഇതുവഴി ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഫയലുകൾ ഷെയർ ചെയ്യാനാകും.
കൂടാതെ ‘ടാപ് ടു ഷെയർ’ (Tap to Share) സൗകര്യവും ഡെവലപ്പർമാർക്ക് ലഭ്യമാകും. ഗൂഗിൾ ഐ/ഒ (Google I/O) വേളയിൽ തന്നെ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നെങ്കിലും, പദ്ധതി യാഥാർത്ഥ്യമാക്കിക്കൊണ്ടുള്ള ആദ്യ ചുവടുവെപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കണക്ഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ഡെവലപ്പർമാർ ഈ പുതിയ ഫീച്ചർ തങ്ങളുടെ ആപ്പുകളിലേക്ക് സംയോജിപ്പിക്കേണ്ടതുണ്ട്.
അതിനാൽ ഈ സൗകര്യം പെട്ടെന്നുതന്നെ എല്ലാ ആപ്പുകളിലും ലഭ്യമായിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കാനാവില്ല. എങ്കിലും വരും മാസങ്ങളിൽ ക്വിക്ക് ഷെയറിന് ലഭിക്കുന്ന ഈ പുതിയ മാറ്റങ്ങൾ സാങ്കേതിക ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ആൻഡ്രോയിഡ് ഡെവ് സമ്മിറ്റിലെ സെഷൻ വീഡിയോകൾ പരിശോധിച്ചാൽ ഗൂഗിൾ ആൻഡ്രോയിഡിന്റെ ഭാവികാല വികസനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

