ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും ജീവിതനിലവാരത്തിലെ പ്രകടമായ വ്യത്യാസങ്ങളെക്കുറിച്ചും സ്വന്തമായി വീട് സ്വന്തമാക്കാനുള്ള അവസരങ്ങളെക്കുറിച്ചും ഒരു യുവാവ് പങ്കുവെച്ച അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന പലരും അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയ ശേഷം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മികച്ച ജീവിതം കെട്ടിപ്പടുത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഈ വിഷയത്തിൽ പ്രണവ് ഭരദ്വാജ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഗ്രാമീണ മേഖലകളിൽ പോലും വീടുകളും വസ്തുവകകളും സ്വന്തമാക്കുന്നത് വിദേശത്ത് എത്രത്തോളം എളുപ്പമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ മാന്യമായ ഒരു ജീവിതത്തിനായി കഷ്ടപ്പെട്ടിരുന്ന പലരും വിദേശത്തേക്ക് മാറിയതോടെ വളരെ മെച്ചപ്പെട്ട
ജീവിതസാഹചര്യങ്ങൾ ആസ്വദിക്കുന്നതായി അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഇടത്തരക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദവുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വ്യാപകമായ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
നഗരങ്ങളിലെ പ്രതിസന്ധികളും ഇ.എം.ഐ ബാധ്യതകളും ഇന്ത്യയിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽ ചെറിയ അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാൻ പോലും തങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു പങ്ക് പ്രതിമാസ അടവുകളായി നൽകേണ്ടി വരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: “മോശം അടിസ്ഥാനസൗകര്യങ്ങളും മലിനമായ വായുവുമുള്ള, ഒരു നഗരത്തിൽ വെറും 1,100 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഒരു അപ്പാർട്മെന്റ് സ്വന്തമാക്കാൻ ഇന്ത്യയിലെ ആളുകൾ ജീവിതകാലം മുഴുവൻ തങ്ങളുടെ ശമ്പളത്തിന്റെ പകുതിയോളം തുക ഇ.എം.ഐ ആയി അടച്ചുകൊണ്ടിരിക്കുകയാണ്”.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വിദേശത്തെയും നാട്ടിലെയും ജീവിത സാഹചര്യങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ഉപയോക്താക്കൾക്കിടയിൽ അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങൾക്ക് കാരണമാവുകയും ചെയ്തു. വിദേശത്തേക്ക് മാറിയത് തങ്ങളുടെ സമ്പത്തും ജീവിതനിലവാരവും വർദ്ധിപ്പിക്കാൻ സഹായിച്ചതായി പലരും അഭിപ്രായപ്പെട്ടപ്പോൾ, വിദേശ രാജ്യങ്ങളിൽ വസ്തുവകകൾ വാങ്ങുന്നവരും ജീവിതകാലം മുഴുവൻ ലോൺ അടയ്ക്കുന്നുണ്ടെന്ന് ചിലർ ഓർമ്മിപ്പിച്ചു.
വിദേശത്തെ ജീവിതം അത്ര എളുപ്പമാണെങ്കിൽ എന്തുകൊണ്ട് എല്ലാ അമേരിക്കക്കാർക്കും കാറും വില്ലയുമില്ല എന്ന ചോദ്യങ്ങളും ഈ ചർച്ചകളിൽ ഉയർന്നു വന്നു. ഏത് രാജ്യത്തായാലും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം അത്യാവശ്യമാണെന്നാണ് പൊതുവെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

