തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ നിന്ന് കൂട്ടത്തോടെ രക്ഷപ്പെട്ട മുഴുവൻ തടവുകാരെയും നിയമത്തിന് മുന്നിലെത്തിച്ച് പൊലീസ്.
ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിൽ അധികൃതരെ വെട്ടിച്ച് തിങ്കളാഴ്ച രാത്രിയാണ് 17 പേർ തടവ് ചാടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന അവസാന പ്രതികളെയും ഇന്ന് പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചു.
രക്ഷപ്പെട്ട 17 പേരിൽ 13 പേരെയും ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്നാണ് പത്തുപേരെ പിടികൂടിയത്. ഇന്ന് പിടിയിലായവരിൽ രണ്ടുപേരെയും ഇതേ വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്.
ഒടുവിൽ പിടിയിലായ മധുര സ്വദേശികളായ സഹോദരന്മാർ തിരുപ്പതി, മീനാക്ഷി സുന്ദരം എന്നിവരെയും, മറ്റു പ്രതികളായ പൊൻമുത്തു ശെൽവം, കന്യാകുമാരി സ്വദേശി റെജിൻ എന്നിവരെയും ആണ് ഇന്ന് പിടികൂടിയത്. വനത്തിൽ നിന്നും ഇറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ചിന്നമന്നൂരിന് സമീപത്തുനിന്നാണ് തിരുപ്പതിയെയും മീനാക്ഷി സുന്ദരത്തെയും കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും തേനി ജില്ല ജയിലിൽ തന്നെയാണ് പാർപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിയിലായ എല്ലാവരുടെയും പേരിൽ ഒന്നിലധികം കേസുകൾ നിലവിലുണ്ട്.
ജയിൽ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി പുതിയ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയോ സഹായമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആകെ 334 തടവുകാർ കഴിയുന്ന ജയിലിൽ സംഭവദിവസം സുരക്ഷാ ജീവനക്കാരുടെ കുറവുണ്ടായിരുന്നതായാണ് വിവരം. തടവുകാരുടെ എണ്ണത്തിനനുസരിച്ച് എട്ടുപേർ ഡ്യൂട്ടിയിലുണ്ടാകേണ്ട
സ്ഥാനത്ത് നാലുപേർ മാത്രമാണ് അന്നേ ദിവസം ആകെ ഹാജറുണ്ടായിരുന്നത്. തോക്ക് ഉപയോഗിക്കാൻ അറിയാത്ത ഉദ്യോഗസ്ഥരെയാണ് കാവലിന് നിയോഗിച്ചിരുന്നതെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ജയിൽ ചാടിയത് 50ലധികം പേരാണെന്ന ഗുരുതര ആരോപണവുമായി ഡിഎംകെ രംഗത്തെത്തിയെങ്കിലും പൊലീസ് ഈ വാദം പൂർണ്ണമായി നിഷേധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

