ഇടുക്കി ജില്ലയിൽ ടൂറിസം സീസണ് കനത്ത ഭീഷണിയായി പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം തെരുവുനായ ശല്യം വ്യാപകമാകുന്നു. നടന്നു കാണേണ്ട
മനോഹരമായ കാഴ്ചകൾ പലതും ഇന്ന് ‘ഓടി’ കാണേണ്ട ഗതികേടിലാണ് സഞ്ചാരികൾ.
ചിലയിടങ്ങളിൽ നായ്ക്കൂട്ടങ്ങൾ സഞ്ചാരികളെ വളഞ്ഞിട്ട് ആക്രമിച്ചു കടിച്ച സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഈ നായ്ക്കളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
വിഷയത്തിൽ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലും കുമളിയിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്.
കഴിഞ്ഞമാസം ഇവിടെ ഒരു വിദേശവനിതയ്ക്കും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കും നായയുടെ കടിയേറ്റിരുന്നു. വനാതിർത്തിയോടു ചേർന്നുനിൽക്കുന്ന ഇത്തരം പ്രദേശങ്ങളിൽ ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന നായ്ക്കൾ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്.
വനത്തിനുള്ളിലേക്ക് കടന്നു മുയൽ, കേഴ തുടങ്ങിയ ചെറുജീവികളെ വേട്ടയാടി കീഴ്പ്പെടുത്തി കഴിയുന്നവയുമുണ്ട്. കുമളി ടൗൺ, ആനവച്ചാൽ, അമ്പാടിക്കവല, ഒന്നാം മൈൽ, ചെളിമട, വട്ടക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കൾ അഴിഞ്ഞാടുകയാണ്.
അറവുശാലകൾ കേന്ദ്രീകരിച്ചു നായ്ക്കൾ ചുറ്റിത്തിരിയുന്നതും ഇവിടത്തെ പതിവു കാഴ്ചയാണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചിന്നക്കനാലിലും ഇടത്താവളമായ പൂപ്പാറയിലും സ്ഥിതി വ്യത്യസ്തമല്ല.
സമീപകാലത്തൊന്നും ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ വംശവർധന തടയാനുള്ള യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്കു പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പുകൾ നൽകാറുണ്ടെങ്കിലും, വാക്സിനേഷനായി ഇവയെ പിടികൂടാൻ പോലും പലപ്പോഴും സാധിക്കാറില്ല.
സഞ്ചാരികളും നാട്ടുകാരും വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരങ്ങളാണ് നായ്ക്കളുടെ പെരുപ്പത്തിനു കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സഞ്ചാരികൾ ഉൾപ്പെടെ നനിരവധി പേരെത്തുന്ന പൈനാവ്, കുയിലിമല, ചെറുതോണി, ഇടുക്കി മേഖലകളിലെല്ലാം സ്ഥിതി ഗുരുതരമാണ്.
പൈനാവിലെ പൊതുനിരത്തുകളിലും ഇടവഴികളിലും കലക്ടറേറ്റ് അടക്കമുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ ചുറ്റുവട്ടങ്ങളിലും നായ്ക്കളെ എപ്പോഴും കാണാം. ചെറുതോണി അണക്കെട്ടിന്റെ സമീപപ്രദേശങ്ങൾ, ഇടുക്കി മെഡിക്കൽ കോളജ് പരിസരം, പാറേമാവ് എന്നിവിടങ്ങളിലും നായ്ക്കളുടെ വിളയാട്ടം പതിവാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സമീപത്തുള്ള ഇടുക്കി പാർക്കിന്റെ പരിസരത്തും ടൗണിലും സമാനമായ രീതിയിൽ ശല്യം രൂക്ഷമാണ്. ജില്ലാ ആസ്ഥാന മേഖലയിൽ ഗ്രാമീണടൂറിസത്തിന് ഏറെ പേരുകേട്ട
കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും ടൗണുകളിലും നായ്ക്കളെ തട്ടിമാറ്റി നടക്കേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി.
നിരന്തരമായി പരാതികൾ ഉയരുന്നുണ്ടെങ്കിലും, നായ്ക്കളെ നിയന്ത്രിക്കേണ്ട ചുമതലയുള്ള തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കുന്നില്ല.
ടൂറിസം കേന്ദ്രങ്ങളിലും ടൗണുകളിലും പൊതുനിരത്തുകളിലും മാലിന്യങ്ങൾ തള്ളുന്നത് കർശനമായി തടഞ്ഞാൽ മാത്രമേ ഈ ഭീഷണിക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കൂ. മുട്ടം ടൗണിലും സമീപത്തെ റോഡുകളിലുമെല്ലാം അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടങ്ങൾ ജനങ്ങൾക്ക് വലിയ തോതിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്.
ടാക്സി സ്റ്റാൻഡ്, മുട്ടം ടൗൺ, കുരിശുപള്ളി കവല തുടങ്ങിയ ഭാഗങ്ങളാണ് ഇവയുടെ പ്രധാന താവളങ്ങൾ. മലങ്കര പാർക്കിനു സമീപമുള്ള റോഡുകളിലും ഉൾമേഖലകളിലും നായ്ക്കളുടെ സാന്നിധ്യമുണ്ട്.
കുട്ടികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭയത്തോടെയാണ് ഈ വഴികളിലൂടെ സഞ്ചരിക്കുന്നത്. അതിനാൽ തന്നെ നായ്ക്കൾ ഈ പ്രദേശങ്ങളിൽ സ്ഥിരമായി തമ്പടിക്കുകയാണ്.
പലപ്പോഴും ഇവ അപകടകാരികളായി മാറുകയും കുട്ടികളെയടക്കം കടിച്ചു പരുക്കേൽപിക്കുകയും ചെയ്യാറുണ്ട്. മൂന്നാറിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം പാരമ്യത്തിലെത്തിയിരിക്കുകയാണ്.
മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ദേവികുളം, ഗ്യാപ് റോഡ്, മൂന്നാർ ടൗൺ, ജനവാസ കേന്ദ്രങ്ങളായ ഇക്കാ നഗർ, വിവിധ നഗറുകൾ, പോതമേട് വ്യൂ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളെല്ലാം നായ്ക്കളുടെ പിടിയിലാണ്. മൂന്നാറിലേക്ക് സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ, സഞ്ചാരികൾ വഴിയോരങ്ങളിൽ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ തേടി തോട്ടം മേഖലകളിൽ നിന്നുപോലും നായ്ക്കൾ കൂട്ടത്തോടെ എത്തുകയാണ്.
കഴിഞ്ഞദിവസം ഇവിടെ രണ്ട് തമിഴ്നാട് സ്വദേശികൾക്ക് കടിയേൽക്കുകയുണ്ടായി. മറയൂരിലെ റോഡുകളിലും ജനവാസമേഖലകളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
മറയൂരിലേക്ക് ദിനംപ്രതി എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. റോഡുകളിൽ കൂട്ടമായി നിലയുറപ്പിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതം തീർക്കുകയാണ്.
പ്രത്യേകിച്ചും, റോഡിലൂടെ പോകുന്ന വാഹനങ്ങളെ നായ്ക്കൾ പിന്തുടരുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കാൽനടയാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് നിലവിൽ നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

