ഏറ്റവും കുറഞ്ഞ ചിലവിൽ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയുന്ന കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പദ്ധതിക്കായി സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതകൾ ഒന്നും തന്നെ വരില്ലെന്നതാണ് പ്രധാന സവിശേഷത. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ അടുത്ത ജനുവരിയിൽത്തന്നെ കണ്ടെയ്നർ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതരുമായി ഔദ്യോഗിക ചർച്ചകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വകുപ്പിന്റെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്.
വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമില്ലാത്ത ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോട്ടയത്തിന്റെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കുനീക്കം കൂടുതൽ സുഗമമാകുന്നതിനൊപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും ഒരു പരിധി വരെ ലഘൂകരിക്കാനാകും.
വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ചരക്കുകൾ അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും ഇനി ഇവിടേക്ക് എത്തും. ദേശീയ ജലപാതകളായ ഒൻപത്, മൂന്ന് എന്നിവയിലൂടെ വലിയഴീക്കലിലെത്തി പൊഴി വഴി അറബിക്കടലിലൂടെ വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായി പോകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ദേശീയ ജലപാത-9ന് തൊട്ടടുത്തായാണ് കോട്ടയം പോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ മൺറോ വിളക്കുമാടം, മാർത്താണ്ഡം കായൽ വഴി കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത-3ൽ പ്രവേശിക്കാൻ സാധിക്കും.
തുടർന്ന് പമ്പയാറിലൂടെ അമ്പലപ്പുഴ, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ വഴി കായംകുളം കായലിലെ വലിയഴീക്കൽ പൊഴിയിലൂടെ അറബിക്കടലിൽ പ്രവേശിച്ച് വിഴിഞ്ഞത്തേക്ക് എത്തിച്ചേരാം. കോട്ടയം മുതൽ വിഴിഞ്ഞം വരെയുള്ള ആകെ ദൂരം 180 കിലോമീറ്ററാണ്.
കേവലം 12 മുതൽ 14 മണിക്കൂർ സമയം കൊണ്ട് ഈ ദൂരം പിന്നിട്ട് വിഴിഞ്ഞത്ത് എത്തിച്ചേരാൻ സാധിക്കും. ഈ യാത്രാമാർഗ്ഗത്തിൽ ആകെ 17 പാലങ്ങളാണ് ഉള്ളത്.
വരും ഡിസംബറോടെ തൃക്കുന്നപ്പുഴ പാലത്തിൽ വലിയ ലോക്ക് സംവിധാനം സ്ഥാപിക്കും. ഇതോടെ കണ്ടെയ്നറുകളുമായി പോകുന്ന ബാർജുകൾക്ക് യാതൊരു തടസ്സവുമില്ലാതെ സുഗമമായി സഞ്ചരിക്കാനാകും.
ബാർജുകൾക്ക് കടന്നുപോകാൻ പാകത്തിൽ ഈ പാതയിലുടനീളം രണ്ടുമീറ്ററോളം ആഴവും ലഭ്യമാക്കിയിട്ടുണ്ട്. വലിയഴീക്കലിന് സമീപം കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തുറമുഖ വികസനത്തിൽ അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശനുമായി വരുന്ന ദിവസങ്ങളിൽ ഇതുസംബന്ധിച്ച നിർണ്ണായക ചർച്ചകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

