കോഴിക്കോട് – എം.വി ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുള്ള എൽ.ജെ.ഡി ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർജെ.ഡിയിൽ ലയിക്കാൻ തീരുമാനിച്ചതോടെ കേരളത്തിൽ യു.ഡി.എഫിനൊപ്പമുളള ആർ.ജെ.ഡി നേതൃത്വം പുതിയ പാർട്ടി പ്രഖ്യാപിക്കാൻ നിർബന്ധിതരായി.
ഇന്ന് ചേർന്ന ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി പാർട്ടിക്ക് ‘നാഷണൽ ജനതാദൾ’ എന്ന പേര് സ്വീകരിക്കുകയായിരുന്നു. പുതിയ പതാകയും പ്രഖ്യാപിച്ചിട്ടുണ്ട്. എൽ.ജെ.ഡി ലയനത്തിന്റെ പേരിൽ കേരളത്തിൽ ആർ.ജെ.ഡിയെന്ന പേര് എൽ.ജെ.ഡി വില കൊടുത്ത് വാങ്ങുകയാണുണ്ടായതെന്ന് കോഴിക്കോട് ചേർന്ന ആർ.ജെ.ഡി സംസ്ഥാന യോഗത്തിൽ വിമർശമുണ്ടായി. ദേശീയ ജനറൽ സെക്രട്ടറിയെ നോക്കുകുത്തിയാക്കിയാണ് ലാലുവിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും എം.വി ശ്രേയാംസ് കുമാറും ലയനം പ്രഖ്യാപിച്ചതെന്നും നാഷണൽ ജനതാദൾ ആരോപിച്ചു.
കേരളത്തിൽ യു.ഡി.എഫിനൊപ്പമാണ് ആർ.ജെ.ഡിയുള്ളത്. എന്നാൽ ഈമാസം 12ന് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ കോഴിക്കോട്ട് വച്ച് എൽ.ജെ.ഡി ആർ.ജെ.ഡിയിൽ ലയിക്കുമ്പോൾ തങ്ങൾ ഇടതുമുന്നണിയിൽതന്നെയാണ് നില്ക്കുകയെന്നാണ് ശ്രേയാംസ് കുമാർ പ്രഖാപിച്ചത്. ഇത് അംഗീകരിക്കാനാവാത്ത സാഹചര്യത്തിലും ആർ.ജെ.ഡിയുടെ ദേശീയ നേതൃത്വം തങ്ങളെ കൈവിട്ടതിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നിലവിലുള്ള ആർ.ജെ.ഡി കേരള ഘടകം നാഷണൽ ജനതാദൾ എന്ന പുതിയ സംഘടനാ സംവിധാനത്തിന് രൂപം നൽകി പാർട്ടി യു.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും നേതൃത്വം വ്യക്തമാക്കി. ഈമാസം 17ന് ഇടത് സർക്കാറിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും നാഷണൽ ജനതാദൾ തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]