തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങളുടെ നഷ്ടപരിഹാരം കൈപ്പറ്റാൻ ഉടമകൾ തയ്യാറാകുന്നില്ല. ജനുവരി 4ന് നടന്ന അപകടത്തിൽ ആകെ 323 ഇരുചക്രവാഹനങ്ങളാണ് പൂർണമായും കത്തിക്കരിഞ്ഞത്.
ഒമ്പത് മാസങ്ങൾ പിന്നിട്ടിട്ടും വിലകൂടിയവ ഉൾപ്പെടെ അറുപതോളം വാഹനങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ നാഥനില്ലാതെ കിടക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച നഷ്ടപരിഹാരം നേടിയെടുക്കാനുള്ള നടപടികളിലേക്ക് ഇവർ ഇതുവരെ കടന്നിട്ടില്ല.
ഫുൾ കവർ ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം അറിയാത്തതാണ് ഈ ഉദാസീനതയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണയായി റെയിൽവേ പാർക്കിങ് ഗ്രൗണ്ടുകളിൽ ഇത്തരത്തിൽ കത്തിനശിക്കുന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല.
എന്നാൽ തൃശൂരിൽ ഉണ്ടായ സംഭവത്തിൽ ഫുൾ കവർ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കുന്ന പ്രത്യേക സാഹചര്യമാണുണ്ടായത്. ടൂ വീലർ അസോസിയേഷന്റെ ശക്തമായ ഇടപെടലുകളാണ് ഇതിൽ നിർണായകമായത്.
അന്ന് ചുമതലയുണ്ടായിരുന്ന കളക്ടറുടെ നേരിട്ടുള്ള മുൻകൈയിലാണ് നഷ്ടപരിഹാര വിതരണത്തിനുള്ള ധാരണ രൂപീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തീപിടിത്തത്തിൽ വാഹനം നശിച്ചവർക്ക്, ഫുൾ കവർ ഇൻഷുറൻസ് ഇല്ലെങ്കിൽ പോലും പാർക്കിങ് കരാറുകാരൻ വഴി വാഹനത്തിന്റെ പഴക്കം കണക്കാക്കി നഷ്ടപരിഹാരം കരസ്ഥമാക്കാം.
ഇതിനായി വാഹന ഉടമകൾ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സത്യവാങ്മൂലം ഒപ്പിട്ടു നൽകിയാൽ മതിയാകും. ഈ സത്യവാങ്മൂലത്തിന്റെ പകർപ്പ് റെയിൽവേ പാർക്കിങ് കരാറുകാർക്ക് കൈമാറിയാൽ, അവർ നിശ്ചയിക്കുന്ന തുക നഷ്ടപരിഹാരമായി അക്കൗണ്ടിലെത്തുമെന്ന് ടൂവീലർ അസോസിയേഷൻ പ്രസിഡന്റ് ജയിംസ് മുട്ടിക്കൽ വ്യക്തമാക്കി.
ഇതിനോടകം നിരവധി പേർ തുക കൈപ്പറ്റിക്കഴിഞ്ഞു. ഫുൾ കവർ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നവർക്ക് ആ ആനുകൂല്യവും പൂർണ്ണമായി ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

