വാഷിങ്ടൺ: ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളുമായി അമേരിക്കയും ഇസ്രയേലും മുന്നോട്ട്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സേനകൾ സംയുക്ത സൈനിക നീക്കത്തിനായുള്ള പദ്ധതികൾ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകുന്ന മുറയ്ക്ക് ആക്രമണം ആരംഭിക്കാനാണ് തീരുമാനം. എങ്കിലും, വരുന്ന നവംബർ 3-ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ സൈനിക നടപടികൾ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി വ്യക്തമാക്കിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന ഘട്ടത്തിൽ ആഗോള എണ്ണ വിപണിയിൽ അസ്ഥിരത ഉണ്ടാകാതിരിക്കാൻ ഭരണകൂടം പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അമേരിക്കയുടെ ഭാഗത്തുനിന്നും കടുത്ത നടപടികൾ ഉണ്ടാകുമെന്നും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ ഡോണൾഡ് ട്രംപ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ പെന്റഗൺ തയാറായിട്ടില്ല. മറുഭാഗത്ത്, അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അതിന് യാതൊരുവിധ പരിധികളുമുണ്ടാകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനെതിരെയുള്ള സൈനിക നടപടികൾ പുനരാരംഭിക്കുന്നതിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, എപ്പോൾ ആക്രമണം ആരംഭിക്കണം എന്ന അന്തിമ തീരുമാനം ഡോണൾഡ് ട്രംപ് കൈക്കൊള്ളും. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, ചർച്ചകൾ കുറച്ചൊക്കെ നടക്കുന്നുണ്ടെന്ന് ആദ്യം വ്യക്തമാക്കിയ ഡോണൾഡ് ട്രംപ്, തൊട്ടുപിന്നാലെ ‘ഞങ്ങൾ ചർച്ചകൾ നടത്തുന്നില്ലെന്നാണ് ഞാൻ കരുതുന്നത്’ എന്ന് തിരുത്തിപ്പറയുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

