ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’യിലെ ‘രാവണ താണ്ഡവം’ എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തു. ഗാനത്തിന്റെ ഓഡിയോ രൂപമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് യദു കൃഷ്ണൻ കെ. ആണ്.
ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ചിത്രം ഔദ്യോഗികമായി 2026 നവംബർ 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ബോളിവുഡ് താരം രൺബീർ കപൂർ ശ്രീരാമനായും, കന്നഡ സൂപ്പർതാരം യഷ് രാവണനായും ചിത്രത്തിൽ വേഷമിടുന്നു. പ്രശസ്ത നടി സായ് പല്ലവിയാണ് സീതയായി എത്തുന്നത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് ഈ ചിത്രത്തിനായി ഒത്തുകൂടിയിരിക്കുന്നത്. മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന വസ്തുത, പ്രിയനടി ശോഭന ചിത്രത്തിൽ കൈകേയിയായി വേഷമിടുന്നു എന്നതാണ്.
കൂടാതെ, പ്രശസ്ത ടെലിവിഷൻ പരമ്പരയിലൂടെ ശ്രീരാമനായി എത്തി ജനപ്രിയനായ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. ലക്ഷ്മണനായി രവി ദുബെയും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവ്, ഇന്ദ്രദേവനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ഈ വലിയ ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ഓസ്കർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഓസ്കർ ജേതാവായ ശ്രീധർ രാഘവൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്.
ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

