ഉത്തർപ്രദേശിലെ അമ്രോഹ ഗ്രാമം പൂർണനിദ്രയിലാണ്ടിരുന്ന ഏപ്രിൽ 15 2008 പുലർച്ചെ 2 മണിക്ക് ഷൗക്കത്തലിയുടെ വസതിയിൽ നിന്നും അലർച്ചയും നിലവിളിയും ഉയർന്നു. ‘രക്ഷിക്കൂ…രക്ഷിക്കൂ…’’ എന്ന നിലവിളി കേട്ട്ണണർന്ന അയൽവാസി ലത്തീഫും നാട്ടുകാരും ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഏഴ് മൃദദേഹങ്ങളാണ്.
വീട്ടുടമസ്ഥൻ ഷൗക്കത്തലി, ഭാര്യ ഹാഷ്മി, മൂത്തമകൻ അനീസ്, ഇളയമകൻ രാഷിദ്, അനീസിന്റെ ഭാര്യ അഞ്ജും, പത്തുമാസം പ്രായമുള്ള മകൻ അർഷ്, ബന്ധു റാബിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തറുക്കപ്പെട്ട
നിലയിലായിരുന്നു എല്ലാവരുടെയും മൃതദേഹങ്ങൾ. ഇവരുടെ ഇടയിൽനിന്ന് നിലവിളിച്ചുകൊണ്ട് ജീവനോടെ ബാക്കിയുണ്ടായിരുന്ന ഷൗക്കത്തലിയുടെ മകൾ ഷബ്നംമാത്രമായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്.
‘രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കൊള്ളക്കാരാണ് എല്ലാവരേയും കൊന്നത്. ഞാൻ ടെറസിൽ ഉറങ്ങുകയായിരുന്നു.
അതുകൊണ്ട് അവരുടെ ശ്രദ്ധയിൽപെട്ടില്ല. മഴ പെയ്തപ്പോഴാണ് താഴേയ്ക്ക് വന്നത്.
അപ്പേഴാണ് എല്ലാവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്’’– പൊലീസിന്റെ ചോദ്യത്തിന് ഇതായിരുന്നു ഷബ്നത്തിന്റെ മറുപടി. എന്നാൽ അകത്തു കയറിയ കൊള്ളക്കാർ വീട്ടുകാരുമായി മൽപിടിത്തം നടത്തിയതിന്റെ ലക്ഷണങ്ങളോ സാധനങ്ങൾ സ്ഥാനം മാറിയതോ കണ്ടെത്താൻ പൊലീസിനായില്ല.
അക്രമിയെ ചെറുക്കാൻപോലും ശ്രമിക്കാതെ ഏഴുപേരും ഒരേസമയം കൊല്ലപ്പെട്ടത് ലഹരി നൽകി ബോധം കെടുത്തിയ ശേഷമാകാമെന്ന സംശയത്തിൽ പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തു. പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരമൊഴികെ മറ്റെല്ലാവരുടെയും ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്തി.
പരിശോധനയിൽ വീടിനുള്ളിൽനിന്ന് ഒരു മെഡിസിൻ സ്ട്രിപ്പ് കണ്ടെടുത്തതും അന്വേഷണത്തിൽ നിർണായകമായി. അയൽവാസികൾ എത്തിയപ്പോൾ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതും, ടെറസിന് മുകളിൽ കിടന്നതായി ഷബ്നം പറഞ്ഞെങ്കിലും അവിടെ ബെഡ്ഷീറ്റോ പുതപ്പോ ഉണ്ടായിരുന്നില്ലെന്നതും പൊലീസിന്റെ സംശയം ഇരട്ടിയാക്കി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതക ദിവസം രാത്രി 1.45ന് സലിം എന്ന യുവാവുമായി ഷബ്നം 40 തവണയിലേറെ ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. തുടർന്ന് ഷബ്നത്തെയും സലിമിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അവർ കുറ്റം സമ്മതിച്ചു.
ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി സ്കൂൾ അധ്യാപികയായി ജോലി ചെയ്യുകയായിരുന്ന ഷബ്നവും, ആറാം ക്ലാസ് തോറ്റ സലിമും തമ്മിലുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. താഴ്ന്ന സമുദായാംഗമായ സലിമുമായുള്ള ബന്ധം ഷൗക്കത്തലി ശക്തമായി എതിർത്തതോടെ വീട്ടിൽ വഴക്കും മർദനവും പതിവായി.
ഒന്നിച്ച് ജീവിക്കാൻ കുടുംബം സമ്മതിക്കില്ലെന്നും, എല്ലാവരും ഇല്ലാതായാൽ സ്വത്ത് മുഴുവൻ തനിക്ക് ലഭിക്കുമെന്നും ഉറപ്പിച്ച ഷബ്നം, താൻ രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞതോടെ കൊലപാതകത്തിനായി സലിമിനൊപ്പം പദ്ധതി തയ്യാറാക്കുകയായിരുന്നു. സലിം നൽകിയ 10 ലഹരി ഗുളികകൾ ചായയിൽ കലർത്തി നൽകി വീട്ടുകാരെ ബോധരഹിതരാക്കിയ ശേഷം സലിമിനെ വിളിച്ചുവരുത്തി.
സലിം ഓരോരുത്തരുടെയും കഴുത്തറുത്ത് കൊലപ്പെടുത്തുമ്പോൾ ഷബ്നം അവർക്ക് തല പിടിച്ചു നൽകുകയായിരുന്നു. പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മാത്രം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം സലിം ആയുധം കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. 2010 ജൂലൈയിൽ ജില്ലാ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചു.
സുപ്രീം കോടതിയും രാഷ്ട്രപതിയും ദയാഹർജി തള്ളിയതോടെ ശിക്ഷ ശരിയായി. ജയിലിൽ കഴിയവെ 2008 ഡിസംബറിൽ ഷബ്നം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
ആറു വയസ്സുവരെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ പിന്നീട് ഷബ്നത്തിന്റെ സുഹൃത്ത് ദത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

