
നമുക്ക് ഓരോരുത്തർക്കും ഓരോ നിറങ്ങളായിരിക്കും ഇഷ്ടം. ചിലർക്കാവട്ടെ ചില നിറങ്ങളോട് അടങ്ങാത്ത പ്രണയം തന്നെയുണ്ടാവും. എന്നിരുന്നാലും ഇങ്ങനെയൊരു ഭ്രമമുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പറഞ്ഞു വരുന്നത് ബംഗളൂരുവിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഏജന്റായ സെവൻരാജിനെയും കുടുംബത്തേയും കുറിച്ചാണ്.
സെവൻരാജിന് ചുവപ്പ്, വെള്ള നിറങ്ങളോട് കടുത്ത ഭ്രമമാണ്. അതിനാൽ തന്നെ വീട്, ഫർണിച്ചർ, വാഹനങ്ങൾ, ധരിക്കുന്ന വസ്ത്രങ്ങൾ തുടങ്ങി സകലതും ചുവപ്പും വെള്ളയും തന്നെ. അതുകാരണം ഈ ബംഗളൂരുക്കാരൻ പ്രദേശത്തെ ഒരു സെലിബ്രിറ്റി തന്നെയാണ്. സെവൻരാജ് ജനിച്ചതും വളർന്നതും ബംഗളൂരുവിൽ തന്നെ. ഏഴാമത്തെ കുട്ടിയായത് കാരണമാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയതും. അതുകൊണ്ട് തന്നെ സെവൻരാജിന് വെള്ള, ചുവപ്പ് നിറങ്ങളോടുള്ളത് പോലെത്തന്നെ ഏഴ് എന്ന അക്കത്തോടും ഭ്രമമുണ്ട്.
തന്റെ കമ്പനിയുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ് തന്റെയീ നിറങ്ങളോടുള്ള ഭ്രമം എന്നാണ് സെവൻരാജ് പറയുന്നത്. ഒപ്പം, ഏഴ് എന്ന അക്കത്തോടുള്ള അടുപ്പം കാരണം ഏഴ് ഭാഷകളും സെവൻരാജ് പഠിച്ചു. സെവൻരാജിന്റെ വീട്ടിലുള്ള സകലതും ചുവപ്പും വെള്ളയുമാണ്. സെവൻരാജിന്റെ ഈ നിറങ്ങളോടുള്ള ഇഷ്ടത്തിനോട് കുടുംബത്തിനും പ്രത്യേകിച്ച് അഭിപ്രായവ്യത്യാസം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സെവൻരാജിന്റെ കുടുംബം ഇപ്പോൾ അറിയപ്പെടുന്നത് തന്നെ റെഡ് ആൻഡ് വൈറ്റ് കുടുംബം എന്നാണ്.
സെവൻരാജിന്റെ വണ്ടി കാണാൻ ആംബുലൻസിന്റെയോ, ഫയർ ഡിപാർട്മെന്റിന്റെ വാഹനം പോലെയോ ഒക്കെ തോന്നും. അതിലും മുഴുവനും ചുവപ്പും വെളുപ്പും തന്നെ. വണ്ടി നമ്പർ 7777. ഫോൺ നമ്പറിലുമുണ്ട് ആ അക്കങ്ങൾ. കൂടാതെ കോട്ടിന് ബട്ടൺ ഏഴ്. ഏതായാലും, ഈ പ്രകൃതം കൊണ്ടുതന്നെ വലിയ പരിഹാസങ്ങളും സെവൻരാജിന് ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. എന്നാൽ, അദ്ദേഹമോ കുടുംബമോ അതൊന്നും കാര്യമാക്കുന്നില്ല.
റിയൽ എസ്റ്റേറ്റ് ഏജൻസിക്ക് പുറമെ ഇപ്പോൾ സിനിമാ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട് സെവൻരാജ്.
വായിക്കാം: റിയൽ ലൈഫ് ഹീറോ: രോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ബോൺമാരോ ദാനം ചെയ്ത് ഡോക്ടർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 8, 2023, 2:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]