രാജ്യത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വരുന്ന നവംബറിൽ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ഇതിനു മുൻപ് ഇന്ധന വില വർധന നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് ലഭിക്കുന്ന മികച്ച അവസരമാണ് നവംബറെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2027ന്റെ തുടക്കത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനു മുൻപ് എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാരിനുള്ള അവസാന അവസരമാണ് നവംബറിലെന്നു ഓക്സ്ഫഡ് ഇക്കണോമിക്സിലെ ലീഡ് ഇക്കണോമിസ്റ്റ് ഹെർമൻ പ്രസാദ് വ്യക്തമാക്കി. ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 2027ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് അയൽരാജ്യങ്ങളെല്ലാം എണ്ണവില വർധിപ്പിച്ചെങ്കിലും ഇന്ത്യയിൽ തുടക്കത്തിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ മെയ് മാസത്തിൽ 7.5 ശതമാനം വില വർധിപ്പിച്ചിരുന്നു.
ഇക്കുറി അത്രയും വലിയ വർധനയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പകരം 3 ശതമാനം വരെ വില വർധിപ്പിക്കാനാണ് സാധ്യത.
രാജ്യാന്തര ക്രൂഡോയിൽ വില അഞ്ചു മാസത്തെ ഉയർന്ന നിലയായ ബാരലിന് 110 ഡോളറിലേക്കെത്തിയതും സർക്കാർ പരിഗണിച്ചേക്കും. ഇതിനുപുറമെ, രാജ്യത്തെ എണ്ണക്കമ്പനികൾ നേരിടുന്ന കനത്ത നഷ്ടവും കേന്ദ്രം മുഖവിലക്കെടുക്കുമെന്നാണ് കരുതുന്നത്.
സാമ്പത്തിക സ്ഥാപനമായ ജെഫ്രീസിന്റെ കണക്കു പ്രകാരം ഒരു ലിറ്റർ പെട്രോളിന് 26 രൂപയും ഡീസലിന് 30 രൂപയുമാണ് എണ്ണക്കമ്പനികളുടെ നഷ്ടം. ക്രൂഡോയിൽ വിലയും കടത്തുകൂലിയും ഒരുമിച്ചു കൂടിയതാണ് ഈ നഷ്ടം വർധിക്കാൻ പ്രധാന കാരണം.
ഇന്ത്യൻ കമ്പനികൾ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന ശരാശരി വിലയായ ‘ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ്’ ഒക്ടോബറിൽ ഈ സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ് ഒക്ടോബറിൽ 122.01 ഡോളറിലാണ്.
സെപ്റ്റംബറിൽ ഇത് 116.09 ഡോളറും ഓഗസ്റ്റിൽ 90.19 ഡോളറുമായിരുന്നു. കേന്ദ്രസർക്കാർ എണ്ണവില വർധിപ്പിച്ച മെയ് മാസത്തിൽ ഇത് 106.23 ഡോളറായിരുന്നു.
ചില സ്വകാര്യ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ ചില്ലറ വില വർധിപ്പിച്ചതും കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിച്ചേക്കാം. അതേസമയം, നവംബറിൽ കേന്ദ്രസർക്കാർ എണ്ണവില കൂട്ടാൻ തീരുമാനിച്ചാൽ അത് രാജ്യത്തെ പണപ്പെരുപ്പത്തെയും സാരമായി ബാധിക്കും.
ആർബിഐയുടെ സഹന പരിധിയായ 6 ശതമാനവും കടന്നു പണപ്പെരുപ്പം കുതിച്ചുയരുമെന്നാണ് ഹെർമൻ പ്രസാദിന്റെ വിലയിരുത്തൽ. ഡിസംബറിൽ അവസാനിക്കുന്ന മൂന്നാം പാദത്തിൽ പണപ്പെരുപ്പം 6.2 ശതമാനമാകും.
2027ന്റെ ആദ്യ ത്രൈമാസത്തിൽ ഇത് 6.5 ശതമാനമായും വർധിക്കും. പണപ്പെരുപ്പം 4 ശതമാനത്തിനുള്ളിൽ നിർത്താനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
എങ്കിലും 6 ശതമാനം വരെ ആയാൽ കാര്യമായ പ്രശ്നങ്ങളില്ല. എന്നാൽ ഇതിലും കൂടിയാൽ അടിസ്ഥാന പലിശ നിരക്ക് വർധന ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ആർബിഐക്ക് കടക്കേണ്ടി വരും.
നിലവിലെ സാഹചര്യത്തിൽ ഡിസംബർ, ഫെബ്രുവരി മാസങ്ങളിലെ യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കൂട്ടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാല് വർഷത്തിനു ശേഷമാണ് ഈ മാസം 0.25 ശതമാനം റിപ്പോ നിരക്ക് കൂട്ടാൻ ആർബിഐ തീരുമാനിച്ചത്.
വീണ്ടും പലിശ നിരക്കുകൾ ഉയർത്താൻ തീരുമാനിച്ചാൽ അത് വ്യക്തിഗത, ബിസിനസ് വായ്പക്കാർക്ക് കനത്ത തിരിച്ചടിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

