
മുംബൈ: ദ കശ്മീര്‍ ഫയല്‍ സംവിധായകന്റെ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം വാക്സിന് വാര് റിലീസ് ചെയ്ത് ഒന്‍പതാം നാള് തീയറ്റര്‍ വിടുന്ന അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിവസം മുതല്‍ തന്നെ ബോക്സ് ഓഫീസിൽ വാക്സിന് വാറിന് കാര്യമായ കളക്ഷന്‍ കിട്ടിയിരുന്നില്ല. ആദ്യത്തെ രണ്ട് ദിനത്തില്‍ ഇന്ത്യയിലെ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി കടന്നില്ലെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ വ്യക്തമാക്കിയത്.
സെപ്തംബർ 28 ന് ‘ഫുക്രി 3’ക്കൊപ്പം റിലീസ് ചെയ്ത ചിത്രം ഒക്ടോബർ ആറിന്, അതായത് 9-ാം ദിവസം ചിത്രം കളക്ഷൻ നേടിയത് വെറും 20 ലക്ഷം രൂപയാണ് എന്നാണ് വിവരം. 8.80 കോടി രൂപയാണ് ചിത്രത്തിന് ആകെ ലഭിച്ച കളക്ഷന്‍ ചിത്രത്തിന് 10 കോടിയില്‍ ഏറെ മുടക്കുമുതല്‍ ഉണ്ടെന്നാണ് വിവരം.
അക്ഷയ് കുമാറിന്റെ ‘മിഷൻ റാണിഗഞ്ച്’, ഭൂമി പെഡ്നേക്കര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ‘താങ്ക് യു ഫോർ കമിംഗ്, തുടങ്ങിയ റിലീസുകളും വെള്ളിയാഴ്ച എത്തിയതോടെ ചിത്രം പ്രദര്‍ശനം ഏതാണ്ട് അവസാനിച്ചുവെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം കഴിഞ്ഞ ഒക്ടോബര്‍ 5ന് രാജസ്ഥാനിലെ ഉദയ്പൂരിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
“ദി വാക്സിൻ വാർ’ എന്ന സിനിമ ഇറങ്ങിയതായി അറിഞ്ഞു. ഇന്ത്യ കോവിഡ്-19 നെ നേരിട്ട സമയത്ത് നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞർ രാവും പകലും കഠിനാധ്വാനം ചെയ്തു. ഈ കാര്യങ്ങളൊക്കെ ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ഈ സിനിമ നിർമ്മിച്ചതിലൂടെ ശാസ്ത്രജ്ഞർക്കും ശാസ്ത്രത്തിനും പ്രാധാന്യം നൽകിയതിന് ഈ സിനിമയുടെ നിർമ്മാതാക്കളെ ഞാൻ അഭിനന്ദിക്കുന്നു” പ്രധാനമന്ത്രി മോദി ഉദയ്പൂരിലെ റാലിയില്‍ പറഞ്ഞു.
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് വിവേക് അഗ്നിഹോത്രിയും രംഗത്ത് എത്തിയിരുന്നു. കൊവിഡ് മഹാമാരികാലത്ത് ഇന്ത്യ കോവിഡ് -19 വാക്സിൻ കോവാക്സിൻ വികസിപ്പിച്ചെടുത്തത് എങ്ങനെ എന്നതും, അതില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരുടെയും കഥയാണ് വാക്സിന് വാര് പറയുന്നത്. വാക്സിൻ വാർ ഇന്ത്യയിലെ ആദ്യത്തെ ‘ബയോ സയൻസ്’ സിനിമയാണ് എന്നാണ് സംവിധായകനും അണിയറക്കാരും അവകാശപ്പെടുന്നത്. ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
Last Updated Oct 7, 2023, 8:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]