കുട്ടനാട്ടിലെ പ്രധാന ഗതാഗത പാതയായ ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ റോഡ് ഉയർത്തി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയിലാണ് വലിയ തോതിലുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ രൂപരേഖ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാറ്റം വരുത്തിയതാണ് ക്രമക്കേടുകൾക്ക് കാരണമായതെന്നാണ് പ്രധാന കണ്ടെത്തൽ.
പ്രസിദ്ധമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെട്ട കൺസോർഷ്യമാണ് ഈ റോഡ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്.
പ്രളയക്കെടുതിക്ക് പിന്നാലെ ആരംഭിച്ച നവീകരണ ജോലികളുടെ ഉദ്ഘാടനം നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് നടന്നത്. പാലങ്ങളുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട
രൂപകൽപനയിൽ വരുത്തിയ മാറ്റങ്ങൾ കരാറുകാർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തതായി സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മതിയായ സാങ്കേതിക വിശദീകരണങ്ങളോ താരതമ്യ വിശകലനങ്ങളോ ഇല്ലാതെയണ് രൂപരേഖയിലെ നിർണ്ണായക മാറ്റങ്ങൾ അംഗീകരിച്ചത്.
ഇത് വഴി കരാറുകാർക്ക് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യമാണ് ലഭിച്ചത്. കൂടാതെ, കരാറുകാർക്ക് പണം അനുവദിക്കുന്നതിന്റെ ഘട്ടങ്ങൾ പുനഃക്രമീകരിച്ചതിലൂടെ 333 മുതൽ 911 ദിവസം വരെ മുൻകൂട്ടി പണം നൽകിയതായും കണ്ടെത്തലുണ്ട്.
മണ്ണുപണികൾ, നിലം ഉയർത്തൽ തുടങ്ങിയ പ്രവൃത്തികളുടെ പണം നൽകുന്ന ഘട്ടങ്ങളിൽ മാറ്റം വരുത്തിയത് വഴി കരാറുകാർക്ക് 28.22 കോടി രൂപ അധികമായി ലഭിച്ചതായും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

