കാസർകോട് ജില്ലയിലെ വനം ഡിവിഷനു കീഴിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പാട്ടത്തിനു നൽകിയ വനഭൂമിയിൽ ഗുരുതരമായ ചട്ടലംഘനങ്ങളും കയ്യേറ്റങ്ങളും നടന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. അനുവദനീയമായ വ്യവസ്ഥകൾ മറികടന്ന് ഭൂമി മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും സർക്കാരിലേക്ക് കോടികളുടെ കുടിശിക ഒടുക്കാനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 വരെയുള്ള കാലയളവിൽ 21.37 കോടി രൂപയാണ് പ്ലാന്റേഷൻ കോർപറേഷൻ പാട്ടത്തുകയായി മാത്രം സർക്കാരിലേക്ക് നൽകാനുള്ളത്. പനത്തടിയും പൈനിക്കര ആർ.എഫും ഉൾപ്പെടുന്ന 1522.91 ഹെക്ടർ വനഭൂമിയാണ് കശുവണ്ടി കൃഷിക്കായി കേരള പ്ലാന്റേഷൻ കോർപറേഷന് പാട്ട
വ്യവസ്ഥയിൽ കൈമാറിയിരുന്നത്. എന്നാൽ, പാട്ടക്കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് 2008ൽ യാതൊരു അനുമതിയും ഇല്ലാതെ ഇവിടെയുണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റി റബർ കൃഷി വ്യാപിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവിധ തുകകളും പിഴകളും അടക്കം കോടികളുടെ ബാധ്യതയാണ് നിലവിലുള്ളത്.
മാത്രമല്ല, 2012ൽ തന്നെ പാട്ടക്കാലാവധി അവസാനിച്ച ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനോ പാട്ടം പുതുക്കിനൽകുന്നതിനോ ഉള്ള നടപടികൾ വഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കമുകു കൃഷി അടക്കമുള്ള ആവശ്യങ്ങൾക്കായി വിവിധ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയ ഭൂമികളിലും സമാനമായ നിയമലംഘനങ്ങൾ നടന്നിട്ടുണ്ട്.
ചട്ടങ്ങൾക്ക് വിരുദ്ധമായി ഈ ഭൂമി പലതും സബ്-ലീസ് ചെയ്യപ്പെട്ടതായും അനധികൃത നിർമാണങ്ങളും കയ്യേറ്റങ്ങളും വ്യാപകമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി തിരിച്ചുപിടിക്കാൻ വൈകിയതിനെ തുടർന്ന് ചില കേസുകൾ ഇപ്പോൾ കോടതികളുടെ പരിഗണനയിലാണ്.
കാറഡുക്ക, മുളിയാർ, അഡൂർ എന്നീ വില്ലേജുകളിലും സ്വകാര്യ വ്യക്തികൾക്ക് വനഭൂമി പാട്ടത്തിന് നൽകിയിട്ടുണ്ടെന്നാണ് രേഖകളിൽ ഉള്ളത്. ഈ ഭൂമികളുടെയെല്ലാം പാട്ടക്കാലാവധി പൂർത്തിയായിട്ടുണ്ടെങ്കിലും അവ പൂർണമായും തിരിച്ചുപിടിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ചില കേസുകൾ നിലനിൽക്കുന്നുണ്ട്.
ഇതിൽ മൂന്ന് കേസുകളിൽ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴികെയുള്ള ബാക്കി ഭൂമി വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. പഴയ കാലത്തെ വളരെ തുച്ഛമായ പാട്ടത്തുക നിരക്കുകൾ തന്നെയാണ് ഇപ്പഴും തുടരുന്നത്.
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും കൃത്യമായ സർവേ നടപടികൾ പൂർത്തിയാക്കുന്നതിനും കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പല സർവേകളും തുടർനടടികളും ഇനിയും പൂർണതയിലെത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

