വോട്ട് ചോരി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്നും സംഘർഷാവസ്ഥ തുടരുമെന്ന് റിപ്പോർട്ട്. രാവിലെ പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസ് തടയുന്ന ഇടങ്ങളിൽ തന്നെ സമരം തുടരുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ഈ പ്രതിസന്ധിയെ കേന്ദ്രസർക്കാർ എത്തരത്തിൽ നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനങ്ങളും ഉറ്റുനോക്കുന്നത്.
ഇതിനിടെ, നാളെ ഇന്ത്യാ സഖ്യം വൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെയാണെന്നതു സംബന്ധിച്ച് പൊലീസ് ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഏത് ഏജൻസിയാണ് തങ്ങളെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് പോലും യാതൊരു വിവരവുമില്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. പ്രധാന നേതാക്കളായ അഭിജിത്, സൗരവ്, അശുതോഷ് എന്നിവരെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ നേതൃത്വം ദില്ലി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
യുവജന പ്രതിഷേധത്തിനിടെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടായെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുന്നതിനായി ഞായറാഴ്ച അവധി ദിനമായിട്ടും സുപ്രീംകോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുന്നുണ്ട്. ദില്ലിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന മുൻ ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് അഭിഭാഷകൻ ശൈലേന്ദ്രമണി ത്രിപാഠിയാണ് ഹർജി സമർപ്പിച്ചത്.
സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി മേനകാ ഗുരുസ്വാമി സമർപ്പിച്ച ഹർജിയും കോടതി ഇതോടൊപ്പം പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

