
ടെൽ അവീവ്: ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറിൽ തന്നെ കഴിയുന്നതിനാണ് നിർദ്ദേശം ലഭിച്ചതെന്നും മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള നിർദ്ദേശം.
സാഹചര്യം സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതിയും സ്ഥിരീകരിച്ചു. ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു.
സംഘർഷ മേഖലയിലുള്ളവർ ഏറെ കരുതലോടെ കഴിയണം. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. സുരക്ഷിത സ്ഥാനത്ത് തുടരണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഇമെയിലും നിർദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളമടക്കം വിവിധ ഇന്ത്യൻ ഭാഷകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രായേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇസ്രായേൽ ഹമാസ് സംഘർഷം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കേന്ദ്രസർക്കാർ. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും.
ആക്രമണത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. യുകെ, ഫ്രാൻസ്, ജര്‍മ്മനി, സ്പെയിൻ അടക്കം രാജ്യങ്ങൾ ആക്രരമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി.
അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ആക്രമണത്തിൽ 22 പേര് മരിച്ചുവെന്നും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും. യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആളുകൾക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായെന്ന് ഇസ്രയേൽ അറിയിച്ചു.
ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളെ എല്ലാം ഇന്ന് ഉണർത്തിയത് നിലയ്ക്കാത്ത മുന്നറിയിപ്പ് സൈറണായിരുന്നു. അടിയന്തിര ഉന്നത തല യോഗം ചേർന്ന ഇസ്രയേൽ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. അൽ അഖ്സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം.
Last Updated Oct 7, 2023, 6:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]