യൂട്യൂബ് ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ കടന്നുവരുന്ന പരസ്യങ്ങൾ പലപ്പോഴും ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാകാറുണ്ട്. പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാത്തവർക്ക് പരസ്യങ്ങളുടെ ശല്യം ഒഴിവാക്കാൻ ബ്രേവ് (Brave) ബ്രൗസറിലെ ചില പ്രത്യേക ക്രമീകരണങ്ങൾ സഹായകരമാകും.
പരസ്യങ്ങൾ തടയുന്നതിനൊപ്പം യൂട്യൂബ് അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ഈ രഹസ്യ ഫീച്ചറുകൾ മാറ്റിയെടുക്കാവുന്നതാണ്. പരസ്യങ്ങൾ പരമാവധി ഒഴിവാക്കാനായി Settings > Brave Shields & privacy > Block trackers & ads എന്ന വിഭാഗത്തിൽ ചെന്ന് ഷീൽഡ് ക്രമീകരണം Aggressive ആയി മാറ്റാവുന്നതാണ്.
ഇത് വഴി ഒട്ടുമിക്ക ട്രാക്കറുകളും പരസ്യങ്ങളുമായി ബന്ധപ്പെട്ട സ്ക്രിപ്റ്റുകളും തടയാൻ സാധിക്കും.
പ്രീ-റോൾ, മിഡ്-റോൾ പരസ്യങ്ങളെല്ലാം ഇതിലൂടെ ഒഴിവാക്കാൻ കഴിയും. പരസ്യങ്ങൾക്ക് പുറമെ യൂട്യൂബിലെ മറ്റ് അനാവശ്യ ഫീച്ചറുകളും ഒഴിവാക്കാൻ സാധിക്കും.
Content Filters മെനുവിൽ പ്രവേശിച്ച് Fanboy’s Annoyances + uBO Annoyances പ്രവർത്തനക്ഷമമാക്കുക വഴി സോഷ്യൽ മീഡിയ വിഡ്ജറ്റുകളും അനാവശ്യ ബാനറുകളും നീക്കം ചെയ്യാം. കൂടാതെ യൂട്യൂബ് ഷോർട്ട്സ്, പ്ലേയബിൾസ്, ഓട്ടോഡബ്ഡ് വീഡിയോകൾ, മെമ്പേഴ്സ് ഒൺലി വീഡിയോകൾ എന്നിവയും ഇതിലൂടെ ബ്ലോക്ക് ചെയ്യാവുന്നതാണ്.
ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബ് ലിങ്കുകൾ നേരിട്ട് ബ്രേവിൽ തുറക്കാനായി Settings > Media എന്ന വിഭാഗത്തിൽ പോയി Open YouTube links in Brave എന്ന ഓപ്ഷൻ എനേബിൾ ചെയ്യുക. ആപ്പ് മാറുമ്പോഴും വീഡിയോ പ്ലേ ആയിക്കൊണ്ടിരിക്കാൻ Background Play ഫീച്ചറും ഇവിടെ നിന്നും പ്രവർത്തനക്ഷമമാക്കാവുന്നതാണ്.
ഫോൺ സെറ്റിങ്സിൽ Apps > YouTube > Open by default എന്ന ഓപ്ഷനിൽ ചെന്ന് സപ്പോർട്ടഡ് ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കിയാൽ യൂട്യൂബ് ലിങ്കുകൾ മുഴുവൻ ബ്രേവ് ബ്രൗസറിലേക്ക് മാറ്റാൻ സാധിക്കും. ഈ ക്രമീകരണങ്ങൾ വഴി ഉപയോക്താക്കൾക്ക് പരസ്യരഹിതമായി യൂട്യൂബ് ആസ്വദിക്കുന്നതിനൊപ്പം ഡാറ്റയും ബാറ്ററിയും ലാഭിക്കാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

