അമേരിക്കയിലെ കർഷകർ നിലവിൽ സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധയിലൂടെയാണ് കടന്നുപോകുന്നത്. കൃഷിയിടങ്ങളുടെ ദൈനംദിന നടത്തിപ്പിനും ഉൽപ്പാദനത്തിനുമായി രാജ്യത്തെ കർഷകർ എടുത്ത വായ്പ മുൻപത്തെ എല്ലാ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണ്.
എന്നാൽ, ഔദ്യോഗിക കണക്കുകളിൽ കാണിച്ചിട്ടുള്ളതിനേക്കാൾ വളരെ ഭയപ്പെടുത്തുന്നതാണ് യഥാർത്ഥ കടബാധ്യതയുടെ വ്യാപ്തിയെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരമ്പരാഗത ബാങ്കുകൾക്ക് പുറമെ, സ്വകാര്യ കമ്പനികൾ, കർഷക സഹകരണ സംഘങ്ങൾ, യന്ത്രസാമഗ്രി നിർമ്മാതാക്കൾ, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും കർഷകർ വ്യാപകമായി പണം കടമെടുക്കുന്നുണ്ട്.
എന്നാൽ ഈ വിവരങ്ങളിൽ പലതും സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. യുഎസ് കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആകെ കാർഷിക കടം 2000-ൽ 300 ബില്യൺ ഡോളറായിരുന്നത് ഈ വർഷം 605 ബില്യൺ ഡോളറിലധികമായി (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) ഉയർന്നിട്ടുണ്ട്.
ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ പ്രതീക്ഷിച്ച വില ലഭിക്കാത്തതും, വളം, വിത്ത് എന്നിവയുടെ വിലക്കയറ്റവും കർഷകരുടെ ലാഭം കുത്തനെ കുറച്ചു.
ഇതിനുപുറമെ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങളും അമേരിക്കൻ കാർഷിക കയറ്റുമതിയെ സാരമായി ബാധിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങൾ കാരണം ഇന്ധനത്തിനും വളത്തിനും വില കുത്തനെ കൂടിയതും കർഷകർക്ക് വലിയ തിരിച്ചടിയായി മാറി.
അമേരിക്കയിലെ ദക്ഷിണ-മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ വൻകിട കർഷകരുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഭൂരിഭാഗം കർഷകർക്കും 7 മുതൽ 10 വരെ വ്യത്യസ്ത വായ്പാ അക്കൗണ്ടുകൾ നിലവിലുണ്ട്. ചില കർഷകർക്ക് ഇത് 30-ൽ അധികമാണ്.
ഐയോവയിലെ ഒരു കർഷക കുടുംബത്തിന് മാത്രം 42 വായ്പാ അക്കൗണ്ടുകളാണുള്ളത്. ട്രാക്ടറുകളോ മറ്റ് പുതിയ യന്ത്രങ്ങളോ വാങ്ങുമ്പോഴും ലീസിനെടുക്കുമ്പോഴും ഡീലർമാർ ഓരോന്നിനും വെവ്വേറെ ക്രെഡിറ്റ് അക്കൗണ്ടുകൾ നിർബന്ധമാക്കുന്നതാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്.
ഈ ഗുരുതരമായ പ്രതിസന്ധി അമേരിക്കയുടെ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധരും അധികൃതരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

