മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യാ സഖ്യം. തലസ്ഥാന നഗരിയായ ഡൽഹിയിൽ നാളെയും പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സന്നിഹിതരാകാൻ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നാളത്തെ പ്രതിഷേധ മാർച്ച് രാഷ്ട്രപതി ഭവനിലേക്കായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടയിൽ, ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാജ്ഘട്ടാണ് സമരകേന്ദ്രമായി തിരഞ്ഞെടുത്തത്. ഡല്ഹി കൊണാട്ട് പ്ലേസിലെ ഒരു റസ്റ്റോറന്റിൽ നിന്ന് പ്രത്യേക തയ്യാറാക്കിയ മൂന്ന് ബസുകളിലായാണ് എംപിമാർ യാത്ര തിരിച്ചത്.
രാജ്ഘട്ട് വരെയുള്ള യാത്രാമധ്യേ ഇത്തവണ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടായില്ല. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ എംപിമാരുടെ ബസുകൾക്കൊപ്പം നടന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്ഘട്ടിൽ എത്തിയ സംഘം ഗാന്ധി സമാധിയിൽ പുഷ്പാർച്ചന അർപ്പിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. തികഞ്ഞ ശാന്തത അന്തരീക്ഷത്തിൽ പ്രകടമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെയുള്ള കനത്ത കേന്ദ്രസേന വിന്യാസവും ഇത്തവണ ഉണ്ടായിരുന്നില്ല. രാജ്ഘട്ടിൽ ചടങ്ങുകൾ പൂർത്തിയാക്കി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വന്തം വാഹനങ്ങളിലാണ് അവിടെനിന്നും മടങ്ങിയത്.
എങ്കിലും സർക്കാരിനെതിരെയുള്ള പ്രതിഷേധം ഇവിടെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എംപിമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. വരും മണിക്കൂറുകളിലും രാജ്യവ്യാപകമായി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ടാകും.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

