ഷൊർണൂർ റെയിൽവേ ജംക്ഷൻ സ്റ്റേഷനിൽ ദീർഘകാലമായി കുന്നുകൂടിക്കിടന്നിരുന്ന പഴകിയ കോച്ചുകൾ ലേലം ചെയ്ത് ഒഴിവാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെയും യാത്രാസൗകര്യങ്ങൾ ആധുനികവൽകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞ 4 മാസത്തിനുള്ളിൽ മാത്രം യാഡിൽ സൂക്ഷിച്ചിരുന്ന 35 കോച്ചുകൾ ആണ് റെയിൽവേ ലേലത്തിലൂടെ നീക്കം ചെയ്തത്. 20 മുതൽ 25 വർഷംവരെ പഴക്കമുള്ള കോച്ചുകളാണ് സാധാരണയായി ഘട്ടംഘട്ടമായി സർവീസിൽനിന്നു പിൻവലിക്കാറുള്ളത്.
ഇത്തരത്തിൽ കാലാവധി പൂർത്തിയാക്കുന്ന കോച്ചുകൾ ഷൊർണൂർ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലെ യാഡുകളിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും റെയിൽവേയുടെ ഭൂമി തിരിച്ചുപിടിക്കുന്നതിനുമാണ് ഇപ്പോൾ ഇവ വ്യാപകമായി ലേലം ചെയ്യുന്നത്.
ലഭ്യമായ വിവരമനുസരിച്ച് കോച്ചൊന്നിന് 5 ലക്ഷത്തിലധികം രൂപയ്ക്കാണ് കരാറുകാർ ലേലത്തിൽ എടുത്തത്. ലേല നടപടികൾ പൂർത്തിയായതിനു പിന്നാലെ കരാറുകാരുടെ നേതൃത്വത്തിൽ കോച്ചുകൾ ശാസ്ത്രീയമായി പൊളിച്ചുനീക്കുകയാണു ചെയ്യുന്നത്.
പൊളിച്ചുമാറ്റുന്ന കോച്ചുകളിലെ ലോഹാവശിഷ്ടങ്ങൾ കൃത്യമായ രീതിയിൽ തരംതിരിച്ചാണ് കൊണ്ടുപോകുന്നത്. ഇരുമ്പ്, ഫൈബർ, പ്ലാസ്റ്റിക്, അലുമിനിയം തുടങ്ങിയ വസ്തുക്കൾ പ്രത്യേകം വേർതിരിക്കുന്നുണ്ട്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലും റെയിൽവേയുടെ സുരക്ഷാചട്ടങ്ങൾ കർശനമായി പാലിച്ചുമാണ് ഈ ജോലികൾ പുരോഗമിക്കുന്നത്. ഷൊർണൂർ യാഡിൽ അവശേഷിക്കുന്ന പഴയ കോച്ചുകൾകൂടി വരുംദിവസങ്ങളിൽ ലേലം ചെയ്ത് നീക്കാൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

